നവീകരിച്ച റോഡ് നടുവിൽ ചെളിക്കുളം
കാഞ്ഞിരപ്പള്ളി ∙ അടുത്തിടെ നവീകരിച്ച കപ്പാട്– പരിന്തിരിപ്പടി– മാഞ്ഞുക്കുളം റോഡിലൂടെ കാൽനടയായി സഞ്ചരിച്ചാൽ വെള്ളത്തിൽ ചാടാതെ കടന്നുപോകാൻ കഴിയില്ല.
ഐപിസി പള്ളി ഭാഗത്തെ വെള്ളക്കെട്ടാണു വില്ലൻ. റോഡിന്റെ ഇരുവശങ്ങളിലും റീടാറിങ് നടത്തിയെങ്കിലും ഇടയ്ക്കുള്ള ഭാഗം കോൺക്രീറ്റ് ചെയ്യാതെ കിടക്കുന്നതാണു കാരണം.
റോഡ് നിറഞ്ഞുകിടക്കുന്ന വെള്ളത്തിൽ ഇറങ്ങാതെ സൈഡിലൂടെ പോകാമെന്നു വച്ചാൽ ഇരുവശത്തും ഉയർന്ന മൺതിട്ടകളാണ്.
കഴിഞ്ഞയിടെ വെള്ളം ചാടിക്കടക്കാൻ ശ്രമിച്ച യുപി സ്കൂൾ വിദ്യാർഥി വീണു കൈ ഒടിഞ്ഞു. 3 കിലോമീറ്ററോളം ദൂരം വരുന്ന റോഡിൽ കപ്പാട് മുതൽ ചീരാംകുഴിപ്പടി വരെയുള്ള 150 മീറ്റർ ഭാഗം റീടാർ ചെയ്തും കോൺക്രീറ്റ് ചെയ്തും നവീകരിക്കാൻ തുക അനുവദിച്ചിരുന്നു.
ഇതനുസരിച്ച് 6 മാസം മുൻപ് റോഡിന്റെ ഇരുഭാഗത്തും റീടാറിങ് നടത്തി.
ഇതിനിടെയുള്ള ഐപിസി പള്ളി ഭാഗത്തു വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലം കോൺക്രീറ്റ് ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ ഇരുവശവും റീടാർ ചെയ്തെങ്കിലും ഇടയ്ക്കുള്ള ഭാഗത്തെ കോൺക്രീറ്റിങ് 6 മാസമായിട്ടും നടന്നില്ല. ഇവിടെയാണു വെള്ളക്കെട്ട് രൂക്ഷമായി അപകടക്കെണിയായത്.
റീടാറിങ് കഴിഞ്ഞതോടെ റോഡിന്റെ ഉദ്ഘാടനവും നടത്തി. മാർച്ചിനു മുൻപായി കോൺക്രീറ്റ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.
ചീരാംകുഴി, കൈതവയലിൽ പ്രദേശത്തെ നാൽപതോളം കുടുംബങ്ങളുടെ സഞ്ചാരമാർഗമാണ് റോഡ്. പ്രദേശത്തുള്ളവർക്കു കാഞ്ഞിരപ്പള്ളി– ഈരാറ്റുപേട്ട റോഡിലെത്താനുള്ള ഏകമാർഗവുമാണ്.
കപ്പാട്, കാളകെട്ടി, ചെമ്മലമറ്റം സ്കൂളുകളിലേക്കുള്ള ഒട്ടേറെ വിദ്യാർഥികൾ നടന്നുപോകുന്ന വഴിയുമാണ്. ഇരുചക്ര വാഹനങ്ങളും വെള്ളക്കെട്ടിൽ മറിഞ്ഞുവീഴുന്നതു പതിവാണ്.
വെള്ളക്കെട്ടുള്ള ഭാഗം ഉടൻ കോൺക്രീറ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായി.