മുൻ സൈനികർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമുള്ള ECHS സേവനങ്ങൾ ഇനി മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റിലും
മുണ്ടക്കയം: മുൻ സൈനികർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഇനി മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലൂടെയും എക്സ് സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ECHS) സേവനങ്ങൾ ലഭ്യമാകും. മുൻ സൈനികർക്ക് ഉയർന്ന നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആശുപത്രി ECHS പാനലിൽ ഉൾ പ്പെടുത്തുകയായിരുന്നു. ഇതോടെ, പദ്ധതി അംഗങ്ങൾക്ക് ദൂരെയുള്ള ആശുപത്രികളെ ആശ്രയിക്കാതെ മുണ്ടക്കയത്തുതന്നെ വിദഗ്ധ ചികിൽസ ലഭ്യമാക്കാൻ അവസരം സൃഷ്ടിച്ചു.
സ്കീമിന്റെ ഉദ്ഘാടനം മുൻ കോട്ടയം OIC ബ്രിഗേഡിയർ എം.ഡി. ചാക്കോ നിർവഹിച്ചു. മുണ്ടക്കയം എക്സ്സർവീസ് ലീഗ് പ്രസിഡന്റ് കെ.ടി. എബ്രഹാം അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി ആന്റണി ജോസഫ് സ്വാഗതം പറഞ്ഞു. എം.എം.ടി ആശുപത്രി ഡയറക്ടർ ഫാദർ സോജി തോമസ് അനുഗ്രഹപ്രഭാഷണം നിർവഹിച്ചു.
ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഫാ. ദീപു പുത്തൻപുരയ്ക്കൽ, അഡ്വ. വി.ടി. ചാക്കോ, ക്യാപ്റ്റൻ റോബർട്ട്, എൻ.ടി. ചെറിയാൻ, ജോസ് ജോസഫ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. മുണ്ടക്കയം എക്സ്സർവീസ് ലീഗ് യൂണിറ്റിലെ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.