കാഞ്ഞിരപ്പള്ളി ന്യൂസ് – ഇന്നത്തെ പത്രം date : 22/08/2024

കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏറ്റവും പുതിയ വാർത്തകൾ, വിശേഷങ്ങൾ, ഫോട്ടോകൾ, അറിയിപ്പുകൾ, തൊഴിൽ വാർത്തകൾ, ചരമ വാർത്തകൾ, ഇന്നത്തെ പരിപാടി, പരാതികൾ ഉൾപ്പെടെ നമ്മുടെ നാട്ടിലെ സമഗ്രമായ വാർത്തകൾ ഒറ്റ ലിങ്കിൽ …

നാടിനെ വിറപ്പിച്ച് ശക്തമായ കാറ്റിൽ നിരവധി നാശനഷ്ടങ്ങൾ ..

കാഞ്ഞിരപ്പള്ളി ∙ നാടിനെ വിറപ്പിച്ച് ശക്തമായ കാറ്റ്, ഒപ്പം മഴയും… ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് കാഞ്ഞിരപ്പള്ളി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഹുങ്കാര ശബ്ദത്തോടെ ശക്തമായ കാറ്റു വീശിയത്. പതിവിനെക്കാൾ ശബ്ദത്തോടെ കാറ്റു വീശിയത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കി. ഓണത്തിനു പാകമായി വന്ന കാർഷികവിളകൾ നശിച്ചു. കുലച്ച വാഴകൾ ഉൾപ്പെടെ വ്യാപകമായി വാഴക്കൃഷിയാണു കാര്യമായി നശിച്ചത്. പലയിടങ്ങളിലും റോഡിലേക്ക് മരങ്ങൾ വീണു ഗതാഗതം തടസ്സപ്പെട്ടു. രാവിലെ 6 മണിവരെ പല സ്‌ഥലങ്ങളിലും ശക്തമായ കാറ്റ് തുടർന്നു.

വൈദ്യുതലൈനുകളും പോസ്റ്റുകളും തകർന്നതോടെ മിക്കയിടത്തും ഇന്നലെ രാവിലെ വൈദ്യുതി മുടങ്ങി. . ഗ്രാമീണറോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. പ്രധാന റോഡുകളിൽ തടസ്സങ്ങളില്ല. പുലർച്ചെ കാറ്റ് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയെങ്കിലും, ഇന്നലെ പകൽ തെളിഞ്ഞ കാലാവസ്ഥയായിരുന്നു.

കാഞ്ഞിരപ്പള്ളി പുളിമാവ് വെട്ടത്ത് ജോബ് കെ. വെട്ടം ഒരേക്കർ സ്ഥലത്ത് പാട്ടത്തിനു കൃഷി ചെയ്ത 425 വാഴ കൾ കാറ്റിൽ ഒടിഞ്ഞുനശിച്ചു. മു ന്നൂറോളം കുലച്ച വാഴകളും നശിച്ചതിൽ ഉൾപ്പെടുന്നു.

കാഞ്ഞിരപ്പള്ളി വൈദ്യുതി സെക്ഷനു കീഴിൽ 5 വൈദ്യുത പോസ്‌റ്റുകൾ തകർന്നു. ⁠പാറത്തോട്ടിൽ 7 വൈദ്യുതി പോസ്റ്റുകൾ മരം വീണു തകർ ന്നു.എരുമേലിയിൽ 22 സ്ഥലങ്ങളിൽ മരങ്ങൾ വീണ് വൈദ്യുത കമ്പി പൊട്ടി. കനകപ്പലത്ത് 11 കെവി പോസ്റ്റ് ഒടിഞ്ഞു. ഒഴക്കനാട്, മുക്കൂട്ടുതറ എന്നിവിടങ്ങളിലായി 8 പോസ്റ്റുകൾ തകർന്നു.

