ജനകീയ തൂക്കുപാലത്തിന്റെ ഉദ്‌ഘാടനം നാട്ടുകാർ ഉത്സവമാക്കി
കോരുത്തോട് ∙ 2018ലെ പ്രളയത്തിൽ തകർന്ന തോപ്പിൽക്കടവ് പാലത്തിനു പകരം നാട്ടുകാർ ജനകീയ സമിതി രൂപീകരിച്ച് നിർമിച്ച തൂക്കുപാലത്തിന്റെ ഉദ്ഘാടനം ജനകീയമായി നടന്നു.
ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഒഴിവാക്കി നടത്തിയ ചടങ്ങിൽ എംജി സർവകലാശാല എംഎസ്‌സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വൃന്ദ സാബു ഉദ്ഘാടനം നിർവഹിച്ചു.
ജനകീയ സമിതി രക്ഷാധികാരി കെ.ബി.രാജൻ അധ്യക്ഷത വഹിച്ചു. ഫാ.സക്കറിയ ഇല്ലിക്കമുറിയിൽ, ഇഡിസി ചെയർമാൻ എം.കെ.ഷാജി, കൺവീനർ സി.എസ്.രാജൻ, സെക്രട്ടറി ലാലി സുകുമാരൻ, ജോജോ പാമ്പാടത്ത്, ടി.സി.മോഹൻ ദാസ്, കെ.ഡി.വിജയാനന്ദൻ, എം.പി.സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
പാലത്തിനായി സ്ഥലം വിട്ടുനൽകിയ രാജു ഇടഞ്ഞാലിൽ, കെ.ആർ.സുരേഷ്, നിർമാണത്തിനു നേതൃത്വം നൽകിയ സി.കെ.ഓമനക്കുട്ടൻ, ജോബിൻസ്, റോണി ഏബ്രഹാം, ബിജു കരിനിലം,വൃന്ദ സാബു എന്നിവരെ ആദരിച്ചു.
അധികൃതർ നടപടി സ്വീകരിക്കാതെ വന്നപ്പോൾ നാട്ടുകാർ ധനസമാഹരണം നടത്തിയാണു പാലം നിർമിച്ചത്.