ചേനപ്പാടി പാളത്തൈര് സമർപ്പണം 25ന് ; സമർപ്പിക്കുന്നത് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യയ്ക്കുള്ള 1500 ലീറ്റർ തൈര്
പൊൻകുന്നം ∙ ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യയ്ക്കു വിളമ്പാൻ ചേനപ്പാടി ഗ്രാമത്തിൽ നിന്നുള്ള പാളത്തൈര് 25ന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ സമർപ്പിക്കും. രാവിലെ 8നു ചേനപ്പാടിയിൽ നിന്ന് പാർഥസാരഥി ഭക്തജനസമിതി 1500 ലീറ്ററിലേറെ തൈരുമായി ഘോഷയാത്രയായി ആറന്മുളയ്ക്കു പുറപ്പെടും. 26നാണ് ആറന്മുള ക്ഷേത്ര സന്നിധിയിൽ വള്ളസദ്യ. ചേനപ്പാടി മേഖലയിലെ ഭക്തർ വഴിപാടായി സമർപ്പിക്കുന്ന തൈര് കൂടാതെ വാഴൂർ തീർഥപാദാശ്രമത്തിലെ ഗോശാലയിലെ പാൽ കൊണ്ടും തൈര് തയാറാക്കിയാണ് നൽകുന്നത്. 24ന് ഉച്ചയ്ക്കു 12ന് മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദ, സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദ എന്നിവരുടെ കാർമികത്വത്തിൽ പാലിൽ ഉറയൊഴിക്കും.
പണ്ടുകാലത്ത് ചേനപ്പാടിയിൽ നിന്നു കമുകിൻപാള കൊണ്ടുള്ള പാത്രങ്ങളിൽ തൈര് തയാറാക്കി നൽകിയിരുന്നതിനാലാണ് പാളത്തൈരെന്ന് പ്രസിദ്ധി നേടിയത്. ഇപ്പോൾ പ്രതീകാത്മകമായി ഏതാനും പാളപ്പാത്രങ്ങളിലും തൈരു കൊണ്ടു പോകും. വള്ളസദ്യയ്ക്കിടെ വഞ്ചിപ്പാട്ട് പാടി വിഭവങ്ങൾ ചോദിക്കുമ്പോൾ ഇപ്പോഴും ‘ചേനപ്പാടി ചെറിയമഠത്തിൽ രാമച്ചാരുടെ പാളത്തൈരേ… അതു കൊണ്ടുവാ…’എന്ന് പാടും. ഇതോടെയാണ് സദ്യയ്ക്കു ചേനപ്പാടിയിൽ നിന്നെത്തിച്ച തൈര് വിളമ്പുന്നത്.
25നു രാവിലെ 8ന് അറുനൂറിലേറെ ഭക്തരുടെ സംഘം ഘോഷയാത്രയായി പുറപ്പെടുമെന്നു പാർഥസാരഥി ഭക്തജനസമിതി ഭാരവാഹികൾ അറിയിച്ചു. ചേനപ്പാടി ഇളങ്കാവ് ഭഗവതി ക്ഷേത്രം, ധർമശാസ്താ ക്ഷേത്രം, ഇടയാറ്റുകാവ് ക്ഷേത്രം, പൂതക്കുഴി ക്ഷേത്രം, കണ്ണമ്പള്ളിൽ ക്ഷേത്രം, കുറ്റിക്കാട്ടുകാവ് ക്ഷേത്രം, കിഴക്കേക്കര ക്ഷേത്രം, അഞ്ചുകുഴി പഞ്ചതീർഥ പരാശക്തിക്ഷേത്രം, മഹാലക്ഷ്മി കാണിക്കമണ്ഡപം എന്നിവിടങ്ങളിൽ വഴിപാടു നടത്തിയ ശേഷം ചേനപ്പാടി എസ്എൻഡിപി യോഗം, പരുന്തന്മല ശ്രീദേവിവിലാസം ഭജനസമിതി, വിഴിക്കിത്തോട് ഭക്തജനസമിതി എന്നിവയുടെ സഹകരണത്തോടെയാണ് ഘോഷയാത്ര പുറപ്പെടുന്നത്. ഘോഷയാത്രയ്ക്ക് റാന്നി തോട്ടമൺകാവ് ഭഗവതിക്ഷേത്രം, അവിട്ടം തിരുനാൾ ജലോത്സവ സമിതി, റാന്നി രാമപുരം ശ്രീകൃഷ്ണ ക്ഷേത്ര സമിതി എന്നിവ സ്വീകരണം നൽകും.
ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ വഞ്ചിപ്പാട്ടു പാടി പള്ളിയോട സേവാസമിതിയും ദേവസ്വം ഭാരവാഹികളും ഭക്തരും ചേർന്നു തൈര് സമർപ്പണ ഘോഷയാത്രയെ സ്വീകരിക്കും. വാഴൂർ തീർഥപാദാശ്രമ കാര്യദർശിയും ചേനപ്പാടി പാർഥസാരഥി ഭക്തജനസമിതി മുഖ്യരക്ഷാധികാരിയുമായ സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദ, രാജപ്പൻ നായർ കോയിക്കൽ, സുരേഷ് നാഗമറ്റത്തിൽ, കെ.എസ്.ജയകൃഷ്ണൻ കുറ്റിക്കാട്ട്, പി.പി.വിജയകുമാർ, എ.കെ.സോമൻ, അഭിലാഷ് പടത്തിയാനിക്കൽ, ലത ബിജു മൂലമ്പുഴ എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.