വാഴൂർ ഗ്രാമപഞ്ചായത്തിലെ ചാമചതാൽ ആയുർവേദ ഡിസ്പെൻസറിയുടെ പുതിയ ഒ. പി കെട്ടിടം ഉദ്ഘാടനം 24ന്
വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്തിന്റെ ചാമംപതാലിലെ ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ പുതിയ ഒ.പി. കെട്ടിടം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് പഞ്ചായത്ത് ഭരണസമിതി പത്രസമ്മേളനത്തിൽ അറിയിച്ചു.
നാഷണൽ ആയുഷ് മിഷനിൽനിന്നും അനുവദിച്ച 30 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ ഓ.പി. കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ആധുനിക നിലവാരത്തിലുള്ള കെട്ടിടമാണ് തയ്യാറാക്കിയിരിക്കുന്നത്. നിലവിൽ നൂറോളം പേർ ഡിസ്പെൻസറിയുടെ സേവനം ദിവസേന പ്രയോജനപ്പെടുത്തുന്നുണ്ട്. ആയുർവേദ ഡിസ്പെൻസറിക്ക് പതിനേഴാം മൈലിലും, കീച്ചേരിപ്പടിയിലും സബ് സെൻററുകൾ പ്രവർത്തിക്കുന്നുണ്ട്. ബുധനാഴ്ച ദിവസങ്ങളിൽ കീച്ചേരിപ്പടിയിലും വെള്ളിയാഴ്ച ദിവസങ്ങളിൽ പതിനേഴാം മൈലിലും സേവനം ലഭ്യമാണ്.
കുട്ടികൾക്കായി കിരണം, വയോജനങ്ങൾക്ക് അരികെ’ സ്ത്രീകൾക്ക് ജനനി രക്ഷ എന്നീ പദ്ധതികളും ആയുർവേദ ആശുപത്രി മുഖേന നടപ്പിലാക്കുന്നു. ആയുർവേദ മെഡിക്കൽ ഓഫീസർ കിടപ്പുരോഗികളെ വീടുകളിൽ എത്തി സന്ദർശിച്ച് ആവശ്യമായ നിർദ്ദേശങ്ങളും തുടർന്ന് ഓ.പി വഴി മരുന്നും വിതരണം ചെയ്യുന്നു.
പകർച്ചവ്യാധി പ്രതിരോധം, വയോജന ക്യാമ്പുകൾ, വിവിധ സൗജന്യ ആയുർവേദ ക്യാമ്പുകൾ, ബോധവൽക്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുന്നു. യോഗ ഡോക്ടറുടെ കീഴിൽ ചാമംപതാലിലും കൊടുങ്ങൂരിലും യോഗ പരിശീലനവും നടന്നുവരുന്നു .സർക്കാർ വകുപ്പുകൾ നൽകുന്ന മരുന്നുകൾക്ക് പുറമേ ഗ്രാമപഞ്ചായത്ത് ഒരു വർഷം കുറഞ്ഞത് 5 ലക്ഷം രൂപയുടെ മരുന്നുകൾ ലഭ്യമാക്കുന്നുണ്ട്.
പുതിയ കെട്ടിടത്തിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി പ്രകാരം ക്രമീകരിച്ചിട്ടുണ്ട്. പുതിയ ഒ. പി കെട്ടിടത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നിർവഹിക്കും. ഗവ. ചീഫ് വിപ്പ് . ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആൻ്റോ ആൻ്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പൊതുപ്രവർത്തകരും പങ്കെടുക്കും.
പത്രസമ്മേളനത്തിൽ വാഴൂർ പഞ്ചായത്ത് പ്രസിഡൻ്റ് വി.പി.റെജി, വൈസ് പ്രസിഡൻ്റ് ഡി. സേതുലക്ഷ്മി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ജിജി നടുവത്താനി ,പി.ജെ ശോശാമ്മ ,ശ്രീകാന്ത്.പി.തങ്കച്ചൻ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ തോമസ് വെട്ടുവേലിൽ, എസ്.അജിത്കുമാർ, ജിബി പൊടിപ്പാറ എന്നിവർ പങ്കെടുത്തു.