ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ കുടിവെള്ളത്തിൽ രാസമാലിന്യം കണ്ടെത്തി : സമീപത്തെ കൈത കൃഷി നിർത്താൻ നോട്ടീസ്.
എരുമേലി : ടൗണിന് സമീപം ഒഴക്കനാട് വാർഡിലെ പാത്തിക്കക്കാവിൽ നീരുറവയിൽ സമീപത്തെ കൈതകൃഷിയിൽ നിന്നുള്ള രാസ മാലിന്യം കലർന്നതായി കണ്ടതിനെ തുടർന്ന് കൃഷി നിർത്തി വെയ്ക്കാൻ ഉടമയ്ക്കും കരാറുകാരനും ആരോഗ്യ വകുപ്പ് നോട്ടീസ് നൽകി. പ്രദേശത്തെ കുടുംബങ്ങൾക്ക് ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം ഇന്നലെ മുതൽ പഞ്ചായത്ത് നേതൃത്വത്തിൽ സൗജന്യമായി കുടിവെള്ള വിതരണം ആരംഭിച്ചു.
പ്രദേശത്തെ കുളത്തിലേക്ക് സമീപത്തെ കൈത തോട്ടത്തിൽ നിന്നുള്ള രാസ വളങ്ങൾ, ജൈവവളം, കീടനാശിനികൾ എന്നിവ ഒഴുക്കി വിട്ടതായും ഇവിടെ നിന്നും കുടിവെള്ളമായ നീരുറവയിലേക്ക് ഇവ ഒഴുകി എത്തിയതായും ഇന്നലെ പരിശോധനയിൽ കണ്ടതിനെ തുടർന്നാണ് കൈത കൃഷി നിർത്താൻ നോട്ടീസ് നൽകിയത്.
50 ഓളം കുടുംബങ്ങൾ കുടിവെള്ളത്തിന് ഉപയോഗിച്ചിരുന്ന ഓലിയും നീരുറവയുമാണ് മലിനപ്പെട്ടത്. ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം നാട്ടുകാർക്ക് തല്ക്കാലത്തേക്ക് ഇന്നലെ മുതൽ കുടിവെള്ള വിതരണം പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ട്. ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജിയുടെ നേതൃത്വത്തിൽ വാർഡ് അംഗം പി അനിതയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചിരുന്നു. കുടിവെള്ളമായി ഉപയോഗിക്കുന്ന നീരുറവയിൽ കടുത്ത ദുർഗന്ധം വ്യാപിച്ചതായി നാട്ടുകാർ പരാതി അറിയിച്ചതിനെ തുടർന്നായിരുന്നു പരിശോധന.
വെള്ളത്തിന്റെ സാമ്പിൾ ആരോഗ്യ വകുപ്പ് ശേഖരിച്ച് പത്തനംതിട്ട പബ്ലിക് ഹെൽത്ത് ലാബിലേക്ക് പരിശോധനയ്ക്ക് നൽകി. ഇതിന്റെ റിസൽട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി, വാർഡ് അംഗം പി അനിത, ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജി കറുകത്ര എന്നിവർ പറഞ്ഞു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സന്തോഷ് ശർമ, സജിത്ത് സദാശിവൻ, പ്രതിഭ, ഷിജാസ്, പൊതു പ്രവർത്തകനും കോൺഗ്രസ് നേതാവുമായ അനസ് ഷുക്കൂർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.