ചേനപ്പാടി പാളത്തൈര് സമർപ്പണം 25ന് ; സമർപ്പിക്കുന്നത് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യയ്ക്കുള്ള 1500 ലീറ്റർ തൈര്

പൊൻകുന്നം ∙ ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യയ്ക്കു വിളമ്പാൻ ചേനപ്പാടി ഗ്രാമത്തിൽ നിന്നുള്ള പാളത്തൈര് 25ന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ സമർപ്പിക്കും. രാവിലെ 8നു ചേനപ്പാടിയിൽ നിന്ന് പാർഥസാരഥി ഭക്തജനസമിതി 1500 ലീറ്ററിലേറെ തൈരുമായി ഘോഷയാത്രയായി ആറന്മുളയ്ക്കു പുറപ്പെടും. 26നാണ് ആറന്മുള ക്ഷേത്ര സന്നിധിയിൽ വള്ളസദ്യ. ചേനപ്പാടി മേഖലയിലെ ഭക്തർ വഴിപാടായി സമർപ്പിക്കുന്ന തൈര് കൂടാതെ വാഴൂർ തീർഥപാദാശ്രമത്തിലെ ഗോശാലയിലെ പാൽ കൊണ്ടും തൈര് തയാറാക്കിയാണ് നൽകുന്നത്. 24ന് ഉച്ചയ്ക്കു 12ന് മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദ, സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദ എന്നിവരുടെ കാർമികത്വത്തിൽ പാലിൽ ഉറയൊഴിക്കും.

പണ്ടുകാലത്ത് ചേനപ്പാടിയിൽ നിന്നു കമുകിൻപാള കൊണ്ടുള്ള പാത്രങ്ങളിൽ തൈര് തയാറാക്കി നൽകിയിരുന്നതിനാലാണ് പാളത്തൈരെന്ന് പ്രസിദ്ധി നേടിയത്. ഇപ്പോൾ പ്രതീകാത്മകമായി ഏതാനും പാളപ്പാത്രങ്ങളിലും തൈരു കൊണ്ടു പോകും. വള്ളസദ്യയ്ക്കിടെ വഞ്ചിപ്പാട്ട് പാടി വിഭവങ്ങൾ ചോദിക്കുമ്പോൾ ഇപ്പോഴും ‘ചേനപ്പാടി ചെറിയമഠത്തിൽ രാമച്ചാരുടെ പാളത്തൈരേ… അതു കൊണ്ടുവാ…’എന്ന് പാടും. ഇതോടെയാണ് സദ്യയ്ക്കു ചേനപ്പാടിയിൽ നിന്നെത്തിച്ച തൈര് വിളമ്പുന്നത്.

25നു രാവിലെ 8ന് അറുനൂറിലേറെ ഭക്തരുടെ സംഘം ഘോഷയാത്രയായി പുറപ്പെടുമെന്നു പാർഥസാരഥി ഭക്തജനസമിതി ഭാരവാഹികൾ അറിയിച്ചു. ചേനപ്പാടി ഇളങ്കാവ് ഭഗവതി ക്ഷേത്രം, ധർമശാസ്താ ക്ഷേത്രം, ഇടയാറ്റുകാവ് ക്ഷേത്രം, പൂതക്കുഴി ക്ഷേത്രം, കണ്ണമ്പള്ളിൽ ക്ഷേത്രം, കുറ്റിക്കാട്ടുകാവ് ക്ഷേത്രം, കിഴക്കേക്കര ക്ഷേത്രം, അഞ്ചുകുഴി പഞ്ചതീർഥ പരാശക്തിക്ഷേത്രം, മഹാലക്ഷ്മി കാണിക്കമണ്ഡപം എന്നിവിടങ്ങളിൽ വഴിപാടു നടത്തിയ ശേഷം ചേനപ്പാടി എസ്എൻഡിപി യോഗം, പരുന്തന്മല ശ്രീദേവിവിലാസം ഭജനസമിതി, വിഴിക്കിത്തോട് ഭക്തജനസമിതി എന്നിവയുടെ സഹകരണത്തോടെയാണ് ഘോഷയാത്ര പുറപ്പെടുന്നത്. ഘോഷയാത്രയ്ക്ക് റാന്നി തോട്ടമൺകാവ് ഭഗവതിക്ഷേത്രം, അവിട്ടം തിരുനാൾ ജലോത്സവ സമിതി, റാന്നി രാമപുരം ശ്രീകൃഷ്ണ ക്ഷേത്ര സമിതി എന്നിവ സ്വീകരണം നൽകും.

