ജസ്ന തിരോധാന കേസ്: സിബിഐ മുണ്ടക്കയത്ത് ലോഡ്ജ് ഉടമയുടെ മൊഴി രേഖപ്പെടുത്തി
മുണ്ടക്കയം ∙ ജെസ്ന മരിയ ജയിംസ് തിരോധാനക്കേസിൽ, ജെസ്നയോടു സാദൃശ്യമുള്ള പെൺകുട്ടിയെ കണ്ടെന്ന ലോഡ്ജിലെ മുൻ ജീവനക്കാരി രമണിയുടെ വെളിപ്പെടുത്തലിലെ നേരറിയാൻ സിബിഐ മുണ്ടക്കയത്ത് എത്തി . ലോഡ്ജ് ഉടമയുടെ മൊഴി സിബിഐ സംഘം ഇന്നു രേഖപ്പെടുത്തി. എന്നാൽ ആരോപണം ഉന്നയിച്ച മുൻ ജീവനക്കാരി രമണിയുടെ മൊഴി ഇന്ന് എടുത്തില്ല . അടുത്ത ദിവസം ആ സ്ത്രീയുടെ മൊഴി രേഖപ്പെടുത്തും എന്നാണ് കരുതപ്പെടുന്നത് . രമണി വെളിപ്പെടുത്തിയ ലോഡ്ജിലും സിബിഐ സംഘംം പരിശോധന നടത്തി. കാഞ്ഞിരപ്പള്ളി എസ് ഡി കോളജിൽ ബികോം രണ്ടാം വർഷ വിദ്യാർഥിനിയായിരുന്ന ജെസ്നയെ മുക്കൂട്ടുതറ വെച്ചൂച്ചിറ കൊല്ലമുളയിലെ വീട്ടിൽ നിന്ന് 2018 മാർച്ച് 22നാണു കാണാതായത്.
ലോഡ്ജ് ജീവനക്കാരി പറഞ്ഞ മൊഴിക്ക് പിന്നിൽ ഗൂഢലക്ഷ്യമുണ്ടോ എന്നാണു പൊലീസും അന്വേഷിക്കുന്നുണ്ട്. ജെസ്നയുടെ തിരോധാനത്തെത്തുടർന്ന് മുണ്ടക്കയം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനിടെ ഇത്തരത്തിൽ ഒട്ടേറെ വെളിപ്പെടുത്തലുകൾ ഉണ്ടാവുകയും അവയിലൊന്നും കഴമ്പില്ലെന്നു കണ്ടെത്തിയിരുന്നുവെന്നുമാണു പൊലീസിന്റെ നിലപാട്. ജെസ്നയെ കൊലപ്പെടുത്തി കുഴിച്ചുമൂടി എന്ന ഒരു കുട്ടിയുടെ പ്രവചനത്തെപ്പറ്റിപ്പോലും പൊലീസ് അന്ന് അന്വേഷിച്ചെങ്കിലും തെളിവൊന്നും ലഭിച്ചില്ല.
ജെസ്നയെ കണ്ടെത്താൻ ഇന്റർപോൾ മുഖേന സിബിഐ യെലോ നോട്ടിസ് പുറപ്പെടുവിച്ചത് 191 രാജ്യങ്ങളിൽ. 2018 മാർച്ച് 22നു കാണാതായ ജെസ്ന എവിടെയാണെന്ന കാര്യത്തിൽ സൂചനകളൊന്നും കിട്ടാത്ത സാഹചര്യത്തിലായിരുന്നു യെലോ നോട്ടിസ്. ജെസ്നയുടെ ഫോട്ടോ, കേസിനെ സംബന്ധിച്ച വിവരങ്ങൾ, തിരിച്ചറിയാനുള്ള അടയാളങ്ങൾ തുടങ്ങിയവ രാജ്യാന്തര പൊലീസ് സംഘടനയായ ഇന്റർപോളിനു കൈമാറുകയും ചെയ്തിരുന്നു. എന്നാൽ ഒരു രാജ്യത്തു നിന്നു പോലും കേസിനു സഹായകമാകുന്ന വിവരങ്ങൾ സിബിഐ സംഘത്തിനു ലഭിച്ചില്ല.
