വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് വീട് നിർമ്മാണത്തിനായി ഡി വൈ എഫ് ഐ ബിരിയാണി ചലഞ്ച് നടത്തി.
കാഞ്ഞിരപ്പള്ളി : വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് വീട് നിർമ്മാണത്തിനായി ഡിവൈ എഫ് ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി. മൂന്നു ദിവസം കൊണ്ട് 15,000ത്തിലേറെ ബിരിയാണി പായ്ക്കറ്റുകൾ വിവിധ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. ഒരു ബിരിയാണി പായ്ക്കിന് 100 രൂപയായിരുന്നു വില.
കാഞ്ഞിരപ്പള്ളി ആനക്കല്ലിലുള്ള ഒരു ഓഡിറ്റോറിയം അടുക്കളയും വാടകയ്ക്കു് എടുത്താണു് ബിരിയാണി പാചകവും പായ്ക്കിങ്ങും നടത്തിയത്. വിവിധ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ബിരിയാണി ഓർഡർ നൽകിയവരുടെ വീടുകളിലെത്തിച്ചു. സംഘടനയുടെ ജില്ലാ സെക്രട്ടറി സുരേഷ് കുമാർ ബിരിയാണി വിതരണം ഉദ്‌ഘാടനം ചെയ്തു. വിവിധ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ച മീൻ വ്യാപാരവും തട്ടുകട നടത്തിയും ആക്രി – പത്രം എന്നിവ ശേഖരിച്ച് വിൽപ്പന നടത്തിയും ഡിവൈ എഫ് ഐ വയനാടിന് വേണ്ടി ധനസഹരണം നടത്തിയിരുന്നു.