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ വഞ്ചിപ്പാട്ടു പാടി പള്ളിയോട സേവാസമിതിയും ദേവസ്വം ഭാരവാഹികളും ഭക്തരും ചേർന്നു തൈര് സമർപ്പണ ഘോഷയാത്രയെ സ്വീകരിക്കും. വാഴൂർ തീർഥപാദാശ്രമ കാര്യദർശിയും ചേനപ്പാടി പാർഥസാരഥി ഭക്തജനസമിതി മുഖ്യരക്ഷാധികാരിയുമായ സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദ, രാജപ്പൻ നായർ കോയിക്കൽ, സുരേഷ് നാഗമറ്റത്തിൽ, കെ.എസ്.ജയകൃഷ്ണൻ കുറ്റിക്കാട്ട്, പി.പി.വിജയകുമാർ, എ.കെ.സോമൻ, അഭിലാഷ് പടത്തിയാനിക്കൽ, ലത ബിജു മൂലമ്പുഴ എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.

ആംബുലൻസ് സർവീസ് ഉദ്‌ഘാടനം ചെയ്തു.

പൊൻകുന്നം ∙ മുഹിയുദ്ദീൻ ജമാഅത്ത് ആരംഭിച്ച ആംബുലൻസ് സർവീസ് ഗവ. ചീഫ് വിപ്പ് എൻ.ജയരാജ് ഫ്ലാഗ് ഓഫ് ചെയ്തു. ജമാഅത്ത് പ്രസിഡന്റ് അനൂപ് കല്ലംപറമ്പിൽ അധ്യക്ഷത വഹിച്ചു. ചീഫ് ഇമാം അബ്ദുൽ ഹാദി, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ശ്രീകുമാർ, ഗിരീഷ് എസ്.നായർ, സുമേഷ് ആൻഡ്രൂസ്, പി.എം.സലീം, വാർഡംഗം ഷാക്കി സജീവ്, ടോമി ഡൊമിനിക്, പി.എസ്.അബ്ദുൽ മജീദ് എന്നിവർ പ്രസംഗിച്ചു.

മെഡിക്കൽ ക്യാംപ് ഇന്ന്

ഇളങ്ങുളം ∙ എലിക്കുളം പഞ്ചായത്ത്, അഭയം ചാരിറ്റബിൾ സൊസൈറ്റി, എലിക്കുളം സാമൂഹിക വിജ്ഞാനകേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ പൈക സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാംപ് ഇന്നു രാവിലെ 9.30നു സെന്റ് മേരീസ് പള്ളി പാരിഷ് ഹാളിൽ നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു ഉദ്ഘാടനം ചെയ്യും. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി വിഭാഗങ്ങൾ ക്യാംപിലുണ്ടാകും.

വയനാടിനായി യൂത്ത് കോൺഗ്രസിന്റെ ന്യൂസ് പേപ്പർ ചാലഞ്ച്

മുണ്ടക്കയം ∙ വയനാട് ദുരന്ത മേഖലയിൽ വീടുകൾ നി‍ർമിച്ചു നൽകുന്നതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് നടത്തുന്ന ന്യൂസ് പേപ്പർ ചാലഞ്ചിന് മണ്ഡലത്തിൽ തുടക്കമായി. ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അച്ചു ഷാജി അധ്യക്ഷത വഹിച്ചു.

എംഎൽഎ എക്സലൻസ് അവാർഡ് നൽകി

അരുവിത്തുറ ∙ എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ കീഴിലുള്ള ഫ്യൂച്ചർ സ്റ്റാർ എജ്യുക്കേഷൻ പ്രോജക്ടിന്റെ നേതൃത്വത്തിൽ കഴിഞ്ഞ അധ്യയനവർഷം അംഗീകൃത സർവകലാശാലകളിൽ നിന്നു ബിരുദ, ബിരുദാനന്തര വിഷയങ്ങളിൽ റാങ്കുകൾ നേടിയവരെയും വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയവരെയും അക്കാദമിക്, നോൺ അക്കാദമിക് രംഗങ്ങളിൽ പ്രശസ്ത നേട്ടങ്ങൾ കൈവരിച്ചവരെയും എംഎൽഎ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു.

