മുക്കൂട്ടുതറയിൽ മോഷണ പരമ്പര – അഞ്ച് കടകളിൽ നിന്നായി അര ലക്ഷം രൂപ മോഷ്ടിച്ചു
മുക്കൂട്ടുതറ : മുക്കൂട്ടുതറ ടൗണിൽ കഴിഞ്ഞ ചൊവ്വാഴ്ച അർദ്ധ രാത്രിയ്ക്ക് ശേഷം ബുധനാഴ്ച പുലർച്ചെവര ആസൂത്രിതമായ മോഷണ പരമ്പരയാണ് അരങ്ങേറിയത് . ട്രാൻസ്ഫോർമറുകളിലെ ഫ്യൂസുകൾ നീക്കി വൈദ്യുതി ബന്ധം കട്ടാക്കി കടകളുടെ താഴുകൾ ഇരുമ്പ് കമ്പി കൊണ്ട് കുത്തി പൊളിച്ച് ഷട്ടറുകൾ തുറന്നാണ് മോഷണങ്ങൾ നടന്നത് . . രാത്രിയിൽ പോലിസ് പട്രോളിംഗ് ഇല്ലായിരുന്നത് മോഷ്ടാക്കൾക്ക് സഹായമായി.
ടൗണിലേക്ക് വൈദ്യുതി എത്തിക്കുന്ന സമീപത്തെ ട്രാൻസ്ഫോർമറുകളിൽ ഫ്യൂസുകൾ നീക്കം ചെയ്ത നിലയിൽ കണ്ടെത്തി വൈദ്യുതി വിതരണം ഓഫാക്കിയ ശേഷം ആണ് മോഷണം നടന്നത്. ജൻ ഔഷധി, ജന സേവാ, നീതി ഉൾപ്പടെ മൂന്ന് മെഡിക്കൽ ഷോപ്പുകൾ, മത്സ്യ വില്പന കട, പേഴത്തുവയലിൽ സ്റ്റേഷനറീസ് കട അടക്കം അഞ്ച് സ്ഥാപനങ്ങളിൽ ആണ് മോഷണമുണ്ടായത്.
എരുമേലി പോലീസും ഫോറൻസിക് സംഘവും എത്തി തെളിവെടുപ്പ് നടത്തി. ഡോഗ് സ്‌ക്വാഡിന്റെ സേവനം ആവശ്യപ്പെട്ടെങ്കിലും ഡോഗ് സ്‌ക്വാഡ് വന്നില്ല. കടകളിലെ സി സി ക്യാമറകളിൽ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളിൽ ഒരാളെ ആണ് കാണുന്നത്. മുഖം തുണി കൊണ്ട് മറച്ച് കയ്യുറ ധരിച്ച നിലയിൽ ആണ് ഇയാൾ ദൃശ്യങ്ങളിൽ ഉള്ളത്. ഇരുമ്പ് കമ്പി കൊണ്ട് താഴിനിടയിൽ അമർത്തി ബലം പ്രയോഗിച്ച് താഴുകൾ പൊളിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. പുലർച്ചെ 1.30 ഓടെ ആണ് വൈദ്യുതി നിലച്ചത്. ഇതിന് ശേഷം ആണ് മോഷണമുണ്ടായത്.
കഴിഞ്ഞ ദിവസം എരുമേലി ടൗണിൽ ശ്രീപാദം ശ്രീകുമാറിന്റെ വീട്ടിലെ വൈദ്യുതിയുടെ മെയിൻ സ്വിച്ച് ഓഫാക്കി മോഷണത്തിന് ശ്രമിച്ചിരുന്നു. എന്നാൽ വീട്ടുകാർ ഉണർന്ന് വന്നതോടെ ശ്രമം ഉപേക്ഷിച്ചു കള്ളൻ രക്ഷപെട്ടു. മെയിൻ സ്വിച്ച് ഓഫാക്കാൻ ശ്രമിക്കുന്ന കള്ളന്റെ ദൃശ്യം വീട്ടിലെ സിസി ക്യാമറയിൽ പതിഞ്ഞിരുന്നു. എന്നാൽ പോലീസിന്റെ അന്വേഷണത്തിൽ ഒരു തുമ്പും കിട്ടിയില്ല.
മുക്കൂട്ടുതറ ടൗണിൽ മോഷണം തടയാൻ പോലീസിന് കഴിഞ്ഞില്ലന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യുണിറ്റ് കുറ്റപ്പെടുത്തി. മോഷ്ടാക്കളെ പിടിക്കാൻ പോലിസ് അന്വേഷണം ഊർജിതമാക്കണമെന്ന് പ്രസിഡന്റ് അജി എം കൃഷ്ണയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തിര യോഗം ആവശ്യപ്പെട്ടു.