ജെസ്ന തിരോധാന കേസ് : വെളിപ്പെടുത്തൽ നടത്തിയ സ്ത്രീയെ നുണപരിശോധനയ്ക്ക് വിധേയയാക്കാനുള്ള അനുമതിപത്രം സിബിഐ
മുണ്ടക്കയം ∙ ജെസ്ന മരിയ ജയിംസ് തിരോധാനക്കേസിൽ വെളിപ്പെടുത്തൽ നടത്തിയ സ്ത്രീയെ നുണപരിശോധനയ്ക്കു വിധേയയാക്കാനുള്ള അനുമതിപത്രം സിബിഐ അവരിൽനിന്ന് ഒപ്പിട്ടു വാങ്ങി. കാണാതാകുന്നതിനു മുൻപു മുണ്ടക്കയം ടൗണിലെ ലോഡ്ജിൽ ജെസ്നയെ കണ്ടു എന്നാണ് അതേ ലോഡ്ജിലെ മുൻ ജീവനക്കാരിയുടെ മൊഴി.
സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇവർ വെളിപ്പെടുത്തിയ കാര്യങ്ങളിൽ സാഹചര്യ പരിശോധന നടത്തി. ടൗണിലെ തിരക്കേറിയ സ്ഥലത്തെ ലോഡ്ജിൽ ഇത്തരത്തിൽ ഒരു വിദ്യാർഥിനി വരാൻ സാധ്യതയുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണു വിശകലനം ചെയ്തത്. വെളിപ്പെടുത്തൽ നടത്തിയ സ്ത്രീയുടെ ജീവിതസാഹചര്യങ്ങളും പരിശോധിച്ചു. ഇപ്പോൾ വെളിപ്പെടുത്താനുള്ള കാരണം, വാർത്താ ചാനലിന് ഈ വെളിപ്പെടുത്തൽ നടത്തി അഭിമുഖം നൽകാനുള്ള കാരണം എന്നിവയും പരിശോധിച്ചു.
ലോഡ്ജിലെ ജോലിയിൽ നിന്ന് ഒഴിവാക്കിയതിലുള്ള വ്യക്തിവിരോധം തീർക്കാനാണു വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നായിരുന്നു ലോഡ്ജ് ഉടമയുടെ മൊഴി. നേരത്തേ ക്രൈംബ്രാഞ്ചിനോടു നടത്തിയ വെളിപ്പെടുത്തൽ വീണ്ടും ആവർത്തിച്ചതു വാർത്താചാനലുകൾ ചോദിച്ചതിനാലാണെന്നു സ്ത്രീ സിബിഐയോടു പറഞ്ഞു. സ്ത്രീയുടെ മൊഴിയും സാഹചര്യങ്ങളും അന്വേഷണസംഘം പൂർണമായി വിശകലനം ചെയ്ത ശേഷമാകും നുണപരിശോധനയ്ക്കുള്ള നടപടി ആരംഭിക്കുക. കാഞ്ഞിരപ്പള്ളിയിലെ കോളജിൽ ബികോം രണ്ടാം വർഷ വിദ്യാർഥിനിയായിരുന്ന ജെസ്നയെ പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ കൊല്ലമുള സന്തോഷ് കവലയിലെ വീട്ടിൽ നിന്ന് 2018 മാർച്ച് 22നാണു കാണാതായത്.