ഒരു ജനതയുടെ നിലനിൽപ്പിനായുള്ള പോരാട്ടം വിജയത്തിലേക്ക് .. പമ്പാവാലിയും എയ്ഞ്ചൽവാലിയും ബഫർസോണിൽ നിന്ന് ഒഴിവാകും;1200 കുടുംബങ്ങൾക്ക് ഇനി ആശ്വസിക്കാം…

പമ്പാവാലി : വിജയ പ്രതീക്ഷ വളരെ കുറവായിരുന്നുവെങ്കിലും, മൂന്ന് തലമുറകളായി ജീവിച്ചുവന്നിരുന്ന മണ്ണ് നഷ്പ്പെടാതിരിക്കാൻ, നിലനിൽപ്പിനായി ഒരു നാട് മുഴുവൻ ഒത്തൊരുമയോടെ പോരാടിയപ്പോൾ അന്തിമവിജയം അവർക്കൊപ്പം നിന്നു. പെരിയാർ കടുവസങ്കേതത്തിന്റെ അതിർത്തിക്കുള്ളിൽ വരുന്ന ജനവാസമേഖലകളായ പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങളെ ബഫർസോൺ പരിധിയിൽ നിന്നും ഒഴിവാക്കുവാൻ തീരുമാനമായി. പമ്പാവാലി, എയ്ഞ്ചൽവാലി മേഖലയിലെ 502.723 ഹെക്ടർ സ്ഥലമാണ് ഒഴിവാക്കുക. സംസ്ഥാന സർക്കാരിന്റെയും സംസ്ഥാന വന്യജീവി ബോർഡിന്റെയും ശുപാർശ ദേശീയ വന്യജീവി ബോർഡ് തത്വത്തിൽ അംഗീകരിച്ചു. ഇന്നലെ ചേർന്ന യോഗത്തിലാണ് നടപടി .

വിഷയത്തിൽ തുടർനടപടികൾക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംഘം സ്ഥലപരിശോധന നടത്തും. വസ്തുതകൾ പരിശോധിച്ച ശേഷം ദേശീയ വന്യജീവി ബോർഡിന്റെ അടുത്ത യോഗത്തിൽ വീണ്ടും പരിഗണിക്കും. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി.കൃഷ്ണനാണ് ദേശീയ വന്യജീവി ബോർഡിൽ സംസ്ഥാനത്തിന്റെ പ്രതിനിധി.

എരുമേലി പഞ്ചായത്തിലെ 11, 12 വാർഡുകളായ പമ്പാവാലി, എയ്ഞ്ചൽവാലി വാർഡുകൾ 502 ഹെക്ടറിൽ 1200 കുടുംബങ്ങൾ ആണ് താമസിക്കുന്നത്. പെരിയാർ ടൈഗർ റിസർവിന്റെ സമീപമായതിനാൽ ബഫർ സോൺ മേഖലയിൽ ഉൾപ്പെടും എന്നതിനാൽ ഇതിനെതിരെ ഏറെക്കാലമായി സമരപരിപാടികൾ നടന്നു വരികയായിരുന്നു.

പമ്പാവാലി, എയ്ഞ്ചൽവാലി മേഖലകളെ ഒഴിവാക്കാൻ 2023 ജനുവരി 19ന് സംസ്ഥാന വന്യജീവി ബോർഡ് തീരുമാനമെടുത്തെങ്കിലും ഒരു വർഷം വൈകി 2024 ജനുവരി 2 നാണ് ശുപാർശ കേന്ദ്ര സർക്കാരിനു കൈമാറിയത്. സംസ്ഥാനങ്ങളുടെ ശുപാർശ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിവേഷ് പോർട്ടൽ വഴി സമർപ്പിക്കണം എന്നതാണു ചട്ടം. കഴിഞ്ഞ തിങ്കളാഴ്ചയാണ് പരിവേഷ് പോർട്ടൽ വഴി സംസ്ഥാന സർക്കാർ വിവരങ്ങൾ അപ്‌ലോഡ് ചെയ്തത്. ബോർഡ് നിർദേശ പ്രകാരം ഒരു മാസത്തിനകം ബഫർസോൺ പരിധി പുനർനിർണയിച്ച് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.

ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും കർഷക സംഘടനകളും വൈദികരും സമുദായ സംഘടനകളും തുടങ്ങി എല്ലാവരും പ്രശ്നത്തിൽ ഇടപെട്ട് പമ്പാവാലി, എയ്ഞ്ചൽവാലി മേഖലകളിലെ ജനങ്ങൾക്ക് ഒപ്പം നിന്നു. പ്രശ്നത്തിന്റെ ഗൗരവം ജനങ്ങളിൽ എത്തിക്കുന്നതു മുതൽ സർക്കാരിന്റെ മുന്നിൽ എത്തിക്കുന്നതുവരെ വിശ്രമമില്ലാതെ ഈ വാർഡിലെ ജനപ്രതിനിധികളും ബഫർസോൺ വിരുദ്ധ ജനകീയ സമിതി ഭാരവാഹികളും ഓടിനടന്നു. വനംവകുപ്പ് ഓഫിസിലേക്ക് നടന്ന ജനകീയ മാർച്ചിനെ തുടർന്ന് ജനപ്രതിനിധികളും സമരസമിതി നേതാക്കളും അടക്കം 70 പേർക്ക് എതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസും നടക്കുകയാണ്.

കോൺഗ്രസ്, യുഡിഎഫ്, ബിജെപി, കേരള കോൺഗ്രസ് എം സംസ്ഥാന നേതാക്കൾ എയ്ഞ്ചൽവാലിയിൽ എത്തി ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. കോൺഗ്രസ്, ബിജെപി, ഇൻഫാം വിവിധ കർഷക സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ വലിയ സമര പരമ്പരകൾ തന്നെ അരങ്ങേറി. ജനങ്ങൾക്ക് പിന്തുണയുമായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ എത്തുകയും മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവരെ പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു. ആന്റോ ആന്റണി എംപിയും പൂർണ സഹകരണവുമായി ഒപ്പം നിന്നു.

പമ്പാവാലി, എയ്ഞ്ചൽവാലി മേഖലകളെ പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ 2023 ജനുവരി 19 ന് മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായ സംസ്ഥാന വന്യജീവി ബോർഡ് ആണ് തീരുമാനം എടുത്തത്. എന്നാൽ ഒരു വർഷം വൈകി 2024 ജനുവരി 2 ന് ആണ് ഈ ശുപാർശ രേഖകൾ അടങ്ങിയ ഫയൽ സംസ്ഥാന വന്യ ജീവി ബോർഡ് സർക്കാരിനു കൈമാറിയത്. സർക്കാർ ഈ ശുപാർശ ഫയൽ പരിശോധിച്ച ശേഷം ജനുവരി 25 ന് ആണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കൈമാറിയത്.

എന്നാൽ സംസ്ഥാന പരിസ്ഥിതി മന്ത്രാലയത്തിന്റെ ശുപാർശ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പർവേശ് പോർട്ടലിൽ വഴി സമർപ്പിക്കണം എന്ന് നിർദേശിച്ച് ഫയൽ തിരിച്ചയട്ക്കുകയായിരുന്നു. തുടർന്നാണ് പർവേശ് പോർട്ടലിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്തത്. അപ്പോഴും രേഖകളിൽ പിശകുണ്ടായി. മുഖ്യമന്ത്രി വീണ്ടും വനം വന്യജീവി ബോർഡ് അടിയന്തര യോഗം വിളിച്ച് പിശക് പരിഹരിച്ച് കേന്ദ്രസർക്കാരിനു ശുപാർശ സമർപ്പിക്കുകയായിരുന്നു.

error: Content is protected !!