കാഞ്ഞിരപ്പള്ളി ന്യൂസ് – ഇന്നത്തെ പത്രം date :24/08/2024
കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏറ്റവും പുതിയ വാർത്തകൾ, വിശേഷങ്ങൾ, ഫോട്ടോകൾ, അറിയിപ്പുകൾ, തൊഴിൽ വാർത്തകൾ, ചരമ വാർത്തകൾ, ഇന്നത്തെ പരിപാടി, പരാതികൾ ഉൾപ്പെടെ നമ്മുടെ നാട്ടിലെ സമഗ്രമായ വാർത്തകൾ ഒറ്റ ലിങ്കിൽ …
മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളി സുവർണജൂബിലി നിറവിൽ
മുണ്ടക്കയം: അര നൂറ്റാണ്ടിന്റെ വിശ്വാസ പാരമ്പര്യവുമായി മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളി സുവർണ ജൂബിലി നിറവിൽ. നാളെ മുതൽ 2025 ഫെബ്രുവരി 23 വരെ നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് ജൂബിലിയുടെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്.
നാളെ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. രാവിലെ 6.45ന് ജൂബിലി കൊടിയുയർത്തും. തുടർന്ന് തിരിതെളിക്കലും വിശുദ്ധ കുർബാനയും നടക്കും. കാഞ്ഞിരപ്പള്ളി രൂപത വി കാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ തിരുക്കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കും.
വിശ്വാസത്തിൽ വേരൂന്നി സേവനങ്ങളിൽ ശാഖ വിരിച്ച് രണ്ട് ഫൊറോനകളായിത്തീർന്ന 25 ഇടവകകളും അവിടെ ശുശ്രൂഷ ചെയ്യുന്ന വൈദികരും കൃതജ്ഞ താബലി അർപ്പിച്ച് വിവിധ ദിനങ്ങളിൽ ജൂബിലി സന്തോഷങ്ങളിൽ പങ്കുചേരും. 182 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന സുവർണദിനങ്ങളിൽ എല്ലാ ഞായറാഴ്‌ചകളിലും രാവിലെ 7. 15ന് മുണ്ടക്കയം, പെരുവന്താനം ഫൊറോനകളിലെ വിവിധ ഇടവകകളിൽ നിന്നുള്ള വൈദികർ മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കും.
ജൂബിലി ആഘോഷങ്ങളുടെ വ്യത്യസ്ത ദിനങ്ങളിൽ മാർ മാത്യു അറയ്ക്കൽ, മാർ സിബി മാത്യു പീടികയിൽ, മാർ ബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ ജോസ് പുളിക്കൽ എന്നിവർ പൊന്തിഫിക്കൽ കുർബാന അർപ്പിക്കും. ഇടവകയിൽ ശുശ്രൂഷ ചെയ്ത മുൻ ഇടവക വികാരിമാരും അസിസ്റ്റന്റ് വികാരിമാരും ദൈവവിളി ലഭിച്ചവരും ലോകത്തിന്റെ വിവിധ മേഖലകളിൽ ശുശ്രൂഷ ചെയ്യുന്നവരുമാ യ മിഷനറിമാരായ വൈദികരും കൃതജ്ഞതാപ്രകാശത്തിന് തിരികെയെത്തും. അടുത്ത വർഷത്തെ തിരുനാൾ സമാപനത്തോടെയാണ് ജൂബിലി ആഘോഷങ്ങൾ സമാപിക്കുക.
2025 ഫെബ്രുവരി 22ന് വൈകുന്നേരം 6.30ന് സുവർണ ജൂബിലി മഹാസമ്മേളനം നടക്കും. ചടങ്ങിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ജുബിലി സ്മാരകഭവനത്തിന്റെ താക്കോൽദാനം നിർവഹിക്കും. കഴിഞ്ഞ 50 വർഷങ്ങളിൽ വ്യത്യസ്‌ത തലങ്ങളിൽ മാറ്റു തെളിയി ച്ചപ്രതിഭകളെ സമ്മേളനത്തിൽ ആദരിക്കും. ജൂബിലി ആഘോഷങ്ങളുടെ എല്ലാ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വികാരി റവ. ഡോ. ജയിംസ് മുത്തനാട്ട് അറിയിച്ചു.
ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്
മണിമല: കറിക്കാട്ടൂരിൽ ഇന്നോവ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്. ഇന്നോവ കാറിൽ ഉണ്ടായിരുന്ന മുക്കൂട്ടുതറ സ്വദേശികളായ ഇല്ലിക്കൽ രഘുനാഥൻ (62), മകൻ രഞ്ജിത്ത് (34) എന്നിവരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ പരിക്കേറ്റ 13 ബസ് യാത്രിക്കാരെ മണിമല ചെ ത്തിപ്പുഴ സെന്റ് തോമസ് സബ് സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ആറിനാണ് സംഭവം. റാന്നി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിർദിശയിൽ നിന്നുവന്ന കാറും കൂട്ടിയിടിക്കു കയായിരുന്നു. കോട്ടയം-എരുമേലി റൂട്ടി ലോടുന്ന സിറ്റി സർവീസ് ബസാണ് അപകടത്തിൽപ്പെട്ടത്.
മുണ്ടക്കയം ബൈപാസ് റോഡിൽ നിന്നു മറുകരയിലേക്ക് നടപ്പാലം നിർമ്മിക്കുവാൻ പദ്ധതി
മുണ്ടക്കയം ∙ ബൈപാസ് റോഡിൽ നിന്നു മറുകരയിലേക്ക് നടപ്പാലം നിർമിക്കുന്ന പദ്ധതിയുടെ പ്രാരംഭ നടപടികൾക്ക് തുടക്കമായി. എസ്റ്റിമേറ്റ് തയാറാക്കുന്നതിനു മുന്നോടിയായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിച്ചു.
പഴയ മുണ്ടക്കയം, വേങ്ങക്കുന്ന്, പുത്തൻചന്ത നിവാസികൾക്ക് വേഗത്തിൽ ടൗണിൽ എത്താൻ കഴിയുന്ന രീതിയിലാണ് പാലം നിർമിക്കാൻ ഉദ്ദേശിക്കുന്നത്. പുത്തൻചന്ത പഞ്ചായത്ത് സ്റ്റേഡിയത്തിലേക്ക് ആളുകൾക്ക് എത്താനും പാലം ഉപകാരപ്പെടും.
വെള്ളപ്പൊക്കം ഉണ്ടായാൽ അതിജീവിക്കുന്ന തരത്തിലുള്ള നിർമാണമാണ് ലക്ഷ്യമിടുന്നതെന്ന് എംഎൽഎ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, വൈസ് പ്രസിഡന്റ് ഷീല ഡൊമിനിക്, സി.വി.അനിൽ കുമാർ, ദിലീഷ് ദിവാകരൻ, ഷിജി ഷാജി, പ്രസന്ന ഷിബു തുടങ്ങിയവർ ഉദ്യോഗസ്ഥ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
ജെസ്ന തിരോധാന കേസ് : വെളിപ്പെടുത്തൽ നടത്തിയ സ്ത്രീയെ നുണപരിശോധനയ്ക്ക് വിധേയയാക്കാനുള്ള അനുമതിപത്രം സിബിഐ
മുണ്ടക്കയം ∙ ജെസ്ന മരിയ ജയിംസ് തിരോധാനക്കേസിൽ വെളിപ്പെടുത്തൽ നടത്തിയ സ്ത്രീയെ നുണപരിശോധനയ്ക്കു വിധേയയാക്കാനുള്ള അനുമതിപത്രം സിബിഐ അവരിൽനിന്ന് ഒപ്പിട്ടു വാങ്ങി. കാണാതാകുന്നതിനു മുൻപു മുണ്ടക്കയം ടൗണിലെ ലോഡ്ജിൽ ജെസ്നയെ കണ്ടു എന്നാണ് അതേ ലോഡ്ജിലെ മുൻ ജീവനക്കാരിയുടെ മൊഴി.
സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇവർ വെളിപ്പെടുത്തിയ കാര്യങ്ങളിൽ സാഹചര്യ പരിശോധന നടത്തി. ടൗണിലെ തിരക്കേറിയ സ്ഥലത്തെ ലോഡ്ജിൽ ഇത്തരത്തിൽ ഒരു വിദ്യാർഥിനി വരാൻ സാധ്യതയുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണു വിശകലനം ചെയ്തത്. വെളിപ്പെടുത്തൽ നടത്തിയ സ്ത്രീയുടെ ജീവിതസാഹചര്യങ്ങളും പരിശോധിച്ചു. ഇപ്പോൾ വെളിപ്പെടുത്താനുള്ള കാരണം, വാർത്താ ചാനലിന് ഈ വെളിപ്പെടുത്തൽ നടത്തി അഭിമുഖം നൽകാനുള്ള കാരണം എന്നിവയും പരിശോധിച്ചു.
ലോഡ്ജിലെ ജോലിയിൽ നിന്ന് ഒഴിവാക്കിയതിലുള്ള വ്യക്തിവിരോധം തീർക്കാനാണു വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നായിരുന്നു ലോഡ്ജ് ഉടമയുടെ മൊഴി. നേരത്തേ ക്രൈംബ്രാഞ്ചിനോടു നടത്തിയ വെളിപ്പെടുത്തൽ വീണ്ടും ആവർത്തിച്ചതു വാർത്താചാനലുകൾ ചോദിച്ചതിനാലാണെന്നു സ്ത്രീ സിബിഐയോടു പറഞ്ഞു. സ്ത്രീയുടെ മൊഴിയും സാഹചര്യങ്ങളും അന്വേഷണസംഘം പൂർണമായി വിശകലനം ചെയ്ത ശേഷമാകും നുണപരിശോധനയ്ക്കുള്ള നടപടി ആരംഭിക്കുക. കാഞ്ഞിരപ്പള്ളിയിലെ കോളജിൽ ബികോം രണ്ടാം വർഷ വിദ്യാർഥിനിയായിരുന്ന ജെസ്നയെ പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ കൊല്ലമുള സന്തോഷ് കവലയിലെ വീട്ടിൽ നിന്ന് 2018 മാർച്ച് 22നാണു കാണാതായത്.
