എരുമേലി പഞ്ചായത്തിൽ വീണ്ടും പ്രസിഡന്റ് മാറ്റം ഉണ്ടായേക്കാം : ഇനി നാലാമത്തെ പ്രസിഡന്റ്.

എരുമേലി : പഞ്ചായത്ത്‌ ഭരണം കയ്യാളുന്ന യുഡിഎഫിലെ ധാരണ പ്രകാരം പ്രസിഡന്റ് ജിജിമോൾ സജിയുടെ കാലാവധി ഈ മാസം അഞ്ചിന് അവസാനിക്കും. ജിജിമോൾ സജിയ്ക്ക് ആറ് മാസം കാലാവധിയും തുടർന്ന് നിലവിലെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ലിസി സജിയ്ക്ക് ആറ് മാസവും ശേഷിക്കുന്ന കാലയളവിൽ ഒഴക്കനാട് വാർഡ് അംഗം അനിത സന്തോഷിന് പ്രസിഡന്റ് സ്ഥാനവും എന്നതായിരുന്നു യുഡിഎഫി ലെ ധാരണ. ഇത് പ്രകാരം കഴിഞ്ഞ മാർച്ച്‌ അഞ്ചിനാണ് ജിജിമോൾ സജി പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം വൈസ് പ്രസിഡന്റ് സ്ഥാനത്ത് ബിനോയ്‌ ഇലവുങ്കലിന് മാറ്റമില്ല.

കോൺഗ്രസിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര അംഗമായ ബിനോയ്‌ ഇലവുങ്കലിന് ഭരണം തീരുന്നത് വരെയും വൈസ് പ്രസിഡന്റ് പദവി നൽകുമെന്നാണ് യുഡിഎഫി ലെ ധാരണ. ഭരണത്തിന്റെ തുടക്കത്തിൽ സിപിഎമ്മിലെ തങ്കമ്മ ജോർജ്കുട്ടിയും തുടർന്ന് കോൺഗ്രസ് അംഗങ്ങളായ സുബി സണ്ണിയും തുടർന്ന് ജിജിമോൾ സജിയുമാണ് പ്രസിഡന്റായത്. ഇനി മാറ്റം നടപ്പിലായാൽ നാലാമത്തെ പ്രസിഡന്റ് പദവിയാണ് അഞ്ച് വർഷ ഭരണത്തിനുള്ളിൽ ഇനി നടപ്പിലാവുക. അതേസമയം പ്രസിഡന്റ് സ്ഥാനം മാറുന്നത് സംബന്ധിച്ച് യുഡിഎഫ് യോഗം ചേർന്ന് തീരുമാനം എടുത്തിട്ടില്ല. അടുത്ത ദിവസം കോൺഗ്രസ്‌ മണ്ഡലം കമ്മറ്റിയും യുഡിഎഫ് യോഗവും ചേർന്നേക്കുമെന്ന് സൂചനയുണ്ട്.

ഏറെ കോളിളക്കങ്ങളും വിവാദങ്ങളും നിറഞ്ഞ നിലയിലായിരുന്നു ഭരണത്തിന്റെ തുടക്കം. ഭൂരിപക്ഷം ഉണ്ടായിട്ടും യുഡിഎഫ് പ്രതിപക്ഷത്തായതും വോട്ടെടുപ്പിൽ അസാധു മൂലം നറുക്കെടുപ്പിൽ പ്രസിഡന്റ് സ്ഥാനവും തുടർന്ന് വൈസ് പ്രസിഡന്റ് സ്ഥാനവും എൽഡിഎഫി ന് ലഭിച്ചതും അവിശ്വാസ പ്രമേയത്തിലൂടെ യുഡിഎഫ് ഭരണത്തിലെത്തിയതും ഉൾപ്പടെ വോട്ടെടുപ്പ് സമയത്ത് അംഗത്തെ കാണാതായതും അടക്കം ഏറെ വിവാദങ്ങളും പ്രതിസന്ധികളും നിറഞ്ഞ ഭരണത്തിൽ ജിജിമോൾ സജി പ്രസിഡന്റ് സ്ഥാനത്ത് എത്തിയതോടെ ആണ് വിവാദങ്ങൾ ഒഴിഞ്ഞത്.

