എരുമേലി ഗവ. ആശുപത്രിയിൽ കിടത്തി ചികിത്സക്ക് തുടക്കമായി

എരുമേലി : സർക്കാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിച്ചു. ഉദ്ഘാടനം ഓൺലൈനിലൂടെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. കിടത്തി ചികിത്സയ്ക്കൊപ്പം മുഴുവൻ സമയ സേവനം, നേത്ര പരിശോധനയ്ക്ക് ആധുനിക ഉപകരണങ്ങൾ, നവീകരിച്ച ഫാർമസി എന്നിവയുടെ പ്രവർത്തന ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ രണ്ട് ഡോക്ടർമാരെ അധികമായി നിയമിച്ച് ശമ്പളം നൽകുന്നതിനാലാണ് ഇപ്പോൾ കിടത്തി ചികിത്സ ആരംഭിച്ചതെന്നും ഇത് സ്ഥിരം സംവിധാനം ആക്കുന്നതിന് ആരോഗ്യ വകുപ്പിൽ നിന്നും ഡോക്ടറെ നേരിട്ട് നിയമിക്കുന്നതിന് തസ്തിക അനുവദിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കിടത്തി ചികിത്സ നിർത്തലാക്കിയ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിലാണ് എരുമേലിയിലെ ആശുപത്രിയെങ്കിലും ശബരിമല തീർത്ഥാടന കേന്ദ്രം എന്നത് മുൻനിർത്തി ആണ് ഇപ്പോൾ കിടത്തി ചികിത്സ പുനരാരംഭിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. നാട്ടുകാർക്കും ശബരിമല സീസണിൽ കോടികളോളം അയ്യപ്പ ഭക്തർക്കും മതിയായ ആരോഗ്യ സുരക്ഷ ഒരുക്കേണ്ട ചുമതല ആശുപത്രിയ്ക്കുണ്ട്. ശബരിമല സീസൺ കൂടാതെ എല്ലാ മാസങ്ങളിലും ഭക്തർ എത്തുന്നതിനാൽ ആശുപത്രിയ്ക്ക് പ്രത്യേക പ്രാധാന്യം അർഹിക്കുന്നുണ്ടന്ന് മന്ത്രി പറഞ്ഞു. നിപ്പ പ്രതിരോധവുമായി ബന്ധപ്പെട്ട് പത്തനംതിട്ട, കൊല്ലം എന്നിവിടങ്ങളിൽ അടിയന്തിര യോഗങ്ങളിൽ പങ്കെടുക്കേണ്ടതിനാൽ ആണ് ആശുപത്രിയിൽ എത്തി ഉദ്ഘാടനം നിർവഹിക്കാൻ കഴിയാഞ്ഞതെന്ന് മന്ത്രി അറിയിച്ചു.

പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷനായിരുന്നു. ആന്റോ ആന്റണി എം പി, ഡിഎംഒ ഡോ. എൻ പ്രിയ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് അജിതാ രതീഷ്, ജില്ലാ പഞ്ചായത്ത്‌ അംഗം ശുഭേഷ് സുധാകരൻ, പഞ്ചായത്ത്‌ പ്രസിഡന്റ് ജിജിമോൾ സജി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഇ ജെ മോഹനൻ, ജയശ്രീ ഗോപിദാസ്, അംഗങ്ങളായ എമേഴ്സൺ, അഡ്വ. സാജൻ കുന്നത്ത്, ജോളി മടുക്കക്കുഴി, ജൂബി അഷ്റഫ്, രത്നമ്മ രവീന്ദ്രൻ, മാഗി ജോസഫ്, ജോഷി മംഗലം, ഡാനി ജോസ്, അനു ഷിജു, ഗ്രാമപഞ്ചായത്തംഗം നാസർ പനച്ചി, മെഡിക്കൽ ഓഫീസർ ഡോ. പി. റെക്സൺ പോൾ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ഫൈസൽ, വിവിധ കക്ഷി പ്രതിനിധികളായ വി. ഐ അജി, അനിശ്രീ സാബു, ബിനോ ജോൺ ചാലക്കുഴി, അനിയൻ എരുമേലി, പി. കെ റസാക്ക്, സിഡിഎസ് ചെയർപേഴ്സൺ അമ്പിളി സജീവൻ, തോമസ് കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!