കപ്പാട് ഗവ. സ്കൂളിൽ ഭക്ഷ്യമേള നടത്തി
കാഞ്ഞിരപ്പള്ളി: കപ്പാട് ഗവൺമെന്റ് സ്‌കൂളിൽ അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ ഭക്ഷ്യമേള നടത്തി. പായ്ക്കറ്റ് ഭക്ഷണങ്ങളുടെ അമിത ഉപയോഗം നിലനിൽക്കുന്ന കാലഘട്ടത്തിൽ പുതിയ തലമുറയിലേക്ക് ആരോഗ്യകരമായ ഭക്ഷണശീലം വളർത്തിയെടുക്കുന്നതിനുള്ള സന്ദേശം നൽകുന്നതിനുവേണ്ടിയാണ് കൊതിയൂറും രുചിമേളം എന്ന പേരിൽ ഭക്ഷ്യമേള സംഘടിപ്പി ച്ചത്.
കാഞ്ഞിരപ്പള്ളി പഞ്ചായത്തംഗം ബ്ലെസി ഭക്ഷ്യമേള ഉദ്ഘാടനം ചെയ്‌തു. പ്രഥമാധ്യാപിക ടി. എച്ച്. ഷീജാമോൾ, പിടിഎ പ്രസിഡന്റ് എൻ.ജെ. സാബു, സ്റ്റാഫ് സെക്രട്ടറി യോഗേഷ് ജോസഫ് എന്നിവർ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി വളപ്പിൽ കാടുകൾ വളർന്ന നിലയിൽ
കാഞ്ഞിരപ്പള്ളി ∙ ജനറൽ ആശുപത്രി വളപ്പിൽ കാടുകൾ വളർന്ന നിലയിൽ. മെഡിക്കൽ വാർഡിനും പ്രസവ വാർഡിനും സമീപത്താണ് കാടുകൾ വളർന്നു നിൽക്കുന്നത്. ഇവിടെ ഇഴജന്തുക്കളുടെ സാന്നിധ്യമുണ്ടാകുമെന്നാണു ആശുപത്രിയിൽ എത്തുന്നവർ പറയുന്നത്. മുൻപ് ആശുപത്രി വളപ്പിൽ നിന്നു പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങളെ പിടികൂടിയിട്ടുണ്ട്.
അന്നു പരിസരത്തെ കാടു വെട്ടിത്തെളിച്ചു. എന്നാൽ വീണ്ടും ആശുപത്രി കെട്ടിടങ്ങൾക്കു പിന്നിലായി കാടുകയറിയ നിലയിലാണ്. മെഡിക്കൽ വാർഡിനും പ്രസവവാർഡിനും പരിസരത്താണ് പുല്ലും ഇഞ്ചമുള്ളും കാട്ടുചേമ്പും വളർന്നു നിൽക്കുന്നത്. സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിനു ചുറ്റും കാടുവളർന്ന നിലയിലാണ്.
പ്രസവ വാർഡിൽ നിന്നു കന്റീനിലേക്കു പോകുന്ന വഴിയുടെ പരിസരവും കാടുപിടിച്ച നിലയിലാണ്. രാത്രി മതിയായ വെളിച്ചമില്ല. ഇവിടെ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതത്തൂണുകളിലും കാടുകയറിയ നിലയിലാണ്.
കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു
എരുമേലി ∙ മുക്കൂട്ടുതറ മുട്ടപ്പള്ളി കുട്ടപ്പായിപ്പടിയിൽ ഇന്നലെ രാത്രി കുട്ടിയാന അടക്കമുള്ള കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. വീടിന്റെ അടുത്തുവരെയെത്തിയ കാട്ടാനകൾ വീട്ടിലേക്കുള്ള വൈദ്യുതി കേബിൾ തകർക്കുകയും വൈദ്യുതി പോസ്റ്റ് ചരിക്കുകയും ചെയ്തു. കർഷകരുടെ വാഴ, കവുങ്ങ് മറ്റ് കൃഷികൾ എന്നിവയും നശിപ്പിച്ചു. വനമേഖലയിൽ നിന്നാണു കാട്ടാനക്കൂട്ടം നാട്ടിലേക്ക് ഇറങ്ങിയത്. ഫെൻസിങ് ഇല്ലാത്തതു മൂലമാണ് കാട്ടാനകൾ നാട്ടിലിറങ്ങി കൃഷികൾ നശിപ്പിച്ചതെന്നു കർഷകർ ആരോപിച്ചു.
ഇന്നലെ രാത്രി 9.30 ന് കുട്ടപ്പായിപ്പടി ചൂണ്ടച്ചേരി സിന്ധു സോമന്റെ വീടിന്റെ സമീപമാണ് ആദ്യം കാട്ടാനകൾ ഇറങ്ങിയത്. വീട്ടുകാർ ബഹളം വച്ചതോടെ കാട്ടാനകൾ ഇവിടെ നിന്ന് വനത്തിലേക്ക് കയറിപ്പോയി. പിന്നീട് പുലർച്ചെ മൂന്നുമണിയോടെ വീണ്ടും എത്തിയാണ് പ്രദേശത്തെ ഒട്ടേറെ വീടുകളിലെയും പുരയിടങ്ങളിലെയും കൃഷികൾ നശിപ്പിച്ചത്.