23 വാർഡുകൾ ഉള്ള എരുമേലി പഞ്ചായത്തിലെ തെരഞ്ഞെടുപ്പിൽ യുഡിഎഫി നും എൽഡിഎഫി നും 11 വീതം അംഗങ്ങൾ ആയി തുല്യ കക്ഷി നിലയായിരുന്നു. യുഡിഎഫി ലെ 11 പേരും കോൺഗ്രസ്‌ അംഗങ്ങളും എൽഡിഎഫി ൽ ഒരു സിപിഐ അംഗവും ബാക്കി പത്ത് പേർ സിപിഎം അംഗങ്ങളും എന്ന നിലയിലായിരുന്നു കക്ഷി നില. കോൺഗ്രസ്‌ വിമതനായി മത്സരിച്ച് ജയിച്ച് ഏക സ്വതന്ത്ര അംഗമായ തുമരംപാറ വാർഡ് അംഗം ബിനോയ്‌ ഇലവുങ്കൽ കോൺഗ്രസിനെ പിന്തുണച്ചത് മൂലം യുഡിഎഫി നായിരുന്നു ഭൂരിപക്ഷം. ഇത് പ്രകാരം കോൺഗ്രസ്‌ അംഗത്തിന് പ്രസിഡന്റ് പദവിയും ബിനോയ്‌ ഇലവുങ്കലിന് വൈസ് പ്രസിഡന്റ് പദവിയുമാണ് യുഡിഎഫി ൽ ധാരണയായിരുന്നത്. എന്നാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പിൽ യുഡിഎഫി ലെ ഒഴക്കനാട് വാർഡ് അംഗം വോട്ട് ചെയ്തപ്പോൾ ബാലറ്റിൽ ഒപ്പ് വെച്ചില്ല. ഇത് അസാധു ആയതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കോൺഗ്രസിലെ സുബി സണ്ണിയ്ക്കും സിപിഎമ്മിലെ തങ്കമ്മ ജോർജ്കുട്ടിയ്ക്കും 11 വീതം തുല്യ വോട്ടാവുകയും തുടർന്ന് നറുക്കെടുപ്പിൽ തങ്കമ്മ ജോർജ്കുട്ടി പ്രസിഡന്റാവുകയുമായിരുന്നു.

ഭരണം തിരിച്ചു പിടിക്കാൻ ആറ് മാസത്തിനു ശേഷം കോൺഗ്രസ്‌ കൊണ്ടുവന്ന അവിശ്വാസ പ്രമേയം കോൺഗ്രസിലെ ഒരംഗം എത്താഞ്ഞതിനാൽ അവതരിപ്പിക്കാനാകാതെ പരാജയപ്പെട്ടു. അതേസമയം എൽഡിഎഫ് ആകട്ടെ കോൺഗ്രസ്‌ പിന്തുണയുള്ള വൈസ് പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ നീക്കി സിപിഐ അംഗത്തെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. തുടർന്ന് ഭരണം തിരിച്ചു പിടിക്കാൻ കോൺഗ്രസ്‌ നടത്തിയ അവിശ്വാസ പ്രമേയം ഉൾപ്പടെയുള്ള നീക്കങ്ങൾ വിജയിക്കുകയും കോൺഗ്രസിലെ സുബി സണ്ണി പ്രസിഡന്റും സ്വതന്ത്ര അംഗം ബിനോയ്‌ വൈസ് പ്രസിഡന്റുമായി. തുടർന്ന് യുഡിഎഫി ലെ ധാരണ പ്രകാരം സുബി സണ്ണി രാജി വെയ്ക്കാൻ വൈകിയതോടെ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകുകയും ഇതോടെ സുബി രാജി വെക്കുകയും തുടർന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജിജിമോൾ സജി വിജയിക്കുകയുമായിരുന്നു.

error: Content is protected !!