കാഞ്ഞിരപ്പള്ളിയ്ക്ക് അഭിമാനം ; പ്രഥമ മെയ്ഡ് ഇൻ കേരള ബ്രാൻഡ് കാഞ്ഞിരപ്പള്ളിയിലെ കെഡിസൺ എക്സ്പെല്ലേഴ്സിന്.
കാഞ്ഞിരപ്പള്ളി: സംസ്ഥാനത്തെ സംരംഭകരെ കൈപിടിച്ചുയർത്താൻ സർക്കാർ നടപ്പാക്കുന്ന മെയ്ഡ് ഇൻ കേരള ബ്രാൻഡിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ വ്യവസായ സ്ഥാപനമായ കാഞ്ഞിരപ്പള്ളി കെഡിസൺ എക്സ്പെല്ലേഴ്സും. സംരംഭക ദിനത്തോടനുബന്ധിച്ച് തിരുവന്തപുരത്ത് നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ് മെയ്ഡ് ഇൻ കേരള ബ്രാൻഡ് സർട്ടിഫിക്കറ്റ് നൽകി. കോട്ടയം ജില്ലയിൽ നിന്ന് മെയ്ഡ് ഇൻ കേരള ബ്രാൻഡ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യസ്ഥാപനമാണ് കെഡിസൺ എക്സ്പെല്ലേഴ്സ്.
കേരളത്തില്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങളും നല്‍കുന്ന സേവനങ്ങളും ആഗോള നിലവാരത്തിലെത്തിച്ച് രാജ്യാന്തര വിപണിയിലെ വിപണന സാധ്യത വര്‍ധിപ്പിച്ച് പൊതുവായ ഒരു ബ്രാന്‍ഡ് സൃഷ്ടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയാണ് കേരള ബ്രാന്‍ഡ്.
ഉത്തരവാദിത്ത വ്യവസായമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ നയമനുസരിച്ച് മികച്ച ഗുണനിലവാരം ഉറപ്പുവരുത്തി നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ക്കാണ് കേരള ബ്രാന്‍ഡ് നല്‍കുക. ഗുണനിവലാരം, ഉത്പാദനത്തിലെ മൂല്യങ്ങള്‍ എന്നിവ പരിഗണിച്ചാണ് കേരള ബ്രാന്‍ഡിംഗ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്.
കാഞ്ഞിരപ്പള്ളി – തമ്പലക്കാട് റോഡിൽ കുന്നംപുറത്ത് പരേതനായ കെ.ഡി. സെബാസ്റ്റ്യൻ ആണ് 52 വർഷങ്ങൾക്ക് മുൻപ് കെഡിസൺ എക്സ്പെല്ലേഴ്സ് ആരംഭിച്ചത്. ഇപ്പോൾ മൂത്തമകനായ കെ.എസ്. എബ്രാഹമിന്റെ മേൽനോട്ടത്തിലും ഉടമസ്ഥതയിലുമാണ് സ്ഥാപനത്തിന്‍റെ പ്രവർത്തനം. വെളിച്ചെണ്ണയുടെ ഗുണനിലവാരത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കിക്കൊണ്ടാണ് മില്ലില്‍ ശുദ്ധമായ പച്ച വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്നത്. അംഗീകാരമുള്ള ലാബ് ടെക്നീഷ്യന്‍റെ നേതൃത്വത്തിൽ കോപ്രയുടെയും വെളിച്ചെണ്ണയുടെയും നിലവാരം ഇതോടൊപ്പം ഉറപ്പ് വരുത്തുന്നു.
സ്ഥാപനം സന്ദര്‍ശിക്കുന്ന ഉപഭോക്താക്കള്‍ക്ക് വെളിച്ചെണ്ണ ഉത്പാദനത്തിന്‍റെ ആരംഭം മുതല്‍ പാക്കിംഗ് വരെയുള്ള എല്ലാ പ്രക്രിയകളും നേരില്‍ കണ്ടു മനസിലാക്കാനും ഗുണനിലവാരം ഉറപ്പാക്കാനും സാധിക്കും എന്ന് കാഞ്ഞിരപ്പള്ളി വ്യവസായ വികസന ഓഫീസർ ഫൈസൽ കെ കെ അറിയിച്ചു തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ ജില്ലാ മാനേജർ രാജേഷ് വി ആർ മാനേജരായ മിനിമോൾ സിജി താലൂക്ക് ഓഫീസർ എം ആർ സന്തോഷ് എന്നിവർ പങ്കെടുത്തു.