കുട്ടപ്പായിപ്പടി തത്തംകുളം ടി.ജെ.വർഗീസും കുടുംബവും വീടിന്റെ മുറ്റത്തെത്തി കൃഷികൾ നശിപ്പിച്ച കാട്ടാനക്കൂട്ടത്തെ ഭയന്ന് മണിക്കൂറുകളാണ് കഴിയേണ്ടിവന്നത്. ഇന്നലെ വൈകിട്ട് 9 മണിയോടെ കാട്ടാനകൾ ഇറങ്ങിയപ്പോൾ പാട്ട കൊട്ടിയും ശബ്ദം ഉണ്ടാക്കിയും ബഹളം വച്ചും ഓടിച്ചു. ഇതിനുശേഷം കിടന്നുറങ്ങി. പുലർച്ചെ വീടിനു സമീപം വാഴകൾ ചവിട്ടിയൊടിക്കുന്നത് കേട്ടാണ് ഉണർന്നത്. ലൈറ്റ് ഇട്ടു നോക്കിയപ്പോൾ വൈദ്യുതിയില്ല. വീടിന്റെ മുറ്റത്തുനിന്ന വാഴകൾ മറിക്കുന്ന ശബ്ദം കേട്ടതോടെ ആനകൾ മുറ്റത്തെത്തിയെന്ന് മനസ്സിലായി. ടോർച്ചടിച്ച് നോക്കിയാൽ ആനകൾ ആക്രമിക്കുമെന്ന് ഭയന്ന് അതിനും ശ്രമിച്ചില്ല. വീടിനുള്ളിൽ ഇരുട്ടത്ത് ഇരുന്ന് പാട്ട കൊട്ടി ശബ്ദം ഉണ്ടാക്കി. സമീപമുള്ള വീട്ടുകാരും ഉണർന്ന് ലൈറ്റിടുകയും ശബ്ദം വയ്ക്കുകയും ചെയ്തതോടെ ആനക്കൂട്ടം പോയി. എന്നാൽ അൽപം അകലെ മാറി പുരയിടത്തിലെ കവുങ്ങുകൾ ചവിട്ടി ഓടിക്കുന്ന ശബ്ദം പുലർച്ചെ വരെ കേട്ടതിനാൽ ഉറങ്ങാൻ കഴിഞ്ഞില്ല. കുട്ടിയാന അടക്കമുള്ള ആനക്കൂട്ടമാണ് എത്തിയതെന്ന് രാവിലെയാണ് മനസ്സിലായത്. വീട്ടിലേക്കുള്ള വൈദ്യുതി കണക്‌ഷൻ കേബിൾ ആനകൾ പറിച്ച് എറിഞ്ഞ നിലയിലായിരുന്നു. വൈദ്യുതിപോസ്റ്റ് ചവിട്ടിയതിനാൽ ചരിഞ്ഞനിലയിലായിരുന്നു.
വാഴ, കവുങ്, തെങ്ങ്, റബർ തുടങ്ങി കണ്ണിൽകണ്ടതെല്ലാം നശിപ്പിച്ചിട്ടാണു കാട്ടാനകൾ വനം കയറിയത്. കുലച്ചതും പാകമായതുമായ ഒട്ടേറെ വാഴകൾ തിന്നു. വലിയ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. സാജൻ തത്തംകുളം, മുളങ്ങാശേരി സിബി, കൊല്ലംതുണ്ടിപ്പറമ്പിൽ അത്തിക്കിരി, കമ്പിയിൽ ശ്രീജിത്ത് തുടങ്ങിയവരുടെ കൃഷികളാണ് വ്യാപകമായി നശിപ്പിച്ചത്.
കാട്ടുപന്നിയുടെ ആക്രമണത്തിൽ മുട്ടപ്പള്ളി കുട്ടപ്പായിപ്പടി ഐക്കരകരോട്ട് വി.ജി.സുരേഷിന് പരുക്കേറ്റതു കഴിഞ്ഞയാഴ്ചയാണ്. കാലിന്റെ മുട്ടിനു പൊട്ടലും തലയ്ക്ക് പരുക്കുമേറ്റ സുരേഷ് ഇപ്പോഴും ചികിത്സയിലാണ്. ഞായറാഴ്ച രാത്രി 9.45ന് സുരേഷ് ജോലി കഴിഞ്ഞു കുട്ടപ്പായിപടിയിൽ ബസ് ഇറങ്ങി പഞ്ചായത്ത് റോഡിലൂടെ വീട്ടിലേക്ക് പോകുമ്പോൾ കാട്ടുപന്നി പാഞ്ഞെത്തി കുത്തിവീഴ്ത്തുകയായിരുന്നു.
ആകാശവാണി വാർഷികാഘോഷം
പനമറ്റം: ആകാശവാണി തിരുവനന്തപുരം നിലയത്തി ന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന നാലാമത് പരിപാടി ഞായറാഴ്ച മൂന്നിന് പനമറ്റം ദേശീയ വായനശാലയിൽ നടത്തും.