വയനാട് ദുരന്തത്തിൽ രക്ഷാദൗത്യത്തിൽ പങ്കെടുത്ത ഈരാറ്റുപേട്ട നന്മക്കൂട്ടം, ടീം എമർജൻസി എന്നീ റസ്ക്യൂ ടീം അംഗങ്ങളെയും ആദരിച്ചു. സമ്മേളനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ഫ്യൂച്ചർ സ്റ്റാർ പ്രോജക്ട് ഡയറക്ടർ ഡോ. ആൻസി ജോസഫ് അധ്യക്ഷത വഹിച്ചു. കലക്ടർ ജോൺ വി.സാമുവൽ, പൂഞ്ഞാർ ജോബ്സ് പ്രോജക്ട് കോഓർഡിനേറ്റർ ബിനോയി സി.ജോർജ്, സെന്റ് ജോർജ് കോളജ് പ്രിൻസിപ്പൽ ഡോ.സിബി ജോസഫ്, കോളജ് ബർസാർ ഫാ.ബിജു കുന്നക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

കാറ്റിലും മഴയിലും വീടുകള്‍ക്ക് നാശം

വാഴൂര്‍: ബുധനാഴ്ച പുലര്‍ച്ചെ ഉണ്ടായ കാറ്റില്‍ വാഴൂര്‍ വില്ലേജില്‍ രണ്ട് വീടുകള്‍ക്കും വെള്ളാവൂര്‍ വില്ലേജില്‍ ഒരു വീടിനും കേടുപാടുകള്‍ സംഭവിച്ചു. വാഴൂരില്‍ കാഞ്ഞിരപ്പാറ പറമ്പുങ്കല്‍ രാജന്റെ വീടിന് മുകളിലേക്ക് തേക്കുമരം വീണു. വീടിന്റെ ഷീറ്റിട്ട മേല്‍ക്കൂര തകര്‍ന്നു. വീടിന് ഭാഗികമായി നാശമുണ്ടായി. കാഞ്ഞിരപ്പാറ കുട്ടിക്കല്‍ നാനാമോളിന്റെ വീടിന്റെ ഭിത്തി അടര്‍ന്നു. പുളിക്കല്‍ കവല കുന്നുപറമ്പില്‍ യോഹന്നാന്റെ വീടിന് സമീപത്തെ കയ്യാല ഇടിഞ്ഞു. വെള്ളാവൂര്‍ വില്ലേജില്‍ ഏറത്തു വടകര തോപ്പില്‍ ഓമനക്കുട്ടന്റെ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞ് വീണ് വീടിന് ഭാഗികമായി നാശം സംഭവിച്ചു. വെള്ളാവൂര്‍ വില്ലേജില്‍ നിലമേല്‍ എന്‍.ആര്‍. രാകേഷിന്റെ കാറിന്റെ മുകളിലേക്ക് മരം കടം പുഴകി വീണ് കാറിന് കേടുപാടുകള്‍ സംഭവിച്ചു.

സമുദായ ശാക്തീകരണം കത്തോലിക്ക കോൺഗ്രസിലൂടെ :ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ

