ബുധനാഴ്ച ഭാരത് ബന്ദ്; ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് ദളിത് സംഘടനകൾ.. കേരളത്തിലും ഹർത്താൽ നടത്തുമെന്ന് വിവിധ സംഘടനകൾ അറിയിച്ചു.
എരുമേലി : റിസർവേഷൻ ബച്ചാവോ സംഘർഷ് സമിതി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ബുധനാഴ്ച . എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിയ്ക്കെതിരായാണ് ഓഗസ്റ്റ് 21 ബുധനാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളത്തിലും നാളെ ഹർത്താൽ ആചരിക്കുമെന്ന് വിവിധ ആദിവാസി ദളിത് സംഘടനകൾ അറിയിച്ചിട്ടുണ്ട്. എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണം സംബന്ധിച്ച സുപ്രീം കോടതി വിധി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
പട്ടിക ജാതി, പട്ടിക വർഗ സംവരണം അട്ടിമറിക്കുന്ന നിലയിലാണ് സുപ്രീം കോടതിയിൽ നിന്നുള്ള വിധി എന്ന് ആരോപിച്ച് ഭീം ആദ്മി ഉൾപ്പടെ ആദിവാസി സംഘടനകളുടെ സഹകരണത്തോടെ ബുധനാഴ്ച കേരളത്തിൽ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിന് പട്ടിക വർഗ ഹിന്ദു ഫെഡറേഷൻ പിന്തുണ പ്രഖ്യാപിച്ചെന്ന് ഭാരവാഹികൾ എരുമേലിയിൽ അറിയിച്ചു. ഇത് സംബന്ധിച്ച് ചൊവ്വാഴ്ച ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് രാജൻ അറക്കുളം അധ്യക്ഷത വഹിച്ചു. പട്ടിക ജാതി പട്ടിക വർഗ സമിതി കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ ജയദീപ് പാറയിൽ ഉദ്ഘാടനം ചെയ്തു. ജാതി അടിസ്ഥാനത്തിൽ ആദിവാസികളെയും പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളെയും ക്രീമിലെയറിൽ പെടുത്തി ഇക്കഴിഞ്ഞ ഒന്നിന് സുപ്രീം കോടതിയിൽ നിന്നുണ്ടായ വിധി പുനഃപരിശോധിക്കണമെന്നും വിധി നടപ്പിലാകാതിരിക്കാൻ പാർലമെന്റ് നിയമം പാസാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കോരുത്തോട് പഞ്ചായത്ത് അംഗം സുകുമാരൻ, സുഭാഷ് പൂഞ്ഞാർ, അശോക് കുമാർ പതാലിൽ, സിന്ധു പുലിക്കുന്ന്, ഊരുമൂപ്പൻ വേലു, രതീഷ് കപ്ലിയിൽ എന്നിവർ പ്രസംഗിച്ചു.
റിസർവേഷൻ ബച്ചാവോ സംഘർഷ് സമിതി ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിൽ കേരളത്തിൽ ഹർത്താൽ നടത്തുമെന്ന് വിവിധ സംഘടനകൾ അറിയിച്ചിട്ടുണ്ട്. ഊരുകൂട്ട ഏകോപന സമിതി, ഗോത്ര മഹാസഭ, ദളിത് സാംസ്‌കാരികസഭ, കേരള സാംബവ സൊസൈറ്റി, മലഅരയ സംരക്ഷണസമിതി, എംസിഎഫ്, വിടുതലൈ ചിരിതൈഗള്‍ കച്ഛി, കേരള ഉള്ളാട നവോഥാനസഭ എന്നീ സംഘടനകളാണ് ഹര്‍ത്താലിന് നേതൃത്വം നല്‍കുന്നത്.
രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താലിന് ആഹ്വാനം. പ്രകൃതി ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഭാരത് ബന്ദ് കേരളത്തിൽ പൊതുഗതാഗതത്തെയും സ്കൂളുകളുകൾ, പരീക്ഷകൾ തുടങ്ങിയവയുടെ പ്രവർത്തനത്തെയും ബാധിക്കില്ല എന്നാണ് കരുതപ്പെടുന്നത് . സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലികൾ സംഘടിപ്പിക്കാൻ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. സമഗ്ര ജാതി സെന്‍സസ് ദേശീയതലത്തില്‍ നടത്തുക, സുപ്രീം കോടതിവിധി മറികടക്കാൻ പാര്‍ലമെന്‍റ് നിയമനിര്‍മാണം നടത്തുക, എല്ലാത്തരം ക്രീമിലെയര്‍ നയങ്ങളും റദ്ദാക്കുക, എസ് സി, എസ് ടി ലിസ്റ്റ് ഒമ്പതാം പട്ടികയില്‍പെടുത്തി സംരക്ഷിക്കുക എന്നിവയാണ് സംഘടനകളുടെ ആവശ്യം.