കഥയരങ്ങിൽ അയ്മനം ജോൺ, മധുപാൽ, വിനു എബ്രഹാം, ഉണ്ണിക്കൃഷ്ണൻ കിടങ്ങൂർ, ജയശ്രീ പള്ളിക്കൽ എന്നിവർ പങ്കെടുക്കും. പ്രോ ഗ്രാം അസി. ഡയറക്ടർ ശ്രീകുമാർ മുഖത്തല വിഷയാവതര ണം നടത്തും.
എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട്, വായനശാല പ്രസി ഡന്റ് എസ്.രാജീവ് എന്നിവർ അതിഥികളെ ആദരിക്കും. നാലിന് “ചലച്ചിത്രഗാനങ്ങ ളിലെ കാവ്യദീപ്തി’ വിഷയ ത്തിൽ ഡോ. അജയപുരം ജ്യോതിഷ്കുമാർ പ്രഭാഷണം നടത്തും.
ധർണ ഇന്ന്
മുണ്ടക്കയം ∙ 2021ലെ പ്രളയ ബാധിത മേഖലയായ കൂട്ടിക്കൽ പഞ്ചായത്തിനോട് സംസ്ഥാന സർക്കാർ അവഗണന കാണിക്കുന്നു എന്നാരോപിച്ച് ബിജെപി പഞ്ചായത്ത് കമ്മിറ്റി ഇന്ന് ഇളങ്കാട് ടൗണിൽ ധർണ നടത്തും. വൈകിട്ട് 4.30ന് പി.സി.ജോർജ് ഉദ്ഘാടനം ചെയ്യും.
അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും
മണിമല: മണിമലയിലും കറിക്കാട്ടൂരിലും പൊന്തൻപുഴയിലും പ്രവർത്തിച്ചുവന്നിരുന്ന സഹകരണ സംഘങ്ങളെ സംയോജിപ്പിച്ച് രൂപീകരിച്ച മണിമല സർവീ സ് സഹകരണബാങ്കിന്റെ പ്രസിഡന്റും സെക്രട്ടറിയുമായി സേവനം ചെയ്തു മൺമറഞ്ഞു പോയവരുടെ ഫോട്ടോ അനാച്ഛാദനവും അനുസ്മരണവും ഇന്ന് ബാങ്ക് ഹാളിൽ നടക്കും.
രാവിലെ 10ന് ബാങ്ക് പ്രസിഡന്റ്റ്എ.കെ. കുര്യാക്കോസിന്റെ അ ധ്യക്ഷതയിൽ എൻ.എ. ഗ്രിഗറി നല്ലേപറമ്പിൽ, കെ.ജെ. ചാക്കോ കരിമ്പൻമാക്കൽ, തയ്യിൽ പാപ്പച്ചൻ, എൻ.ആർ. ശ്രീധരൻ നായർ, വെട്ടിക്കാട്ട് വി.എ. ജോസഫ്, എം.വി. മാത്യു മണ്ണാംപറമ്പിൽ തുടങ്ങിയവരുടെ ഫോട്ടോകളാണ് ബാങ്കിൽ അനാച്ഛാദനം ചെ യ്യുന്നത്.
അനുസ്‌മരണ യോഗത്തിൽ ആന്റോ ആന്റണി എംപി, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, പി. സതീശ് ചന്ദ്രൻനായർ, മണിമല പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് വർഗീസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.എസ്. എമേഴ്സൺ, ജയശ്രീ ഗോപിദാസ്, വാർഡ് മെംബർ പി.ജെ. ജോസഫ്‌കുഞ്ഞ് തുടങ്ങിയവർ പ്രസംഗിക്കും.
എലിക്കുളം പഞ്ചായത്തിൽ വന്യജീവിശല്യം രൂക്ഷം
എലിക്കുളം ∙ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വന്യജീവികളുടെ ശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസങ്ങളിൽ പത്താം വാർഡിലെ തച്ചപ്പുഴ മേഖലയിൽ ഇറങ്ങിയ കാട്ടുപന്നികൾ കൃഷിയിടങ്ങളിൽ നാശമുണ്ടാക്കി. പുല്ലാട്ട് ഫിലിപ്പ് ജോസഫ്, വലക്കമറ്റത്തിൽ ജോസ്, കൊറ്റാരത്തിൽ ഷാജി, പുല്ലാട്ട് ജയിംസ് എന്നിവരുടെ പുരയിടങ്ങളിലെ കപ്പ, ചേമ്പ്, വാഴ, തെങ്ങ്, റബർ തുടങ്ങിയ കൃഷികൾ നശിപ്പിച്ചു. കാട്ടുപന്നികളെ കൂടാതെ മുള്ളൻപന്നി, കുരങ്ങ്, കുറുക്കൻ തുടങ്ങിയവയും നാട്ടിലിറങ്ങി കൃഷി നാശമുണ്ടാക്കുന്നതായി നാട്ടുകാർ ആരോപിച്ചു. പകൽ കാട്ടുപന്നികൾ കൂട്ടത്തോടെ നാട്ടിലെ കൃഷിയിടങ്ങളിൽ എത്തുകയാണ്. കാട്ടുപന്നികളും മുള്ളൻപന്നികളും റബർ, തെങ്ങ് എന്നിവയുടെ തൈകൾ ഉൾപ്പെടെയുള്ളവയുടെ അടിവശത്ത് കടിച്ചും കുത്തിയും കീറി നാശമുണ്ടാക്കുകയാണ്. കുരങ്ങും മുള്ളൻ പന്നികളും തേങ്ങകളും നശിപ്പിക്കുകയാണ്. സമീപപ്രദേശത്തെ പാറമടയ്ക്കും ചുറ്റുമുള്ള ആൾത്താമസമില്ലാത്ത പറമ്പുകളിലും ടാപ്പ് ചെയ്യാതെ കിടക്കുന്ന റബർത്തോട്ടങ്ങളിലുമാണ് വന്യജീവികളുടെ വാസമെന്നും പകൽ പോലും കൃഷിയിടങ്ങളിൽ ഇറങ്ങാൻ ഭീതിയാണെന്നും നാട്ടുകാർ പറയുന്നു.