കാഞ്ഞിരപ്പള്ളി: സമുദായ അംഗങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ എത്തിച്ച് അവയ്ക്ക് ശാശ്വത പരിഹാരം കണ്ടെത്തണമെങ്കിൽ സമുദായ ശാക്തീകരണം അനിവാര്യമാണെന്ന് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണം പ്ലാക്കൽ. കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത നേതൃസംഗമവും ഗ്ലോബൽ ഭാരവാഹികളുടെ രൂപത സന്ദർശന പരിപാടിയും കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഫാദർ ബോബി അലക്സ്.സീറോ മലബാർ സഭയുടെ സമുദായ സംഘടനയായ കത്തോലിക്ക കോൺഗ്രസ് കൂടുതൽ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കത്തോലിക്ക കോൺഗ്രസ് ബൗദ്ധികകതലത്തിൽ സഭാ സംവിധാനങ്ങളോട് ചേർന്ന് പ്രവർത്തിക്കണം. പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുക വഴി സമുദായത്തിന് കൂടുതൽ ഊർജ്ജം പകരാൻ സാധിക്കും. ഒരു നൂറ്റാണ്ട് പിന്നിടുന്ന സമുദായ സംഘടനയായ കത്തോലിക്ക കോൺഗ്രസ് അംഗങ്ങൾക്ക് സ്വത്വബോധം ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രൂപത വികാരി ജനറാൾ റവ.ഡോ. ജോസഫ് വെള്ളമറ്റം പതാക ഉയർത്തി. ‘വർത്തമാന സമൂഹ നിർമ്മിതിയിലും സമുദായ ശാക്തീകരണത്തിലും കത്തോലിക്ക കോൺഗ്രസിന്റെ പ്രസക്തി’ എന്ന വിഷയത്തിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിലും ‘കത്തോലിക്ക കോൺഗ്രസ് സമുദായ സംഘടന’ എന്ന വിഷയത്തിൽ ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലും ക്ലാസ് നയിച്ചു. രൂപത പ്രസിഡന്റ് ബേബി കണ്ടത്തിൽ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ രൂപത ഡയറക്ടർ ഫാ. മാത്യു പാലക്കുടി ആമുഖസന്ദേശം നൽകി.ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, വൈസ് പ്രസിഡന്റുമാരായ രാജേഷ് ജോൺ, ബെന്നി ആന്റണി, ജോമി കൊച്ചുപറമ്പിൽ, ഗ്ലോബൽ സെക്രട്ടറി ആൻസമ്മ സാബു, ഗ്ലോബൽ സമിതി അംഗം ടെസ്സി ബിജു പാഴിയാങ്കൽ, രൂപത ജനറൽ സെക്രട്ടറി ജോസഫ് പണ്ടാരക്കളം, ട്രഷറർ ജോജോ തെക്കുംചേരികുന്നേൽ, ഭാരവാഹികളായ സണ്ണിക്കുട്ടി അഴകം പ്രായിൽ, ഫിലിപ്പ് പള്ളിവാതുക്കൽ, സിനി ജിബു നീറനാക്കുന്നേൽ, ഡെയ്സി ജോർജുകുട്ടി, ആൻസമ്മ തോമസ് മടുക്കക്കുഴി, സബിൻ ജോൺ,ജിൻസ് പള്ളിക്കമ്യാലിൽ, ജോസ് മാത്യു കല്ലൂരാത്ത്, ബിജു തോമസ് ആലപ്പുരയ്ക്കൽ, ജാൻസി മാത്യു, സച്ചിൻ വെട്ടിയാങ്കൽ, തോമസ് ചെമ്മരപ്പള്ളി, ജോബി തെക്കുംചേരിക്കു ന്നേൽ, ജോൺസൺ പന്തപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.

എരുമേലിയിൽ കാറ്റ് നാശം വിതച്ചു : റോഡിൽ മരങ്ങൾ വീണ് തടസം.

എരുമേലി : ഇന്നലെ രാവിലെ അതിശക്തമായ നിലയിൽ കാറ്റ് വീശിയതിനെ തുടർന്ന് പരക്കെ നാശനഷ്‌ടങ്ങൾ. ശക്തമായ മഴ അനുഭവപ്പെട്ടില്ലങ്കിലും ഇടകടത്തി – അറയാഞ്ഞിലിമണ്ണ് കോസ്‌വേ പാലത്തിൽ വെള്ളം കയറി അല്പസമയം ഗതാഗത തടസമുണ്ടായി. മരങ്ങൾ കടപുഴകി റോഡിൽ വീണ് കനകപ്പലം – വെച്ചൂച്ചിറ റോഡിൽ ഗതാഗതം തടസപ്പെട്ടു. വനത്തിൽ നിന്നുള്ള മരങ്ങൾ ആണ് റോഡിൽ വീണത്. സ്വകാര്യ ബസുകളും വാഹനങ്ങളും മരങ്ങൾ നീക്കി ഗതാഗതം പുനസ്ഥാപിക്കുന്നത് വരെ സമാന്തര പാതയായ മറ്റന്നൂർക്കര – നെടുങ്കാവുവയൽ റോഡിലൂടെയാണ് വെച്ചൂച്ചിറ ഭാഗത്തേക്ക്‌ സഞ്ചരിച്ചത്. തുമരംപാറ, മൂക്കൻപെട്ടി, മുക്കൂട്ടുതറ, കനകപ്പലം, വെച്ചൂച്ചിറ, മണിപ്പുഴ, കുളമാംകുഴി, ഇരുമ്പൂന്നിക്കര, എലിവാലിക്കര, ഇടകടത്തി പ്രദേശങ്ങളിൽ കാറ്റ് ശക്തമായി അനുഭവപ്പെട്ടു. ഒട്ടേറെ കർഷകരുടെ മരങ്ങളും കൃഷികളും നശിച്ചു. വാഴ കൃഷി ആണ് വ്യാപകമായി നശിച്ചത്. വെച്ചൂച്ചിറ ഉറുമ്പിൽ ബാബുവിന്റെ 150 വാഴകൾ നശിച്ചു. തുമരംപാറ തെക്കേമാവുങ്കമണ്ണിൽ റാഫിയുടെ വാഴ കൃഷിയും നശിച്ചു.

