വയനാടിനായി മീൻ വിറ്റ് ഡിവൈഎഫ്ഐ ; ഏറ്റെടുത്ത് നാട്ടുകാരും..
പൊൻകുന്നം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം കണ്ടെത്തി നൽകാൻ മീൻ കച്ചവടം നടത്തി ഡി.വൈ.എഫ്.ഐ. വയനാട്ടിലെ ദുരിതബാധിതർക്കായി വീട് നിർമ്മിച്ച് നൽകുന്ന പദ്ധതിയുടെ ഭാഗമായാണ് മീൻ കച്ചവടം നടത്തിയത്.
ഡി.വൈ.എഫ്.ഐ. പൊൻകുന്നം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നം ടൗണിലാണ് കച്ചവടം നടത്തിയത്.
യൂത്ത് ബ്രിഗേഡ് ആവേശത്തോടെ മീൻ കച്ചവടം ഏറ്റെടുത്തപ്പോൾ യുവാക്കൾക്ക് പിന്തുണയായി നാട്ടുകാരും ഒപ്പമെത്തി.രാഷ്ട്രീയ ഭേദമെന്യേ ആളുകൾ ഡി.വൈ.എഫ്.ഐയുടെ ഉദ്യമത്തോടെ ചേർന്നു.ഒരു കിലോ മീൻ വാങ്ങിയ ശേഷം ബാക്കി തുകപോലും തിരികെ വാങ്ങാതെ 500 രൂപ വരെ നൽകിയവരുമുണ്ട്.സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.ഗിരീഷ്.എസ്.നായർ ആദ്യവില്പന നടത്തി.
ലോക്കൽ സെക്രട്ടറി കെ.കെ.സന്തോഷ് കുമാർ, ഡി.വൈ.എഫ്.ഐ വാഴൂർ ബ്ലോക്ക് പ്രസിഡൻ്റ് എസ്.ദീപു,സെക്രട്ടറി ബി.ഗൗതം,ബ്ലോക്ക് കമ്മിറ്റിയംഗം പി.എസ്.ശ്രീജിത്ത്,മേഖല പ്രസിഡൻ്റ് പി.എം. മിഥുൻ,സെക്രട്ടറി സജ്ഞയ് വിഷ്ണു, ട്രഷറർ എ.ആർ.രാജീവ്, മേഖല കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.