കനത്ത മഴയിലും കാറ്റിലും വാഴ കൃഷി നശിച്ചു
മണിമല ∙ പഞ്ചായത്തിലുണ്ടായ കനത്ത മഴയിലും കാറ്റിലും കർഷകൻ കാളിയാനിൽ തോമസ് സെബാസ്റ്റ്യന് (65) ഉണ്ടായത് ലക്ഷങ്ങളുടെ നഷ്ടം. കുലച്ചതും കുലയ്ക്കാറായതുമായ നൂറ്റൻപതിലേറെ നേന്ത്രവാഴകളാണ് കാറ്റിൽ നിലംപൊത്തിയത്. 5 ഏക്കർ പറമ്പിലാണ് തോമസ് വാഴക്കൃഷി നടത്തുന്നത്. ഇതിൽ മണിമലയാറിന്റെ തീരത്തുള്ള മൂന്നര ഏക്കറിലെ കൃഷിയാണ് നശിച്ചത്. ഒപ്പമുള്ള മറ്റു വാഴകൾ ഏതു സമയത്തും നിലംപൊത്താവുന്ന നിലയിലാണ്.
ഓണവിപണി ലക്ഷ്യം വച്ചു വിളവെടുപ്പിനു നിർത്തിയിരുന്ന വാഴകൾ നശിച്ചതോടെ രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.
കൃഷിഭവൻ അധികൃതർ നാശനഷ്ടം ഉണ്ടായ സ്ഥലം സന്ദർശിച്ചെങ്കിലും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. കൃഷിയാണ് തോമസിന്റെ ഏക വരുമാനമാർഗം. കഴിഞ്ഞ വർഷം മണിമല പഞ്ചായത്തിന്റെയും സഹകരണ ബാങ്കിന്റെയും ചങ്ങനാശേരി അതിരൂപതയുടെ സേവന വിഭാഗമായ ചാസിന്റെയും മികച്ച കർഷകനുള്ള അവാർഡുകൾ തോമസ് നേടിയിരുന്നു.
ശ്രീധർമശാസ്താ ബാലഗോകുലം ശോഭായാത്രകൾ
എലിക്കുളം ∙ ഉരുളികുന്നം, എലിക്കുളം എന്നിവിടങ്ങളിലെ ശോഭായാത്രകൾ സംഗമിച്ച് ശ്രീകൃഷ്ണജയന്തി മഹാശോഭായാത്ര നടത്തും. 26ന് വൈകിട്ട് 4ന് ഉരുളികുന്നം ഐശ്വര്യഗന്ധർവസ്വാമി ഭദ്രകാളിക്ഷേത്രത്തിൽ നിന്ന് ശ്രീധർമശാസ്താ ബാലഗോകുലത്തിന്റെ ശോഭായാത്ര പുറപ്പെടും. കളരിക്കൽപ്പീടിക, ശ്രീകൃഷ്ണപുരം, താഷ്‌കന്റ്, കുരുവിക്കൂട് വഴി മഞ്ചക്കുഴിയിലെത്തും. എലിക്കുളം ശ്രീദേവി ബാലഗോകുലത്തിന്റെ ശോഭായാത്ര ശ്രീരാമവിലാസം നായർ ഭജനമന്ദിരത്തിൽ നിന്ന് 4.30ന് തുടങ്ങി അമ്പാടി കവല വഴി മഞ്ചക്കുഴിയിലെത്തും. തുടർന്ന് മഹാശോഭായാത്ര പുലിയന്നൂർക്കാട് ധർമശാസ്താക്ഷേത്രത്തിലേക്ക് നടത്തും.
ഇളങ്ങുളം ശ്രീധർമശാസ്താ , പുല്ലാട്ടുകുന്ന് പരാശക്തി ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ രാവിലെ 7 മുതൽ നാരായണീയ പാരായണം, 9ന് വിളംബര ജാഥ, 10ന് വൃക്ഷപൂജ എന്നിവയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് 3.30 ന് ശോഭായാത്രകൾ ഇരുസ്ഥലങ്ങളിൽ നിന്നും ആരംഭിക്കും. കൂരാലിയിൽ സംഗമിച്ച് മഹാശോഭായാത്രയായി ഇളങ്ങുളം ധർമശാസ്താ ക്ഷേത്ര മൈതാനിയിൽ സമാപിക്കും. തുടർന്ന് ഉറിയടിയും പ്രസാദ വിതരണവും ഉണ്ടാകുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികളായ വി.എസ്. യദുകൃഷ്ണൻ , പി.യു.അഖിൽ , വി.എസ്. ലാൽകൃഷ്ണ എന്നിവർ അറിയിച്ചു.
