എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മുഴുവൻ സമയവും ഡോക്ടർമാരുടെ സേവനം; കിടത്തിച്ചികിത്സയുടെ ഉദ്ഘാടനം 22 ന്
എരുമേലി : സർക്കാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ, മുഴുവൻ സമയ സേവനം, നേത്ര പരിശോധനയ്ക്ക് ആധുനിക ഉപകരണങ്ങൾ, നവീകരിച്ച ഫാർമസി എന്നിവയുടെ പ്രവർത്തന ഉദ്ഘാടനം ഞായറാഴ്ച രാവിലെ 11 ന് ആശുപത്രിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും.
പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം പി മുഖ്യ പ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ഡിഎംഒ ഡോ എൻ പ്രിയ, ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ, പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ, ബ്ലോക്ക് അംഗങ്ങളായ ടി ജെ മോഹനൻ, ജോളി മടുക്കക്കുഴി, ജൂബി അഷറഫ്, മാഗി ജോസഫ്, ജയശ്രി ഗോപിദാസ്, ഷക്കീല നസീർ, അഡ്വ സാജൻ കുന്നത്ത്, രത്നമ്മ രവീന്ദ്രൻ, പി കെ പ്രദീപ്, ജോഷി മംഗലം, അനു ഷിജു, ഡാനി ജോസ്, എമേഴ്സൺ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ ജെ ബിനോയ്, ടൗൺ വാർഡ് അംഗം നാസർ പനച്ചി, മെഡിക്കൽ ഓഫിസർ റെക്സൺ, ബിഡിഒ എസ് ഫൈസൽ, വിവിധ കക്ഷി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.
സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കിടത്തിച്ചികിത്സ ആരംഭിക്കുന്നതോടെ ചെലവ് കുറഞ്ഞ ചികിത്സ എന്ന നാടിന്റെ സ്വപ്നമാണ് പൂവണിയുന്നത്. . നൂറു കണക്കിനു രോഗികൾ ആശ്രയിക്കുന്ന ഇവിടെ നിലവിൽ ഒപി വിഭാഗം മാത്രമാണ് പ്രവർത്തിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ആശുപത്രിയിൽ കിടത്തിച്ചികിത്സ ആരംഭിക്കണമെന്നത് ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. ആദ്യഘട്ടത്തിൽ 15 പുരുഷൻമാർക്കും 15 സ്ത്രീകൾക്കും കിടക്കാനുള്ള 30 കിടക്കകളാണു സജ്ജമാക്കിയത്.
ഒരു കോടി രൂപയാണ് ആശുപത്രി വികസനത്തിനായി ബ്ലോക്ക് പഞ്ചായത്ത് നീക്കി വച്ചിരിക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, വൈസ് പ്രസിഡന്റ് ടി.എസ്.കൃഷ്ണകുമാർ, സ്ഥിര സമിതി അധ്യക്ഷൻ ടി.ജെ. മോഹനൻ എന്നിവർ അറിയിച്ചു. നിലവിൽ എരുമേലി പഞ്ചായത്തിൽ കിടത്തിച്ചികിത്സാ സൗകര്യമുള്ള സർക്കാർ ആശുപത്രിയില്ല. മണ്ഡല – മകരവിളക്ക് തീർഥാടന കാലത്ത് മാത്രമാണ് ആരോഗ്യ വകുപ്പ് ഇവിടേക്ക് കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും ആരോഗ്യ പ്രവർത്തകരെയും താൽക്കാലികമായി നിയമിച്ച് മുഴുവൻ സമയ ചികിത്സ ലഭ്യമാക്കിയിരുന്നത്.
7 ലക്ഷം രൂപ ചെലവഴിച്ച് നേത്ര ചികിത്സാ ഉപകരണം, ആധുനിക ലാബ് സൗകര്യം എന്നിവയും സജ്ജമാക്കി. കിടത്തിച്ചികിത്സയ്ക്കായി ബ്ലോക്ക് പഞ്ചായത്ത് മാസം 4.5 ലക്ഷം രൂപ ചെലവഴിച്ച് 2 ഡോക്ടർമാർ, 2 അറ്റൻഡർമാർ, ഒരു ലബോറട്ടറി ടെക്നിഷ്യൻ എന്നിവരെ നിയമിച്ചു.ആശുപത്രിയിലേക്ക് ആവശ്യമായ മരുന്നുകൾ വാങ്ങുന്നതിന് ഈ സാമ്പത്തിക വർഷം 15 ലക്ഷം രൂപ വകയിരുത്തി.
