ചിറ്റടി മാങ്ങാപ്പാറ പാറമടയ്ക്കു സ്റ്റോപ് മെമ്മോ നൽകി പാറത്തോട് പഞ്ചായത്ത്

പാറത്തോട് ∙ ഉരുൾപൊട്ടലുണ്ടായ ചിറ്റടി മാങ്ങാപ്പാറ മലയുടെ സമീപത്തു പ്രവർത്തിക്കുന്ന പാറമടയ്ക്കു സ്റ്റോപ് മെമ്മോ നൽകിയതായി പഞ്ചായത്ത് അധികൃതർ ജനസദസ്സിൽ അറിയിച്ചു. മേഖലയിൽ ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും ഇടയാക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്തു പരിഹാരം കാണാൻ ചിറ്റടി പബ്ലിക് ലൈബ്രറി, മുണ്ടമറ്റം പൗരസമിതി എന്നിവയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത ജനസദസ്സിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ 16ന് മാങ്ങാപ്പാറയിൽ ഉരുൾപൊട്ടലുണ്ടായതിനെത്തുടർന്ന് ജനവാസ മേഖലയിലെ വീടുകളിലും പറമ്പുകളിലും വെള്ളംകയറി നാശമുണ്ടായ സാഹചര്യത്തിലാണ് പ്രദേശത്തെ പാറമടയുടെ പ്രവർത്തനത്തിന് എതിരെ പ്രതിഷേധമുയർന്നത്.

പ്രദേശത്തെ തോടുകളിലെ മണലും മണ്ണും ചെളിയും നീക്കി ആഴം കൂട്ടുക, തടയണകൾ പൊളിച്ചു നീക്കുക തുടങ്ങിയ ആവശ്യങ്ങളും ജനപ്രതിനിധികളുടെ മുൻപിൽ അവതരിപ്പിക്കാനാണ് ജനസദസ്സ് വിളിച്ചു ചേർത്തത്. മേഖലയിൽ ശാസ്ത്രീയ പഠനം നടത്തി പ്രകൃതിക്ഷോഭങ്ങളുടെ കാരണങ്ങൾ കണ്ടെത്തി പരിഹാര, പ്രതിരോധ മാർഗങ്ങൾ നിർദേശിക്കാൻ ദുരന്തനിവാരണ അതോറിറ്റിയോടു ആവശ്യപ്പെടുമെന്നു ജനസദസ്സ് ഉദ്ഘാടനം ചെയ്ത സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

വാർഡംഗവും ലൈബ്രറി പ്രസിഡന്റുമായ ഡയസ് കോക്കാട്ട് അധ്യക്ഷതയിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശി കുമാർ, ജില്ലാ പഞ്ചായത്തംഗം പി.ആർ അനുപമ, ബ്ലോക്ക് പഞ്ചായത്തംഗം സാജൻ കുന്നത്ത്, പഞ്ചായത്തംഗങ്ങളായ വിജയമ്മ വിജയലാൽ, ബോബി കെ.മാത്യു, പൗരസമിതി സെക്രട്ടറി ലതീഷ് നരിവേലിൽ, ലൈബ്രറി സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, പി.കെ.ബാലൻ എന്നിവർ പ്രസംഗിച്ചു.

തീരുമാനങ്ങൾ

∙ പാറമടയ്ക്കെതിരെ പഞ്ചായത്ത് നൽകിയിരിക്കുന്ന സ്റ്റോപ് മെമ്മോ തുടരും

∙ പാറമടയ്ക്കു ലൈസൻസും എൻഒസിയും നൽകിയ വിവിധ വകുപ്പുകളോടു പുനഃപരിശോധന നടത്തി നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടും.

∙ മുണ്ടമറ്റം ഭാഗം, ചോറ്റി മരോട്ടിക്കടവ്, പാറത്തോട് ലൈബ്രറി അവന്യു എന്നിവിടങ്ങളിലെ തടയണകൾ പൊളിച്ചു നീക്കാൻ സർക്കാർ അനുമതിക്കുള്ള നടപടികൾ സ്വീകരിക്കും.

∙ തോടുകളിലെ മണ്ണും മണലും ചെളിയും നീക്കംചെയ്ത് ആഴം കൂട്ടാനുള്ള നടപടികൾ സ്വീകരിക്കാൻ ജലസേചന വകുപ്പിനോട് ആവശ്യപ്പെടും.

‌∙ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും തടയുന്നതിനുള്ള നിർമാണപ്രവർത്തനങ്ങൾ നടത്താൻ മണ്ണു സംരക്ഷണ വകുപ്പുമായി ബന്ധപ്പെടും.

∙ മേഖലയിൽ ശാസ്ത്രീയ പഠനം നടത്താൻ ദുരന്ത നിവാരണ അതോറിറ്റിയോടു ആവശ്യപ്പെടും.

error: Content is protected !!