എൻ.എസ്.എസ്. ക്യാമ്പ്
മുരിക്കുംവയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്ലീമിന്റെ സഹവാസക്യാമ്പ് ശനിയാഴ്ച 10.30-ന് തുടങ്ങും. പി.ടി.എ. പ്രസിഡൻറ് കെ.ടി.സനിൽ അധ്യക്ഷനാകും. മുണ്ടക്കയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് ഉദ്ഘാടനം ചെയ്യും.
കഥയരങ്ങ് നാളെ
പനമറ്റം ∙ ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പനമറ്റം ദേശീയ വായനശാലയിൽ നാളെ 3ന് കഥയരങ്ങ് നടത്തും. അയ്മനം ജോൺ, മധുപാൽ, വിനു ഏബ്രഹാം, ഉണ്ണിക്കൃഷ്ണൻ കിടങ്ങൂർ, ജയശ്രീ പള്ളിക്കൽ എന്നിവർ പങ്കെടുക്കും. ആകാശവാണി പ്രോഗ്രാം മേധാവി വി.ശിവകുമാർ അധ്യക്ഷത വഹിക്കും. പ്രോഗ്രാം അസിസ്റ്റന്റ് ഡയറക്ടർ ശ്രീകുമാർ മുഖത്തല വിഷയാവതരണം നടത്തും.
ചിത്രരചന മത്സരം
എരുമേലി ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമാ യി ‘മുരളീരവം’ ചിത്രരചനാമ ത്സരം മുക്കൂട്ടുതറ തിരുവമ്പാ ടി ശ്രീകൃഷ്ണസ്വാമി ഓഡിറ്റോറി യത്തിൽ ശനിയാഴ്ച രാവിലെ ഒൻപതിന് തുടങ്ങും. ഒന്നുമു തൽ നാലാംക്ലാസ് വരെ ശി ശുവിഭാഗം, അഞ്ചുമതൽ ഏഴുവരെ ബാലവിഭാഗം, എട്ടുമുതൽ 12-ാം ക്ലാസ് വരെ കിഷോർ വിഭാഗം എന്നിങ്ങ നെയാണ് മത്സര ക്രമം. വി വരങ്ങൾക്ക്-9947986677, 6282258705.
വീടിന് സഹായമൊരുക്കി വിമുക്തഭടൻമാർ
പൊൻകുന്നം നാഷണൽ എക്‌സ് സർവീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ കാഞ്ഞിരപ്പള്ളി താലൂക്കിലെ അംഗങ്ങൾ പാറത്തോട് പഞ്ചായത്തിലെ ലൈഫ് മിഷൻ പദ്ധതിയുമായി സഹകരിച്ച് നിർധന കുടുംബത്തിന് വീട് നിർമിച്ചുനൽകാൻ സഹായമേകി. അമ്മയും രണ്ട് പെൺകുട്ടികളുമടങ്ങുന്ന കുടുംബത്തിനാണ് സഹായം നൽകിയത്. പ്ലാസ്റ്ററിങ്, അടുക്കളയിലെ അനുബന്ധജോലി, വീടിന് ടൈൽ പതിക്കൽ, വാതിലുകളുടെ പൂർത്തീകരണം, വൈദ്യുതീകരണം, മുറ്റമൊരുക്കൽ മുതലായ ജോലികൾ വിമുക്തഭടൻമാർ പൂർത്തീകരിച്ചു നൽകി.
പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട് ശശികുമാർ, വാർഡംഗം സിന്ധു മോഹനൻ, വിമുക്തഭടൻമാരായ സിബി കൂരമറ്റം, ഇ.ജി. പ്രകാശ് തുടങ്ങിയവർ മേൽനോട്ടം വഹിച്ചു. താക്കോൽദാനം 25-ന് രാവിലെ പഞ്ചായത്ത് പ്രസിഡൻറ് ശശികുമാർ നിർവഹിക്കും. വിമുക്തഭട സംസ്ഥാന ഉപദേശകസമതി ചെയർ മാൻ കെ.എസ്. തോമസ് ഉദ്ഘാടനം ചെയ്യും.
ആശാ വർക്കർമാരെ നിയമിക്കും
എരുമേലി ∙ പഞ്ചായത്തിലെ 12, 14 വാർഡുകളിൽ ഒഴിവു വന്ന ആശാ വർക്കർമാരെ നിയമിക്കുന്നതിനു സെപ്റ്റംബർ 2 ന് 11.30 ന് പഞ്ചായത്ത് ഓഫിസിൽ വച്ച് അഭിമുഖം നടക്കും. അപേക്ഷകർ വാർഡുകളിലെ സ്ഥിരം താമസക്കാരായിരിക്കണം. 10–ാം ക്ലാസ് പാസ് ആയവരും 45 വയസ്സ് പ്രായമുള്ളവരും വിവാഹിതരുമായ വനിതകൾ അസ്സൽ സർട്ടിഫിക്കറ്റുക്കളുമായി നേരിട്ടെത്തണം.
