പൊൻകുന്നം ഡിപ്പോയിലെ കെഎസ്ആർടിസി ബസിൽ മദ്യം കടത്ത് ; ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെ നടപടി
പൊൻകുന്നം ∙ കെഎസ്ആർടിസി ബസിൽ അനധികൃതമായി മദ്യം കടത്തിയതിന് ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെ നടപടി. സംഭവത്തിൽ ഡിപ്പോയിലെ ബദലി (താൽക്കാലിക) വിഭാഗം കണ്ടക്ടർ ഫൈസലിനെ ജോലിയിൽ നിന്നു പിരിച്ചുവിടുകയും ഡ്രൈവർ വി.ജി.രഘുനാഥനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ 10നു പൊൻകുന്നം ഡിപ്പോയിലെ മണക്കടവ് ഫാസ്റ്റ് പാസഞ്ചർ ബസിൽ നിന്നാണ് മദ്യം പിടികൂടിയത്. കെഎസ്ആർടിസി വിജിലൻസ് വിഭാഗം സ്ക്വാഡ് കോഴിക്കോട് ബസ് സ്റ്റാൻഡിൽ വച്ച് നടത്തിയ പരിശോധനയിലാണ് 750 മില്ലിലീറ്റർ വീതമുള്ള 5 കുപ്പി വിദേശം മദ്യം കണ്ടക്ടറുടെ സീറ്റിനടിയിലെ ബോക്സിൽ നിന്നു കണ്ടെടുത്തത്. ഇവ എക്സൈസിനു കൈമാറി.
താൽക്കാലിക വിഭാഗത്തിൽ ഡ്രൈവർ കം കണ്ടക്ടർ ജീവനക്കാരനായിരുന്നു ഫൈസൽ. കോർപറേഷന്റെ ചട്ടങ്ങൾക്കു വിരുദ്ധമായി ഡ്യൂട്ടിക്കിടെ സർവീസ് ബസിൽ കണ്ടക്ടറുടെ സീറ്റിനടിയിലെ ബോക്സിൽ സൂക്ഷിച്ചു മദ്യം കടത്താൻ ശ്രമിച്ചത് കോർപറേഷന്റെ സൽപേരിനു കളങ്കം വരുത്തിയെന്നും സംഭവം ഗുരുതര കൃത്യവിലോപവും ചട്ടലംഘനവുമാണെന്നും ചൂണ്ടിക്കാട്ടിയാണ് കെഎസ്ആർടിസി വിജിലൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ എ.ഷാജി ഇവർക്കെതിരെ നടപടി സ്വീകരിച്ചത്