ജെസ്നയുടേത് എന്നു കരുതുന്ന സിസിടിവി ദൃശ്യം പതിഞ്ഞത് ബസ് സ്റ്റാൻഡിനു സമീപത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിലായിരുന്നു. മറ്റൊരു ക്യാമറയിൽ തലയിൽ തട്ടം ഇട്ട് നടന്നുപോകുന്ന രീതിയിൽ ജെസ്നയെ കണ്ടെത്തി എന്ന് വെളിപ്പെടുത്തിയതോടെ പൊലീസ് അതും അന്വേഷിച്ചു. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ജെസ്നയോടു രൂപസാദൃശ്യമുള്ള ചാച്ചിക്കവല സ്വദേശിനിയായ വിദ്യാർഥിയാണ് അതെന്നു കണ്ടെത്തി.ജെസ്നയെ ബെംഗളൂരുവിലെ ഷോപ്പിങ് മാളിൽ കണ്ടെത്തിയെന്ന് കോട്ടയം സ്വദേശിയായ യുവാവ് പൊലീസിനെ അറിയിച്ചതോടെ അന്വേഷണ സംഘം അവിടെയുമെത്തി. പക്ഷേ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
∙മുണ്ടക്കയത്തെ ലോഡ്ജിലെ മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ സത്യമാണോ, ആണെങ്കിൽ ഇവിടെയെത്തിയ ജെസ്ന പിന്നീട് എവിടേക്കു പോയി തുടങ്ങിയ കാര്യങ്ങളായിരിക്കും സിബിഐ സംഘം അന്വേഷിക്കുക. ജീവനക്കാരിയെയും ലോഡ്ജ് ഉടമയെയും സിബിഐ സംഘം ഫോണിൽ വിളിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു . മൂന്നു വർഷം മുൻപ് ഇതേ വെളിപ്പെടുത്തൽ ജെസ്ന കേസിൽ അന്ന് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘത്തോടും ലോഡ്ജിലെ മുൻ ജീവനക്കാരി നടത്തിയിരുന്നു. അന്ന് ക്രൈംബ്രാഞ്ച് സംഘം ലോഡ്ജിൽ എത്തി അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ലോഡ്ജിലും പരിസരങ്ങളിലും 2018ൽ സിസിടിവി ക്യാമറകൾ കുറവായിരുന്നു. അതിനാൽ അന്വേഷണത്തിനു സഹായകമായ സിസിടിവി ദൃശ്യങ്ങളൊന്നും ലഭിച്ചതുമില്ല.
കാഞ്ഞിരപ്പള്ളിയിലെ കോളജിൽ ബികോം രണ്ടാം വർഷ വിദ്യാർഥിനിയായിരുന്ന ജെസ്നയെ പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ കൊല്ലമുളയിലെ വീട്ടിൽ നിന്ന് 2018 മാർച്ച് 22നാണു കാണാതായത്. എരുമേലിയിൽ നിന്നു മുണ്ടക്കയം ബസിൽ കയറിയതായി പൊലീസ് കണ്ടെത്തി. അവിടെ നിന്ന് ആരംഭിച്ച അന്വേഷണം ഉൗഹാപോഹങ്ങളും വെളിപ്പെടുത്തലുകളും ആശങ്കകളും ഒക്കെയായി ആറ് വർഷം പിന്നിടുകയാണ്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അതുകഴിഞ്ഞു സിബിഐയും അന്വേഷിച്ച കേസാണ് വീണ്ടും ചർച്ചയാകുന്നത്.
മുണ്ടക്കയം ടൗണിന്റെ ഹൃദയഭാഗത്തു പ്രവർത്തിക്കുന്ന ലോഡ്ജ്. വ്യാപാരസ്ഥാപനങ്ങൾ ഇരുവശവും നിറഞ്ഞ ചെറിയ ഇടനാഴി കടന്നാലാണ് ഈ സ്ഥാപനം. ഇവിടെ നിന്നു പടികയറി രണ്ടാം നിലയിലെ 102–ാം നമ്പർ മുറിയിലെത്താം. മുറിക്കു പുറത്ത് ജെസ്നയോടു രൂപസാദൃശ്യമുള്ള പെൺകുട്ടിയെ കണ്ടുവെന്നാണ് കഴിഞ്ഞ ദിവസം ലോഡ്ജിലെ മുൻ ജീവനക്കാരി വെളിപ്പെടുത്തിയത്. പെൺകുട്ടി ചിരിച്ചപ്പോൾ പല്ലുകളിൽ കമ്പി ഇട്ടിരുന്നതു വ്യക്തമായി കണ്ടെന്നും പിന്നീട് പത്രത്തിൽ ജെസ്നയുടെ ഫോട്ടോ കണ്ടപ്പോഴാണ് രണ്ടും ഒരാളാണെന്നു തിരിച്ചറിഞ്ഞതെന്നുമായിരുന്നു മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ.