പാലിയേറ്റീവ് കെയറിനായി 11 ലക്ഷം രൂപ വകയിരുത്തി.
എരുമേലി നഗര ഹൃദയത്തിൽ ചെമ്പകത്തുങ്കൽ കുടുംബം സൗജന്യമായി വിട്ടുകൊടുത്ത ഒരു ഏക്കർ സ്ഥലത്താണ് സാമൂഹികാരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നത്. വർഷങ്ങൾക്കു മുൻപ് എല്ലാ ചികിത്സാ സൗകര്യങ്ങളും കിടത്തിച്ചികിത്സയും ഉണ്ടായിരുന്ന ഇവിടെ 30 വർഷം മുൻപാണ് കിടത്തിച്ചികിത്സ നിന്നുപോയത്. എരുമേലി പഞ്ചായത്തിലെ 53,000 പേരെ കൂടാതെ സമീപ പഞ്ചായത്തുകളായ വെച്ചൂച്ചിറ, പെരുനാട് എന്നിവിടങ്ങളിൽ നിന്നും രോഗികൾക്കു ചികിത്സ തേടി എത്താൻ സൗകര്യമുള്ള ആശുപത്രിയാണിത്. ഇവിടെ ഒപി ചികിത്സ മാത്രമായി പരിമിതപ്പെട്ടതോടെ നിർധനരായ രോഗികൾ റാന്നി ജനറൽ ആശുപത്രിയെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയെയുമാണു കൂടുതലായി ആശ്രയിച്ചിരുന്നത്.
പഞ്ചായത്തിലെ ഏറ്റവും അകലെയുള്ള എയ്ഞ്ചൽവാലിയിൽ നിന്ന് എരുമേലി വരെ എത്തണമെങ്കിൽ 20 കിലോമീറ്റർ ദൂരം താണ്ടണം. ഇവിടെ നിന്ന് 15 കിലോമീറ്റർ കൂടി യാത്ര ചെയ്തുവേണം കാഞ്ഞിരപ്പള്ളിയിലേക്ക് എത്താൻ. മെഡിക്കൽ കോളജിൽ എത്തണമെങ്കിൽ 70 കിലോമീറ്റർ ദൂരം യാത്ര ചെയ്യേണ്ടതുണ്ട്. ഇത് രോഗികൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. അടിയന്തര പ്രാഥമിക ചികിത്സ വേണ്ട ആരോഗ്യ പ്രശ്നങ്ങൾക്ക് ഡോക്ടറുടെയും ആരോഗ്യ പ്രവർത്തകരുടെയും സേവനം മുഴുവൻ സമയവും ലഭിക്കുന്നത് മലയോര മേഖലയ്ക്ക് വലിയ ആശ്വാസമാകും.
നിലവിൽ ശരാശരി 500 പേരാണ് ഒപി വിഭാഗത്തിൽ ചികിത്സ തേടി എത്തുന്നത്. ഇഎൻടി, ശിശുരോഗ വിഭാഗം, ഫിസിഷ്യൻ എന്നിവരെ കൂടാതെ 4 എംബിബിഎസ് ഡോക്ടർമാരും ഇവിടെ സേവനം നടത്തുന്നുണ്ട്. പകൽ സമയത്ത് മാത്രമാണ് ഇവിടെ സേവനം ലഭിച്ചിരുന്നത്. അധികമായി 2 ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും നിയമിച്ചതോടെ 8 മണിക്കൂർ വീതമുള്ള ഷിഫ്റ്റുകളായി മുഴുവൻ സമയവും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. ഭാവിയിൽ ഗൈനക്കോളജി, ഹൃദ്രോഗ വിഭാഗങ്ങളും സജ്ജമാക്കും