അൻവറിനെതിരെ മറുനാടൻ മലയാളി ഷാജൻ സ്കറിയ കാഞ്ഞിരപ്പള്ളി കോടതിയിൽ പരാതി നൽകി
കാഞ്ഞിരപ്പള്ളി ∙ പി.വി.അൻവർ എംഎൽഎക്കെതിരെ ഓൺലൈൻ മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി 2ൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു. കോട്ടയം ജില്ലാ പൊലീസ് മേധാവിക്കും സൈബർ സെല്ലിനും നൽകിയ പരാതി പരിഗണിക്കാതിരുന്നതിനെ തുടർന്നാണു കോടതിയെ സമീപിച്ചത്. റിപ്പോർട്ട് തേടി പൊലീസിനു കോടതി നോട്ടിസ് നൽകി. കേസ് 10നു പരി ഗണിക്കും.
പി.വി.അൻവറിന്റെ പേരു പരാമർശിച്ചു വാർത്തകൾ സംപ്രേഷണം ചെയ്തതിന്റെ പേരിൽ തന്നെയും ഭാര്യയെയും മക്കളെയും അപായപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയെന്നും താൻ സംപ്രേഷണം ചെയ്ത വാർത്തകളുടെ വിഡിയോ മതസ്പർധയുണ്ടാക്കുന്ന തരത്തിൽ അൻവർ എഡിറ്റ് ചെയ്തു സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.
താൻ എ.ഡി.ജി.പി അജിത് കുമാറിന് കൈക്കൂലി കൊടുത്തെന്ന് ആരോപിച്ച് അൻവർ പുറത്തുവിട്ട ഓഡിയോ സന്ദേശം വ്യാജമായി നിർമിച്ചതാണെന്നും ഹരജിയിലുണ്ട്. പരാതി പരിഗണിച്ച കോടതി, പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഈ പരാതി നേരത്തെ പൊലീസിൽ നൽകിയിരുന്നു. പൊലീസ് നടപടി എടുക്കുന്നില്ലെന്നാരോപിച്ചാണ് ഷാജൻ സ്കറിയ കോടതിയെ സമീപിച്ചത്.
ഷാജൻ സ്കറിയ 2021ൽ ഏപ്രിലിൽ ‘ഞെട്ടിക്കുന്ന വയർലെസ് സന്ദേശങ്ങൾ’ എന്ന പേരിലുള്ള കേരള പൊലീസിന്റെ രഹസ്യസ്വഭാവമുള്ള ഔദ്യോഗിക വയർലെസ് സന്ദേശങ്ങൾ ചോർത്തിയെന്നായിരുന്നു പി.വി അൻവറിന്റെ പരാതി. ഇൻഫർമേഷൻ ടെക്നോളജി ആക്ട്, ഇന്ത്യൻ ടെലിഗ്രാഫ് ആക്ട്, ഇന്ത്യൻ വയർലെസ് ടെലിഗ്രാഫി ആക്ട് എന്നീ ഗുരുതുര വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യം ഷാജൻ സ്കറിയ ചെയ്തിട്ടുണ്ടെന്നായിരുന്നു അൻവറിന്റെ ആരോപണം.
എന്നാൽ, ഈ സംഭവത്തിൽ ഷാജൻ സ്കറിയയെ സഹായിക്കാൻ എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ഇടപെട്ടുവെന്നും അൻവർ ആരോപിച്ചിരുന്നു. ഷാജൻ സ്കറിയയെ സഹായിക്കുന്നതിന് പകരമായി കോടികൾ എം.ആർ അജിത്കുമാർ കൈക്കൂലി വാങ്ങിയെന്ന് അൻവർ ആരോപിക്കുകയും ചെയ്തു.