എരുമേലി പഞ്ചായത്തിന്റെ മുന്നൊരുക്ക അവലോകന യോഗം

എരുമേലി ∙ മണ്ഡല മകരവിളക്ക് തീർഥാടന കാലത്തിനു മുൻപ് എരുമേലിയിലും പരിസരങ്ങളിലും തീർഥാടക പാതകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന തീർഥാടന മുന്നൊരുക്ക അവലോകന യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. നിലവിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്താൻ ഫണ്ട് ഇല്ലാത്തതുമൂലം പൊട്ടിപ്പൊളിഞ്ഞ റോഡിലെ കുഴി അടയ്ക്കാൻ പോലും കഴിയില്ലെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ യോഗത്തിൽ അറിയിച്ചു. കഴിഞ്ഞ യോഗത്തിൽ കെഎസ്ആർടിസി റോഡിലെ കുഴികൾ അടിയന്തരമായി അടയ്ക്കാൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഫണ്ട് ലഭ്യമാകാതെ ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ നിലപാട്. മഴ മൂലം നഗരത്തിലെ മിക്ക റോഡിലും കുഴികളാണ്. തീർഥാടനത്തിനു രണ്ടര മാസം മാത്രം ബാക്കി നിൽക്കെയാണ് മുന്നൊരുക്കം ചർച്ച ചെയ്യാൻ യോഗം വിളിച്ചത്. വിവിധ വകുപ്പുകളിലെ മുന്നൊരുക്കവും ആവശ്യങ്ങളും ഇപ്രകാരമാണ്.

പൊലീസ്

∙ കഴിഞ്ഞ തീർഥാടന കാലത്തെ പോലെ വാഹനങ്ങൾ എരുമേലിയിൽ തടഞ്ഞിടുന്നത് ഒഴിവാക്കാൻ നേരത്തെ തന്നെ നടപടി സ്വീകരിക്കും.

∙ ഗതാഗത നിയന്ത്രണത്തിനു കഴിഞ്ഞ വർഷത്തെ പൊലീസ് സേനയുടെ അംഗബലം കൂടാതെ അധികമായി ഒരു സംഘം ഉദ്യോഗസ്ഥരെ കൂടി ഇത്തവണ നിയമിക്കും.

ആരോഗ്യ വകുപ്പ്

∙ കാളകെട്ടിയിൽ ഡോക്ടർമാർക്കും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും താമസിക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കണം.

∙ വലിയ തോട്ടിലെ ശുദ്ധജലം മലിനമാക്കുന്ന മാലിന്യ പൈപ്പുകൾ നീക്കം ചെയ്യുന്നതിനു പഞ്ചായത്ത് പ്രമേയം പാസാക്കണം.

∙ നാടോടി കച്ചവടക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ മുറികൾ വാടകയ്ക്ക് നൽകുന്നതിനെതിരെ കർശന നടപടി സ്വീകരിക്കും.

മോട്ടർ വാഹന വകുപ്പ്

∙ ഇത്തവണയും 6 സ്ഥലങ്ങളിൽ സേഫ് സോൺ സംവിധാനവും ബ്രേക്ക് ഡൗൺ സർവീസും തുടരും.

വനം വകുപ്പ്

∙ കോയിക്കക്കാവിൽ കാൽനടയാത്രക്കാരായ തീർഥാടകർക്ക് തങ്ങുന്നതിനും ഷെൽട്ടർ സൗകര്യം സജ്ജമാക്കാൻ കഴിയുമോ എന്ന ത് സംബന്ധിച്ച് മേലധികാരികളുമായി ചർച്ച ചെയ്യും.

∙ കാനന പാതയിലെ തീർഥാടക സമയക്രമം സംബന്ധിച്ച് പിന്നീട് തീരുമാനം എടുക്കും.

∙ കാനന പാതയിലെ മാലിന്യങ്ങളും പ്ലാസ്റ്റിക്കും അനുവദിക്കില്ല.

എക്സൈസ്

∙ തീർഥാടന കാലത്തിനു മുൻപു തന്നെ ലഹരി വസ്തുക്കളുടെ വിൽപന പൂർണമായും ഇല്ലാതാക്കുന്നതിനു നടപടി സ്വീകരിക്കും.