വയനാട് ദുരന്തം : 10 ലക്ഷം കൈമാറി മുണ്ടക്കയം പഞ്ചായത്ത്

മുണ്ടക്കയം: വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കുവാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുണ്ടക്കയം പഞ്ചായത്ത് 10 ലക്ഷം രൂപ കൈമാറി. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയോടൊപ്പമെത്തി മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടാണ് മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് തുക കൈമാറിയത്.

വൈസ് പ്രസിഡന്റ് ഷീലാമ്മ ഡൊമിനിക് പഞ്ചായത്തംഗങ്ങളായ സി.വി. അനിൽ കുമാർ, ദിലീഷ് ദിവാകരൻ, ജോമി തോമസ്, സിനിമോൾ തടത്തിൽ, ജാൻസി തൊട്ടിപ്പാട്ട്, ഷിജി ഷാജി, പി. എ. രാജേഷ്, പ്രസന്ന ഷിബു എന്നിവരും ഒപ്പമുണ്ടായിരുന്നു.

പ്രഥമശുശ്രൂഷാ ബോധവത്കരണം നടത്തി

പെരുവന്താനം: കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രിയും പെരുവന്താനം സെന്റ് ആന്റണീസ് കോളജ് എൻഎസ്എസ് യൂണിറ്റും സംയുക്തമായി അടിയന്തര പ്രഥമശുശ്രൂഷാ ബോധവത്കരണ ക്ലാസ് നടത്തി. സിപിആർ, പ്രഥമശുശ്രൂഷകൾ, പാമ്പു കടിയേറ്റാൽ സ്വീകരിക്കേണ്ട അടിയന്തര ചികിത്സ, നായയുടെ കടിയേറ്റാൽ അടിയന്തരമായി അനുവർത്തിക്കേണ്ട ചികിത്സകൾ, റോഡ് അപകടങ്ങളിൽ സ്വീകരിക്കേണ്ട സുരക്ഷാ മാർഗങ്ങൾ, അടിയന്തരമായി ആശുപത്രിയിൽ എത്തിക്കേണ്ട ചുമതല, മറ്റു ഇത ര നടപടിക്രമങ്ങൾ എന്നിവയും സിപിആറുമായി ബന്ധപ്പെട്ട ഡെമോൺസ്ട്രേഷനും സംഘടിപ്പിച്ചു.

യോഗത്തിൽ പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി അധ്യക്ഷത വഹിച്ചു. ഡോ. ഡാനിയേൽ സെബാസ്റ്റ്യൻ, സോണി സെബാസ്റ്റ്യൻ, കിരൺ കമൽ, റോണി സ്കറിയ, മാലിനി അജിത്ത്, എൻഎ സ്‌എസ് പ്രോഗ്രാം ഒഫീസർമാരായ പി.എൻ. ബേസിൽ, ഹേമന്ത് വിജയൻ എന്നിവർ പ്രസംഗിച്ചു.

