പതിനായിരത്തിൽപ്പരം അടുക്കളത്തോട്ടങ്ങളുമായി ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ല

കാഞ്ഞിരപ്പള്ളി: മഹിളകൾ നാടിന്റെ സമ്പത്താണെന്നും അവർ ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ സമൂഹത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്നും കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളും ഇൻഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല സഹരക്ഷാധികാരിയുമായ ഫാ. ജോസഫ് വെള്ളമറ്റം. ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ലയുടെ ലോറേഞ്ച് മേഖല വനിതാദിനാചരണം പൊടിമറ്റം സെന്റ് മേരീസ് പാരിഷ്ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സമൂഹ നിര്‍മിതിയില്‍ സ്ത്രീകളുടെ പങ്ക് വളരെ വലുതാണ്. അവരാണ് മക്കളെ വളര്‍ത്തി ഉത്തമ പൗരന്മാരായി രാഷ്ട്രത്തിന് നല്‍കുന്നത്. സംഘടനാംഗങ്ങളായ സ്ത്രീകളുടെ ശാക്തീകരണത്തിനും പ്രോത്സാഹനത്തിനുമായി ഇന്‍ഫാം മഹിളാ സമാജ് എന്നപേരില്‍ വനിതാ വിംഗ് രൂപീകരിച്ചത് അഭിനന്ദനാര്‍ഹമാണെന്നും ഫാ. ജോസഫ് വെള്ളമറ്റം കൂട്ടിച്ചേര്‍ത്തു.

മണ്ണിനെ പുഷ്ടിപ്പെടുത്താന് ഡോളോമൈറ്റും ജൈവ വളങ്ങളും, മനസിനെ സന്തോഷിപ്പിക്കാൻ സ്വർണ സമ്മാനങ്ങളും നൽകി പതിനായിരത്തിൽപ്പരം അടുക്കളത്തോട്ടങ്ങള്‍ ഇൻഫാം മഹിളാസമാജിന്റെ നേതൃത്വത്തിൽ ആരംഭിക്കുമെന്ന് യോഗത്തിൽ അധ്യക്ഷതവഹിച്ച ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ പറഞ്ഞു. അടുക്കളത്തോട്ടത്തിലെ പിഎച്ച് ക്രമീകരിക്കുന്നതിനായി ഡോളോമൈറ്റും കീടനിയന്ത്രണത്തിന് വേപ്പെണ്ണയും ജൈവ വളവമായി വേപ്പിന്‍ പിണ്ണാക്കും ചാണകപ്പൊടിയും 50 ശതമാനം സബ്‌സിഡിയോടുകൂടി ഓരോ ഇന്‍ഫാം കുടുംബത്തിനും നല്‍കും. അടുത്തവര്‍ഷത്തെ വനിതാ ദിനാചരണത്തില്‍ മികച്ച അടുക്കളത്തോട്ടത്തിന് കാര്‍ഷികജില്ല അടിസ്ഥാനത്തില്‍ ഇന്‍ഫാം മഹിളാ രത്‌ന അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഒരു പവന്‍, മുക്കാല്‍ പവന്‍, അര പവന്‍, കാല്‍ പവന്‍ സ്വര്‍ണം വീതം സമ്മാനം നല്‍കുമെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു.

ഇന്‍ഫാം കാര്‍ഷികജില്ല ജോയിന്റ് ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍, വെളിച്ചിയാനി കാര്‍ഷികതാലൂക്ക് ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, ആന്‍സി സാജു കൊച്ചുവീട്ടില്‍, പ്രഫ. സാലിക്കുട്ടി തോമസ്, കാര്‍ഷികജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, കാര്‍ഷികജില്ല സെക്രട്ടറി തോമസുകുട്ടി വാരണത്ത്, വെളിച്ചിയാനി കാര്‍ഷികതാലൂക്ക് പ്രസിഡന്റ് ഷാബോച്ചന്‍ മുളങ്ങാശ്ശേരില്‍ എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ വനിതകളുടെ വിവിധ കലാപരിപാടികളും നടന്നു. പെരുവന്താനം, മുണ്ടക്കയം, വെളിച്ചിയാനി, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, എരുമേലി, റാന്നി പത്തനംതിട്ട കാര്‍ഷിക താലൂക്കുകളില്‍ നിന്നുള്ള വനിതകള്‍ യോഗത്തില്‍ പങ്കെടുത്തു.
ഇന്‍ഫാം കര്‍ഷക കുടുംബത്തിലെ വനിതകളെ ഷാള്‍ അണിയിച്ചും സമ്മാനങ്ങള്‍ നല്‍കിയുമാണ് ഇന്‍ഫാം ആദരിച്ചത്.

error: Content is protected !!