എന്നാൽ ലോഡ്ജിലെ ജോലിയിൽ നിന്ന് ഈ ജീവനക്കാരിയെ പിരിച്ചുവിട്ടതിലെ പക തീർക്കാൻ നുണപ്രചാരണം നടത്തുകയാണെന്നു ലോഡ്ജ് ഉടമ പറയുന്നു.ക്രൈംബ്രാഞ്ചിനോട് നേരത്തേ പറഞ്ഞിരുന്ന കാര്യം ഇപ്പോൾ വെളിപ്പെടുത്തിയതിനു പിന്നിൽ ലോഡ്ജ് ഉടമയുമായുള്ള വ്യക്തിവൈരാഗ്യം മാത്രമോ? അതോ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗവും പരിശോധിക്കുന്നു.
മുണ്ടക്കയത്തുള്ള ബന്ധുവീട്ടിലേക്കു പോയ ജെസ്‌ന തിരിച്ചെത്തിയില്ലെന്നു കാട്ടി പിതാവ് ജയിംസ് നൽകിയ പരാതിയിലാണ് പൊലീസ് ആദ്യം അന്വേഷണം ആരംഭിച്ചത്. ജെസ്‌ന പോകാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും വെച്ചൂച്ചിറ പൊലീസ് അന്വേഷിച്ചു. ആകെയുള്ള പിടിവള്ളി സിസിടിവി ദൃശ്യങ്ങളായിരുന്നു. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ മുണ്ടക്കയത്തേക്കുള്ള ബസിൽ ജെസ്ന ഇരിക്കുന്നതായി സിസിടിവിയിൽ കണ്ടിരുന്നു. എന്നാൽ, അതു സ്ഥിരീകരിക്കാൻ പൊലീസിനു കഴിഞ്ഞില്ല. വെച്ചൂച്ചിറ പൊലീസിനു ശേഷം പെരുനാട് പൊലീസും കേസ് അന്വേഷിച്ചു തുമ്പില്ലാതെ മടക്കി.
പിന്നീട് തിരുവല്ല ഡിവൈഎസ്പിക്കായി അന്വേഷണച്ചുമതല. തുടർന്ന് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. ലോക്കൽ പൊലീസിന്റെ കണ്ടെത്തലിൽ കൂടുതലൊന്നും ക്രൈംബ്രാഞ്ചിനും ലഭിച്ചിട്ടില്ല.ഹൈക്കോടതി നിർദേശത്തെത്തുടർന്ന് സിബിഐ അന്വേഷണം ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിനിടെ അന്നു പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായിരുന്ന കെ.ജി.സൈമൺ, ജെസ്നയുടെ വെച്ചൂച്ചിറയിലെ വീട്ടിൽ സന്ദർശനം നടത്തി ‘പോസിറ്റീവ്’ വാർത്തയ്ക്ക് അധികം കാത്തിരിക്കേണ്ടി വരില്ലെന്ന സൂചന നൽകി.
ക്രൈംബ്രാഞ്ച് എഡിജിപിയായിരുന്ന ടോമിൻ തച്ചങ്കരിയും ജെസ്നയെക്കുറിച്ചു വ്യക്തമായ വിവരങ്ങൾ കിട്ടിയെന്ന സൂചന നൽകിയിരുന്നു. ജെസ്നയെ കണ്ടെന്ന അവകാശവുമായി വിവിധയിടങ്ങളിൽനിന്ന് ഫോൺ കോളുകളെത്തി. എന്നാൽ, അതൊന്നും അന്വേഷണത്തിനു ഗുണകരമായില്ല. ജെസ്നയെക്കുറിച്ചു വിവരം നൽകാൻ പൊലീസ് പൊതുസ്ഥലങ്ങളിൽ പെട്ടികൾ സ്ഥാപിച്ചിരുന്നു. ഇതിലെ സൂചനകൾ തേടിപ്പോയ പൊലീസ് നൂറുകണക്കിനാളുകളെ ചോദ്യം ചെയ്തു. പതിനായിരക്കണക്കിനു ഫോൺ കോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ചെറുതുമ്പു പോലും പക്ഷേ ലഭിച്ചില്ല.