കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ എട്ടു നോമ്പ് ആചരണം 31 മുതൽ സെപ്റ്റംബർ എട്ടു വരെ

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രമായ പഴയ പള്ളിയിൽ എട്ടുനോമ്പ് ആചരണവും പരിശുദ്ധ മാതാവിന്റെ പിറവിത്തിരുനാളും 31 മുതൽ സെപ്റ്റംബർ എട്ടുവരെ തീയതികളിലായി നടത്തും.

എട്ടുനോമ്പ് ആചരണത്തിലെ എല്ലാ ദിവസവും വൃതാനുഷ്ഠാനമായി നോമ്പെടുത്ത് പ്രാർത്ഥിച്ച് തിരുകർമ്മങ്ങളിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ വിദൂരങ്ങളിൽ നിന്ന് പോലും മാതാക്കളും സ്ത്രീകളും എത്താറുണ്ട്. 31ന് വൈകുന്നേരം നാലിന് തിരുനാൾ കൊടിയേറ്റ് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ വികാരി ആർച്ച് പ്രീസ്റ്റ് ഫാ. വർഗീസ് പരിന്തിരിക്കൽ നിർവഹിക്കും – തുടർന്ന് ആഘോഷമായ പരിശുദ്ധ കുർബാന, ലദീഞ്ഞ് , നൊവേന.

സെപ്റ്റംബർ ഒന്നു മുതൽ എട്ടു വരെ തീയതികളിൽ രാവിലെ അഞ്ചിനും, 6.30 നും , 8. 15 നും പത്തിനും , 12 നും , ഉച്ചകഴിഞ്ഞ് രണ്ടിനും, വൈകുന്നേരം 4. 30 നും,രാത്രി ഏഴിനും പരിശുദ്ധ കുർബാന. ആറുവരെ തീയതികളിൽ വൈകുന്നേരം 6. 15ന് ജപമാല പ്രദക്ഷിണം നടക്കും. ഏഴിന് വൈകുന്നേരം ആറിന് ദിവ്യകാരുണ്യപ്രദക്ഷിണം, എട്ടിന് വൈകുന്നേരം ആറിന് കുരിശടിയിലേക്ക് പ്രദക്ഷിണം നടക്കും.

സെപ്റ്റംബർ ഒന്നിന് രാവിലെ 11. 30ന് മിഷ്യൻ ലീഗിൻ്റെ മരിയൻ തീർത്ഥാടനം പഴയ പള്ളിയിൽ എത്തും തുടർന്ന് വചന സന്ദേശം ബിഷപ്പ് മാർ ജോസ് പുളിക്കൽ നൽകും ഒന്നിന് വൈകിട്ട് 4. 30ന് സീറോ മലബാർ സഭയുടെ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ പരിശുദ്ധ കുർബാന അർപ്പിക്കും – സെപ്റ്റംബർ നാലിന് വൈകുന്നേരം 4. 30ന് മുൻ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പരിശുദ്ധ കുർബാന അർപ്പിക്കും. സെപ്റ്റംബർ ആറിന് വൈകിട്ട് 4. 30ന് മുൻ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ മാത്യൂ അറയ്ക്കൽ പരിശുദ്ധ കുർബാന അർപ്പിക്കും. ഏഴിന് വൈകിട്ട് 4. 30ന് രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസ് പുളിക്കൽ പരിശുദ്ധ കുർബാന അർപ്പിക്കും.

സമാപന ദിവസമായ സെപ്റ്റംബർ എട്ടിന് വൈകിട്ട് 4 .30ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പരിശുദ്ധ കുർബാന അർപ്പിക്കും. തിരുനാൾ ആഘോഷങ്ങൾക്ക് വികാരി ആർച്ച് പ്രീസ്റ്റ് ഫാ. വർഗീസ് പരുന്തിരിക്കൽ, റെക്ടർ ഫാ. ഇമ്മാനുവൽ മങ്കന്താനം, അസി. വികാരിമാരായ ഫാ. ജോസഫ് ആലപ്പാട്ട്കുന്നേൽ, ഫാ. ജേക്കബ് ചാത്തനാട് എന്നിവരും , കൈക്കാരന്മാരായ കെ. അലക്സ് ഇട്ടിരാച്ചൻ കൊല്ലംകുളം, പി കെ കുരുവിള പിണമറുകിൽ , പി . സി ചാക്കോ വാവലുമാക്കൽ എന്നിവരും നേതൃത്വം നൽകും.

error: Content is protected !!