പാറമടയ്ക്കെതിരെ നടപടി ചർച്ച ചെയ്യാൻ പാറത്തോട്ടിൽ ജനകീയ കൺവൻ‌ഷൻ

പാറത്തോട് ∙ ചിറ്റടി മാങ്ങാപ്പാറയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തിനു സമീപത്തെ പാറമടയ്ക്കെതിരെ നടപടി സ്വീകരിക്കുക, പ്രദേശത്തെ തോടുകളുടെ ആഴം വർധിപ്പിക്കുക, ചെക്ക് ഡാം നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ചർച്ച ചെയ്യാനും തുടർ നടപടികൾ തീരുമാനിക്കാനും ഇന്ന് വൈകിട്ട് 5.30ന് ചിറ്റടി ലൈബ്രറി ഹാളിൽ ജനകീയ കൺവൻഷൻ നടത്തും. ചിറ്റടി പബ്ലിക് ലൈബ്രറി, മുണ്ടമറ്റം പൗരസമിതി എന്നിവയുടെ നേതൃത്വത്തിലാണു കൺവൻഷൻ നടത്തുന്നതെന്നു ലൈബ്രറി പ്രസിഡന്റ് ഡയസ് കോക്കോട്ട്, പൗരസമിതി സെക്രട്ടറി ലതീഷ് നരിവേലിൽ എന്നിവർ അറിയിച്ചു.

കഴിഞ്ഞ 16ന് മാങ്ങാപ്പാറയിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് പ്രദേശത്തെ 16 വീടുകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായി. പാറമടയുടെ പ്രവർത്തനം മൂലമാണ് ഇവിടെ ഉരുൾപ്പൊട്ടലുണ്ടാകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ഉരുൾപ്പൊട്ടലിനെ തുടർന്നു തുളുവൻപാറ, പെരുംചിറ തോടുകൾ കര കവിഞ്ഞൊഴുകിയാണു വീടുകളിൽ വെള്ളം കയറിയത്.

തോടുകളിൽ ആഴം കുറഞ്ഞതും വെള്ളം വീടുകളിൽ കയറാൻ കാരണമായി. തോടുകളുടെ ആഴം വർധിപ്പിക്കണമെന്ന ആവശ്യവും ചണ്ണത്തോട്ടിലെ ചെക്ക് ഡാം പൊളിച്ച് നീക്കണമെന്ന ആവശ്യവും ചർച്ച ചെയ്യും. പ്രശ്നങ്ങൾക്കു പരിഹാരമുണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്കു കടക്കാനാണ് തീരുമാനം.

ഉരുൾപൊട്ടിയ മാങ്ങാപ്പാറ മലയ്ക്ക് അഭിമുഖമായുള്ള മല തുരന്നാണു പാറമട പ്രവർത്തിക്കുന്നത്. ഉരുൾപൊട്ടലുണ്ടായ മങ്ങാപ്പാറ മലയിൽ നിന്നെത്തുന്ന മലവെള്ളം പാറമട പ്രവർത്തിക്കുന്ന മലയിൽ തട്ടി ചാലുകളിലൂടെ സമീപത്തെ തുളുവൻപാറ, പെരുംചിറ തോടുകളിലേക്ക് എത്തുന്നു. ഈ മല നാമാവശേഷമായാൽ മലവെള്ളം നേരെ ചോറ്റി ചിറ്റടിയിലെ നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ജനവാസമേഖലയിലേക്ക് എത്തുമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പാറത്തോട് പഞ്ചായത്തിലെ 4, 5 വാർഡുകളിൽപ്പെട്ട ചോറ്റി, നിർമലാരം, പുളിയ്ക്കൽ ഭാഗം എന്നിവിടങ്ങളിൽ താമസിക്കുന്നവർ പലതവണ ജില്ലാ കലക്ടർ, മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കു പരാതിപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

error: Content is protected !!