ചെറുകിട ക്ഷീരകര്‍ഷകര്‍ക്ക് കരുത്തായി മലനാട് മില്‍ക്ക്
പാറത്തോട്: കാര്‍ഷിക മേഖലയിലെ വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍, മറ്റ് ഇതര മേഖലകളില്‍ മികച്ച തൊഴില്‍ സാധ്യതയുണ്ടെന്നും സംരംഭങ്ങളും സംരംഭകരും ഉയര്‍ന്നു വരണമെന്നും കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍. മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെവാര്‍ഷിക പൊതുയോഗവും ഫാ. മാത്യു വടക്കേമുറിയില്‍ മെമ്മോറിയല്‍ അവാര്‍ഡുകളുടെ വിതരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാര്‍ഷിക സംസ്‌കാരത്തിന് തുടക്കം കുറിച്ചതാണ് മലനാടിന്റെ പ്രവര്‍ത്തനങ്ങള്‍. ക്ഷീരകര്‍ഷകര്‍ അംഗീകരിക്കപ്പെടേണ്ടവരാണെന്നും അവരെ ആദരിക്കുന്നത് അഭിനന്ദനാര്‍ഹമാണെന്നും ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ കൂട്ടിച്ചേര്‍ത്തു.
കന്നുകാലി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക് ശാസ്ത്രീയമായ അറിവും സാങ്കേതികമായ ജ്ഞാനവും നല്‍കി മൃഗസമ്പത്ത് സംരക്ഷിക്കുന്നതിനും ഗുണനിലവാരമുള്ള പാല്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും അവ ശുദ്ധിയോടെ കൈകാര്യം ചെയ്ത് ഉപഭോക്താക്കളില്‍ എത്തിച്ചുകൊണ്ട് ക്ഷീരകര്‍ഷകര്‍ക്ക് ജീവിത വിജയം നേടിക്കൊടുക്കുകയും ചെയ്യുകയാണ് മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെ ലക്ഷ്യമെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു. പാലിന് ഉയര്‍ന്ന വില നല്‍കുന്നതോടൊപ്പം കാലിത്തീറ്റയ്ക്കുള്ള സബ്‌സിഡി, കന്നുകുട്ടി പരിപാലന പദ്ധതി, കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതി, വേനല്‍ക്കാല ഇന്‍സെന്റീവ്, ബോണസ് തുടങ്ങിയ വിവിധ പദ്ധതികളും ഒട്ടനവധി അവാര്‍ഡുകളും എംഎംപിഎസ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജോയിന്റ് ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍, മോണ്‍. ജോര്‍ജ് ആലുങ്കല്‍, ഫാ. മാത്യു വാഴപ്പനാടി, ഡോ. സെബാസ്റ്റിയന്‍ മണ്ണംപ്ലാക്കല്‍, ഡോ. പി.വി. മാത്യു പ്ലാത്തറ, പ്രഫ. സാലിക്കുട്ടി തോമസ്, ജയകുമാര്‍ മന്നത്ത്, എബ്രഹാം പൂവത്താനി എന്നിവര്‍ പ്രസംഗിച്ചു.
ഒരു ലക്ഷം രൂപ സമ്മാനതുകയുള്ള ഫാ. മാത്യു വടക്കേമുറി മെമ്മോറിയല്‍ മലനാട് ക്ഷീരശ്രീ സ്വര്‍ണ്‍ പതക് അവാര്‍ഡ് കൊച്ചറ കണയങ്കല്‍ റീജ ബിന്‍സിനും 75,000 രൂപ സമ്മാനതുകയുള്ള മലനാട് ക്ഷീരശ്രീ രജത് പതക് അവാര്‍ഡ് കടുക്കാസിറ്റി ചിരട്ടവയലില്‍ ബാബു ജോസഫിനും 50,000 രൂപ സമ്മാനതുകയുള്ള മലനാട് ക്ഷീരശ്രീ കാന്‍സി പതക് അവാര്‍ഡ് മുരിക്കടി ഗണപതിപ്ലാക്കല്‍ ബേബി സെബാസ്റ്റ്യനും ലഭിച്ചു. മലനാട് ക്ഷീരശ്രീ നക്ഷത്ര പതക് ജേതാക്കളായ 10 പേര്‍ക്ക് 25000 രൂപ വീതവും സമ്മാനമായി ലഭിച്ചു.
ഫാ. മാത്യു വടക്കേമുറി മെമ്മോറിയല്‍ മലനാട് മില്‍ക്ക് വിദ്യാശ്രീ പുരസ്‌കാറിന് അര്‍ഹയായ പ്ലസ്ടുപരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു നേടിയ കുട്ടിക്ക് 25000 രൂപയും എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്ക് 10000 രൂപ വീതവും ക്യാഷ് അവാര്‍ഡും പുരസ്‌കാരങ്ങളും നല്‍കി. മികച്ച സംഘങ്ങള്‍ക്കുള്ള എവറോളിംഗ് ട്രോഫിയും, ക്ഷീര കര്‍ഷകര്‍ക്കുള്ള വേനല്‍ക്കാല ഇന്‍സെന്റീവും യോഗത്തില്‍ വിതരണം ചെയ്തു.