∙ വനം വകുപ്പുമായി സഹകരിച്ച് കാനന പാതയിൽ ലഹരി വസ്തുക്കളുടെ വിൽപനയും ഉപയോഗവും സംബന്ധിച്ച് പരിശോധന നടത്തും.

ജല അതോറിറ്റി

∙ കഴിഞ്ഞ വർഷം ദേവസ്വം സ്കൂളിൽ ഉൾപ്പെടെ ഉണ്ടായ ശുദ്ധജല പ്രതിസന്ധി ഇത്തവണ ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കും.

∙ശുദ്ധജലം ആവശ്യമായ സ്ഥലങ്ങളിൽ കിയോസ്കുകൾ സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കും.

കെഎസ്ഇബി

∙ തീപിടിത്ത സാധ്യത കണക്കിലെടുത്ത് എബി കേബിളിലെ ബോക്സുകൾ നീക്കം ചെയ്യും.

∙ അനധികൃതമായും അശാസ്ത്രീയമായും വൈദ്യുതി എടുക്കുന്നത് തടയും.

∙ വഴി വിളക്കുകൾ എല്ലാം പ്രവർത്തന സജ്ജമാക്കും.

വ്യാപാരി വ്യവസായി ഏകോപന സമിതി

∙ താൽക്കാലിക സ്ഥാപനങ്ങൾക്ക് നിയമപ്രകാരം മാത്രം ലൈസൻസ് നൽകണം. ഇത്തരത്തിൽ നൽകുന്ന താൽക്കാലിക ലൈസൻസുകളിലെ വിവരങ്ങൾ കടയ്ക്ക് മുന്നിൽ പ്രദർശിപ്പിക്കണം.

∙ പേട്ടതുള്ളൽ പാതയിലെ തടസ്സങ്ങൾ നീക്കണം.

അവലോകന യോഗം

എരുമേലി ∙ തീർഥാടന മുന്നൊരുക്ക അവലോകന യോഗം പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. ബ്ലാക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ, പഞ്ചായത്ത് അംഗങ്ങളായ നാസർ പനച്ചി, ലിസി സജി, അനിതാ സന്തോഷ്, മറിയാമ്മ ജോസഫ്, അനിശ്രീ സാബു, അയ്യപ്പസേവാ സമാജം ജനറൽ സെക്രട്ടറി എസ്. മനോജ്, വ്യാപാരി വ്യവസായ ഏകോപന സമിതി യൂണിറ്റ് ട്രഷറർ സി.പി. മാത്തൻ, പരിസ്ഥിതി പ്രവർത്തകൻ രവീന്ദ്രൻ എരുമേലി തുടങ്ങിയവർ പ്രസംഗിച്ചു.

തീർഥാടന പാതകളുടെ അറ്റകുറ്റപ്പണി തീർക്കണം

കാനന പാതയിലെ ക്ഷേത്രത്തിൽ ആരോഗ്യ പ്രവർത്തകർക്ക് അനുവദിച്ച മുറികളിൽ മുൻപ് മദ്യവും മാംസവും കൈകാര്യം ചെയ്തതു കണ്ടെത്തിയതായി അഖില തിരുവിതാംകൂർ മലയര മഹാസഭ ഡയറക്ടർ ബോർഡ് അംഗം എം.എസ് സതീഷ് ആരോപിച്ചു. ഇതോടെയാണ് ഇവിടെ ഡ്യൂട്ടിക്ക് എത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് ക്ഷേത്രത്തോടു ചേർന്ന് മുറി ലഭ്യമാക്കേണ്ടതില്ലെന്ന് ഭരണ സമിതി തീരുമാനിച്ചത്. കാളകെട്ടി ശിവക്ഷേത്രം, അഴുതക്കടവ് ശങ്കരനാരായണ ക്ഷേത്രം എന്നിവിടങ്ങളിലെ ക്ഷേത്രം ഭാരവാഹികളെ അവലോകന യോഗത്തിൽ പങ്കെടുപ്പിക്കണം.

മറ്റ് നിർദേശങ്ങൾ

∙ കാനനപാതയിലെ തീർഥാടകർക്ക് കോയിക്കക്കാവിൽ അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കണം.

∙ വലിയതോട്ടിലെ മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം.

error: Content is protected !!