നാടിനെ വിറപ്പിച്ച ശക്തമായ കാറ്റിൽ നിരവധി നാശനഷ്ടങ്ങൾ ..
കാഞ്ഞിരപ്പള്ളി ∙ നാടിനെ വിറപ്പിച്ച് ശക്തമായ കാറ്റ്, ഒപ്പം മഴയും… ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് കാഞ്ഞിരപ്പള്ളി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഹുങ്കാര ശബ്ദത്തോടെ ശക്തമായ കാറ്റു വീശിയത്. പതിവിനെക്കാൾ ശബ്ദത്തോടെ കാറ്റു വീശിയത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കി. ഓണത്തിനു പാകമായി വന്ന കാർഷികവിളകൾ നശിച്ചു. കുലച്ച വാഴകൾ ഉൾപ്പെടെ വ്യാപകമായി വാഴക്കൃഷിയാണു കാര്യമായി നശിച്ചത്. പലയിടങ്ങളിലും റോഡിലേക്ക് മരങ്ങൾ വീണു ഗതാഗതം തടസ്സപ്പെട്ടു. രാവിലെ 6 മണിവരെ പല സ്‌ഥലങ്ങളിലും ശക്തമായ കാറ്റ് തുടർന്നു.
വൈദ്യുതലൈനുകളും പോസ്റ്റുകളും തകർന്നതോടെ മിക്കയിടത്തും ഇന്നലെ രാവിലെ വൈദ്യുതി മുടങ്ങി. . ഗ്രാമീണറോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. പ്രധാന റോഡുകളിൽ തടസ്സങ്ങളില്ല. പുലർച്ചെ കാറ്റ് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയെങ്കിലും, ഇന്നലെ പകൽ തെളിഞ്ഞ കാലാവസ്ഥയായിരുന്നു.
കാഞ്ഞിരപ്പള്ളി പുളിമാവ് വെട്ടത്ത് ജോബ് കെ. വെട്ടം ഒരേക്കർ സ്ഥലത്ത് പാട്ടത്തിനു കൃഷി ചെയ്ത 425 വാഴ കൾ കാറ്റിൽ ഒടിഞ്ഞുനശിച്ചു. മു ന്നൂറോളം കുലച്ച വാഴകളും നശിച്ചതിൽ ഉൾപ്പെടുന്നു.
കാഞ്ഞിരപ്പള്ളി വൈദ്യുതി സെക്ഷനു കീഴിൽ 5 വൈദ്യുത പോസ്‌റ്റുകൾ തകർന്നു. പാറത്തോട്ടിൽ 7 വൈദ്യുതി പോസ്റ്റുകൾ മരം വീണു തകർ ന്നു.എരുമേലിയിൽ 22 സ്ഥലങ്ങളിൽ മരങ്ങൾ വീണ് വൈദ്യുത കമ്പി പൊട്ടി. കനകപ്പലത്ത് 11 കെവി പോസ്റ്റ് ഒടിഞ്ഞു. ഒഴക്കനാട്, മുക്കൂട്ടുതറ എന്നിവിടങ്ങളിലായി 8 പോസ്റ്റുകൾ തകർന്നു.
എരുമേലിയിൽ കാറ്റ് നാശം വിതച്ചു : റോഡിൽ മരങ്ങൾ വീണ് തടസം.
എരുമേലി : ഇന്നലെ രാവിലെ അതിശക്തമായ നിലയിൽ കാറ്റ് വീശിയതിനെ തുടർന്ന് പരക്കെ നാശനഷ്‌ടങ്ങൾ. ശക്തമായ മഴ അനുഭവപ്പെട്ടില്ലങ്കിലും ഇടകടത്തി – അറയാഞ്ഞിലിമണ്ണ് കോസ്‌വേ പാലത്തിൽ വെള്ളം കയറി അല്പസമയം ഗതാഗത തടസമുണ്ടായി. മരങ്ങൾ കടപുഴകി റോഡിൽ വീണ് കനകപ്പലം – വെച്ചൂച്ചിറ റോഡിൽ ഗതാഗതം തടസപ്പെട്ടു. വനത്തിൽ നിന്നുള്ള മരങ്ങൾ ആണ് റോഡിൽ വീണത്. സ്വകാര്യ ബസുകളും വാഹനങ്ങളും മരങ്ങൾ നീക്കി ഗതാഗതം പുനസ്ഥാപിക്കുന്നത് വരെ സമാന്തര പാതയായ മറ്റന്നൂർക്കര – നെടുങ്കാവുവയൽ റോഡിലൂടെയാണ് വെച്ചൂച്ചിറ ഭാഗത്തേക്ക് സഞ്ചരിച്ചത്. തുമരംപാറ, മൂക്കൻപെട്ടി, മുക്കൂട്ടുതറ, കനകപ്പലം, വെച്ചൂച്ചിറ, മണിപ്പുഴ, കുളമാംകുഴി, ഇരുമ്പൂന്നിക്കര, എലിവാലിക്കര, ഇടകടത്തി പ്രദേശങ്ങളിൽ കാറ്റ് ശക്തമായി അനുഭവപ്പെട്ടു. ഒട്ടേറെ കർഷകരുടെ മരങ്ങളും കൃഷികളും നശിച്ചു. വാഴ കൃഷി ആണ് വ്യാപകമായി നശിച്ചത്. വെച്ചൂച്ചിറ ഉറുമ്പിൽ ബാബുവിന്റെ 150 വാഴകൾ നശിച്ചു. തുമരംപാറ തെക്കേമാവുങ്കമണ്ണിൽ റാഫിയുടെ വാഴ കൃഷിയും നശിച്ചു.
കാറ്റിലും മഴയിലും വീടുകള്‍ക്ക് നാശം
വാഴൂര്‍: ബുധനാഴ്ച പുലര്‍ച്ചെ ഉണ്ടായ കാറ്റില്‍ വാഴൂര്‍ വില്ലേജില്‍ രണ്ട് വീടുകള്‍ക്കും വെള്ളാവൂര്‍ വില്ലേജില്‍ ഒരു വീടിനും കേടുപാടുകള്‍ സംഭവിച്ചു. വാഴൂരില്‍ കാഞ്ഞിരപ്പാറ പറമ്പുങ്കല്‍ രാജന്റെ വീടിന് മുകളിലേക്ക് തേക്കുമരം വീണു. വീടിന്റെ ഷീറ്റിട്ട മേല്‍ക്കൂര തകര്‍ന്നു. വീടിന് ഭാഗികമായി നാശമുണ്ടായി. കാഞ്ഞിരപ്പാറ കുട്ടിക്കല്‍ നാനാമോളിന്റെ വീടിന്റെ ഭിത്തി അടര്‍ന്നു. പുളിക്കല്‍ കവല കുന്നുപറമ്പില്‍ യോഹന്നാന്റെ വീടിന് സമീപത്തെ കയ്യാല ഇടിഞ്ഞു. വെള്ളാവൂര്‍ വില്ലേജില്‍ ഏറത്തു വടകര തോപ്പില്‍ ഓമനക്കുട്ടന്റെ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞ് വീണ് വീടിന് ഭാഗികമായി നാശം സംഭവിച്ചു. വെള്ളാവൂര്‍ വില്ലേജില്‍ നിലമേല്‍ എന്‍.ആര്‍. രാകേഷിന്റെ കാറിന്റെ മുകളിലേക്ക് മരം കടം പുഴകി വീണ് കാറിന് കേടുപാടുകള്‍ സംഭവിച്ചു.