തകർന്ന് തരിപ്പണമായ മുക്കൂട്ടുതറ – വെൺകുറിഞ്ഞി റോഡ് : പരാതിയുമായി നാട് ഒന്നിച്ചപ്പോൾ ജില്ലാ കളക്ടർ നേരിട്ടെത്തി ; കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തി, പുതിയ ടെണ്ടർ വിളിക്കുവാൻ ഉത്തരവിട്ടു . .
മുക്കൂട്ടുതറ : തകർന്ന് തരിപ്പണമായ വെൺകുറിഞ്ഞി റോഡിന്റെ പുനരുദ്ധാരണത്തിന്റെ പണി ഏറ്റെടുത്ത കരാറുകാരൻ പണി നടത്താതെ ഉഴപ്പിയപ്പോൾ , നാട്ടുകാർ ഒറ്റകെട്ടായി പ്രതിഷേധിച്ചതിന് ഫലമുണ്ടായി. പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി പരിഹാരവും നിർദേശിച്ചു .
നാട്ടുകാരുടെ പരാതിയിൽ കാര്യമുണ്ടെന്ന് മനസ്സിലായ കളക്ടർ, എഞ്ചിനീയർമാരെയും കരാറുകാരനെയും സ്ഥലത്ത് വിളിച്ചു വരുത്തി വിവരങ്ങൾ ആരാഞ്ഞ കളക്ടർ റോഡിന്റെ തകർച്ച പരിഹരിക്കാത്തതിന് കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്താനും റോഡിന്റെ പണിയ്ക്ക് പുതിയ ടെണ്ടർ നൽകാനും ഉത്തരവിട്ടു.
കഴിഞ്ഞ ദിവസം വൈകിട്ട് മുക്കൂട്ടുതറ – വെൺകുറിഞ്ഞി – മാറിടം കവല – 15 ജങ്ഷൻ റോഡിലാണ് സംഭവം. 6.6 കിലോമീറ്റർ ദൂരമുള്ള ഈ റോഡ് ടാർ ചെയ്യാൻ മൂന്ന് വർഷം മുമ്പാണ് വെട്ടിപ്പൊളിച്ചത്. എന്നാൽ പണികൾ പൂർണമായും നടത്തിയില്ല. റോഡ് തകർന്ന് ഗതാഗത ബുദ്ധിമുട്ട് വർധിച്ചതോടെ നാട്ടുകാരായ സ്ത്രീകൾ ഉൾപ്പടെ 500 ഓളം പേർ വെച്ചൂച്ചിറ പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. പരിഹാരം ഉണ്ടാകാതെ വന്നതോടെ കളക്ടറേറ്റിലേക്ക് സമരം നടത്താൻ തീരുമാനിക്കുകയും ഇക്കാര്യം ജില്ലാ കളക്ടറെ നിവേദനം നൽകി അറിയിക്കുകയും ചെയ്തു.
തുടർന്നാണ് കളക്ടർ എത്തിയത്. എക്‌സി. എഞ്ചിനീയർ മനോജ്, അസി. എഞ്ചിനീയർ ശ്രുതി, കരാറുകാരൻ ശശിധരൻ എന്നിവരെ കളക്ടർ വിളിച്ചു വരുത്തിയിരുന്നു. റോഡ് പണി നടത്താൻ പറ്റുമോ എന്ന് കരാറുകാരനോട് കളക്ടർ ചോദിച്ചു. ഇല്ലായെന്ന് കരാറുകാരൻ മറുപടി നൽകി. തുടർന്നാണ് കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്താനും റോഡ് നിർമാണം പുതിയ ടെണ്ടർ നൽകി ഉടനെ നടത്താനും കളക്ടർ നിർദേശം നൽകിയത്.