സ്വർണക്കമ്മൽ സംഭാവന ചെയ്ത് ജിൽസ

കോരുത്തോട്: വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ സ്വർണക്കമ്മൽ ദാനം ചെയ്ത് കോരുത്തോട് സെന്റ് ജോർജ് യുപി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയായ ജിൽസ മരിയ സാബു. സ്കൂൾ അസംബ്ലിയിൽ ഹെഡ്‌മാസ്റ്റർ സോബിൻ കുര്യാക്കോസ് സംഭാവന ഏറ്റുവാങ്ങി. കോരുത്തോട് കുന്നപ്പള്ളിൽ സാബു ഷീബ ദമ്പതികളുടെ മകളാണ്. ജിൽസയെയും രക്ഷിതാക്കളെയും സ്കൂൾ അസംബ്ലിയിൽ അനുമോദിച്ചു.

icon

റബർ ഉൽപാദകസംഘം പൊതുയോഗം

തമ്പലക്കാട് ∙ റബർ ഉൽപാദക സംഘത്തിന്റെ വാർഷിക പൊതുയോഗം സെന്റ് തോമസ് പള്ളി ഓഡിറ്റോറിയത്തിൽ നാളെ 2.30നു നടത്തുമെന്നു പ്രസിഡന്റ് ജോൺ കപ്യാങ്കൽ അറിയിച്ചു. ഫോൺ: 94474 56923.

ബിഎഡ് സീറ്റൊഴിവ്

കാഞ്ഞിരപ്പള്ളി ∙ സിപാസ് കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ ബിഎഡ് സീറ്റൊഴിവുണ്ട്. മാത്തമാറ്റിക്സ്, നാച്വറൽ സയൻസ് സോഷ്യൽ സയൻസ് ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ നാളെ രാവിലെ 10നു കോളജിൽ എത്തണം. ഫോൺ: 94965 55501.

ഇന്നത്തെ പരിപാടി

∙ ഇളങ്ങുളം സെന്റ് മേരീസ് പള്ളി പാരിഷ് ഹാൾ: എലിക്കുളം പഞ്ചായത്ത്, അഭയം ചാരിറ്റബിൾ സൊസൈറ്റി, സാമൂഹിക വിജ്ഞാനകേന്ദ്രം, പൈക സാമൂഹികാരോഗ്യകേന്ദ്രം എന്നിവ നടത്തുന്ന അലോപ്പതി, ആയുർവേദം, ഹോമിയോ മെഡിക്കൽ ക്യാംപ്– 9.30.

കൊക്കോ തൈകൾ വിതരണം

മണിമല: കൊക്കോ ഉത്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കൊക്കോ കൃഷിയുടെ സാധ്യതകൾ ജനങ്ങളിലെത്തിക്കു ന്നതിനും കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി മണിമല, ചിറക്കടവ്, വാഴൂർ, വെള്ളാവൂർ പഞ്ചായത്തുകളുടെ സഹകരണത്തോടെ കൊക്കോ തൈകൾ വിതരണം ചെയ്യും. ഒരു പഞ്ചായത്തിലെ 100 കർഷകർക്ക് 35 രൂപ വിലയുള്ള ഹൈബ്രീഡ് കൊക്കോ തൈകളാണ് 10 എണ്ണം വീതം ഒരു രൂപ നിരക്കിൽ നൽകുന്നത്. കർഷകർ സം ഘത്തിൽ മെംബറാകണം. താത്പര്യമുള്ളവർ പഞ്ചായത്ത് മെംബർ മുഖേനയോ സംഘത്തിന്റെ ഓഫീസുമായോ ബന്ധപ്പെടണം. ഫോ – 9447184735, 9961823538.

കാൻസർ രോഗനിർണയം

എരുമേലി: സർക്കാർ ആശുപത്രിയിൽ ഇന്ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12 വരെ കോട്ടയം മെഡിക്കൽ കോളജിൽനിന്നുള്ള വിദഗ്ധ മെ ഡിക്കൽ സംഘം രോഗികളിൽ കാൻസർ രോഗനിർണയ പരിശോധന നടത്തും. രോഗികൾ ആധാർ കാർഡിന്റെ പകർപ്പും ആധാർ കാ ർഡുമായി ലിങ്ക് ചെയ്തിട്ടുള്ള സിം നമ്പർ ഉപയോഗിക്കുന്ന ഫോണുമായി എത്തണമെന്ന് അധികൃതർ അറിയിച്ചു.

error: Content is protected !!