ആറന്മുളക്ഷേത്രത്തിൽ ചേനപ്പാടി പാളത്തൈര് സമർപ്പണം
പൊൻകുന്നം: ആറന്മുള പാർഥസാരഥിക്ഷേത്രത്തിൽ ചേനപ്പാടി ഗ്രാമത്തിൽ നിന്നുള്ള പാളത്തൈര് ഞായറാഴ്ച സമർപ്പിക്കും. ചേനപ്പാടിയിലെ വിവിധ ക്ഷേത്രങ്ങളിൽ വഴിപാട് നടത്തിയതിന് ശേഷം രാവിലെ പാർഥസാരഥി ഭക്തജനസമിതി ഘോഷയാത്രയായാണ് തൈര് കൊണ്ടുപോകുന്നത്. ചേനപ്പാടിയിലെ ഭക്തർ സമർപ്പിച്ച തൈര് കൂടാതെ വാഴൂർ തീർഥപാദാശ്രമത്തിൽ തയ്യാറാക്കിയ തൈരും ചേർത്ത് 1500 ലിറ്ററിലേറെ നൽകും. 26-ന് ജന്മാഷ്ടമി വള്ളസദ്യയ്ക്ക് വിളമ്പും.
പാർഥസാരഥി ഭക്തജനസമിതി രക്ഷാധികാരിയും വാഴൂർ തീർഥപാദാശ്രമ കാര്യദർശിയുമായ സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദർ ഗോശാലയിലെ പശുക്കളുടെ പാലിൽ ശനിയാഴ്ച ഉറയൊഴിച്ച് തൈര് തയ്യാറാക്കി.
ഞായറാഴ്ച ഉച്ചയ്ക്ക് മുൻപ് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ വഞ്ചിപ്പാട്ടുപാടി പള്ളിയോട സേവാസമിതിയും ദേവസ്വം ഭാരവാഹികളും ഭക്തരും ചേനപ്പാടിക്കാരെ സ്വീകരിക്കും.