സ്പോട് അഡ്മിഷൻ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ മാസ്റ്റർ ഓഫ് ലൈബ്രറി സയൻസ് കോഴ്സിലേക്ക് (2 വർഷം) ഒഴിവുള്ള സീറ്റുകളിൽ സ്പോട് അഡ്മിഷൻ നടത്തുന്നു. യോഗ്യത ഡിഗ്രി. ഫോൺ: 9961029075.
ശ്രീകൃഷ്ണജയന്തി ശോഭായാത്രകൾ 26ന്
എരുമേലി ∙ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ പൊൻകുന്നം ഗോകുല ജില്ലയിൽ ശ്രീകൃഷ്ണ ജയന്തിദിനമായ 26ന് 500 സ്ഥലങ്ങളിൽ ശ്രീകൃഷ്ണജയന്തി ശോഭായാത്രകൾ നടത്തും. പൊൻകുന്നം, കാഞ്ഞിരപ്പള്ളി, പാലാ എന്നീ കേന്ദ്രങ്ങളിൽ മഹാശോഭായാത്രകളാണു നടക്കുന്നത്. വയനാട് ദുരന്തത്തിന്റെ സാഹചര്യത്തിൽ ആർഭാടങ്ങൾ ഒഴിവാക്കി. 1000 കേന്ദ്രങ്ങളിൽ പതാകദിനം ആചരിച്ചു. ഗോപൂജ, നദീവന്ദനം, വൃക്ഷപൂജ തുടങ്ങിയ ചടങ്ങുകളും ഇതിനോടൊപ്പം നടക്കും.
സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം
മണിമല ∙ നിർധനരായ വൃക്കരോഗികൾക്ക് കാഞ്ഞിരപ്പള്ളി സ്വരുമ പാലിയേറ്റീവ് കെയർ സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം നടത്തും. മണിമല, വെള്ളാവൂർ പഞ്ചായത്ത് നിവാസികളായ രോഗികൾക്കാണ് വിതരണം. അർഹരായവർ 25 നു മുൻപ് ഭാരവാഹികളെ ബന്ധപ്പെടണം. 8111928361
റബർ കൃഷിക്ക് ധനസഹായം
കാഞ്ഞിരപ്പള്ളി ∙ റബർ കൃഷിക്കു റബർ ബോർഡ് ധനസഹായം നൽകും. 2023, 2024 വർഷങ്ങളിൽ ആവർത്തനകൃഷി, പുതുകൃഷി നടത്തിയിട്ടുള്ള കർഷകർക്കു ധനസഹായത്തിന് സർവീസ് പ്ലസ് പോർട്ടലിലൂടെ ഓൺലൈനായി സെപ്റ്റംബർ 23 മുതൽ നവംബർ 30 വരെ അപേക്ഷ സമർപ്പിക്കാം. തന്നാണ്ട് കൃഷി ചെയ്തത് ഉൾപ്പെടെ പരമാവധി 4 ഹെക്ടർ വരെയുള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് 0.10 ഹെക്ടറെങ്കിലും കൃഷി ചെയ്തിട്ടുണ്ടാവണം. ധനസഹായം ലഭിക്കാവുന്ന പരമാവധി വിസ്തൃതി 1 ഹെക്ടർ വരെ മാത്രം. അപേക്ഷയോടൊപ്പം ആധാറുമായി ബന്ധിപ്പിച്ചുള്ള ബാങ്ക് പാസ് ബുക്ക്, ആധാർകാർഡ്, തോട്ടത്തിന്റെ അതിരുകൾ രേഖപ്പെടുത്തിയ സ്വയം തയാറാക്കിയ പ്ലാൻ, വില്ലേജ് ഓഫിസിൽ നിന്നുള്ള ഉടമസ്ഥതാ സർട്ടിഫിക്കറ്റ്, തൈകൾ വാങ്ങിയ ബിൽ, നോമിനേഷൻ, മുക്ത്യാർ (ആവശ്യമെങ്കിൽ മാത്രം) എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് റബർ ബോർഡ് റീജനൽ ഓഫിസുമായി ബന്ധപ്പെടണം.
യോഗ കോഴ്സ്: അപേക്ഷത്തീയതി നീട്ടി
കോട്ടയം ∙ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്കോൾ കേരളയിൽ ആയുഷ് മിഷന്റെ അംഗീകാരത്തോടെ ആരംഭിച്ച ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗ കോഴ്സിന് അപേക്ഷിക്കാനുള്ള തീയതികൾ നീട്ടി. സെപ്റ്റംബർ 10 വരെ ഫൈനില്ലാതെയും 23 വരെ 100 രൂപ ഫൈനോടുകൂടിയും www.scolekerala.org എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാം. യോഗ്യത: ഹയർ സെക്കൻഡറി / തത്തുല്യ കോഴ്സിലെ വിജയം. പ്രായപരിധി 17 വയസ്സു മുതൽ 50 വരെ.