കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജിന്റെ ‘ഓർമ്മച്ചെപ്പ്’ ‘ പ്രകാശനം ചെയ്തു
കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജിന്റെ ഡയമണ്ട് ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ‘ഓർമ്മച്ചെപ്പ്’ ‘( സ്‌മരണിക) ന്റെ പ്രകാശനം കാഞ്ഞിരപ്പള്ളി രൂപതാ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ കത്തീഡ്രൽ കോൺഫറൻസ് ഹാളിൽ വച്ച് നിർവ്വഹിച്ചു. അതോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥി ലൈഫ് മെമ്പർഷിപ്പ് സർട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ സീമോൻ തോമസും നിർവ്വഹിച്ചു.
യോഗത്തിൽ കോളജ് മാനേജർ ഫാ. കുര്യൻ താമരശ്ശേരി, മുൻ മാനേജർ മോൺസിഞ്ഞോർ ഫാ. ജോർജ് ആലുങ്കൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് മാത്യു ചാക്കോ വെട്ടിയാങ്കൽ സ്വാഗതവും ചീഫ് എഡിറ്റർ മേഴ്സിക്കുട്ടി എബ്രാഹം കൃതജ്ഞതയും അർപ്പിച്ചു.
6-പതിറ്റാണ്ട് മുമ്പ് മലയോര മേഖലയുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റാൻ ഉദയം ചെയ്ത ഈ കലാലയം പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും പ്രഭ മങ്ങാതെ നിലകൊള്ളുന്നുവെന്ന് ബിഷപ്പ് മാർ മാത്യു അറയ്ക്കൽ അഭിപ്രായപ്പെട്ടു. പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വാദ്ധ്യാപകരുടേയും ഓർമ്മകൾ പങ്കുവയ്ക്കുന്ന ഈ സ്മരണിക വളരെ ഈടുറ്റ ലേഖനങ്ങളാലും കഥകളാലും ചരിത്ര സംഭവങ്ങളാലും സമ്പുഷ്ടമാണ്. സ്‌മരണികയുടെ ആദ്യ പ്രതി പൂർവവിദ്യാർത്ഥി തോമസ് കെ മൈക്കിൾ കരിപ്പാപ്പറമ്പിൽ , മാർ മാത്യു അറയ്ക്കലിൽ നിന്നും ഏറ്റുവാങ്ങി.
സെക്രട്ടറി റോബർട്ട് ബി. മൈക്കിൾ, ട്രഷറർ എബ്രാഹം എം. മടുക്കക്കുഴി, ഓഫീസ് സെക്രട്ടറി ഇ. ജെ ജോണി, കോളേജ് ബർസാർ . ഫാ. മനോജ് പാലക്കുടി, പ്രഫ. ഡോ. സി. എ തോമസ്,പി ആർ ഒ ജോജി വാളിപ്ലാക്കൽ, ഐ റ്റി കോഡിനേറ്റർ . ജയിംസ് പുളിക്കൽ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി .