കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിലെ 2 പ്രധാന ഡോക്ടർമാർക്കും സ്ഥലംമാറ്റം ; കാത്ത് ലാബിന്റെ പ്രവർത്തനം സ്തംഭിച്ചു

കാഞ്ഞിരപ്പള്ളി ∙ ശബരിമല തീർഥാടന കാലം അടുത്തിരിക്കെ ജനറൽ ആശുപത്രിയിലെ 2 കാർഡിയോളജിസ്റ്റുകൾക്കും സ്ഥലം മാറ്റം വന്നതോടെ ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സയും കാത്ത് ലാബിന്റെ പ്രവർത്തനവും പ്രതിസന്ധിയിലായി. മണ്ഡലകാലം ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെയാണ് 2 കാർഡിയോളജിസ്റ്റുമാരുടെയും സ്ഥലം മാറ്റം. കാർഡിയോളജിസ്റ്റ് തസ്തികയില്ലാത്ത ഇവിടെ എറണാകുളം ജനറൽ ആശുപത്രിയിലെ കാർഡിയോളജി വിഭാഗം സീനിയർ കൺസൽറ്റന്റ് ഡോ.ബിജു മോൻ വർക്കിങ് അറേഞ്ച്മെന്റിലും, കാർഡിയോളജി ജൂനിയർ കൺസൽറ്റന്റായിരുന്ന പ്രസാദ് കെ.മാണി ഫിസിഷ്യന്റെ തസ്തികയിലുമാണു സേവനമനുഷ്ഠിച്ചിരുന്നത്. ഇതിൽ ഡോ.ബിജു മോൻ തിരുവനന്തപുരത്തേക്കും, ‍ഡോ.പ്രസാദ് സീനിയർ കൺസൽറ്റന്റായി എറണാകുളത്തേക്കുമാണു സ്ഥലം മാറി പോയത്.

ഇരുവർക്കും കഴിഞ്ഞ ആഴ്ചയിലാണു സ്ഥാനക്കയറ്റം ലഭിച്ചതും സ്ഥലം മാറ്റം ഉണ്ടായതും. ശനിയാഴ്ച വരെ ഇരുവരും ഇവിടെ ജോലി ചെയ്തു. പകരം ഡോക്ടർമാരെ നിയമിക്കാത്തതിനാൽ ജനറൽ ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സയും കാത്ത് ലാബിന്റെ പ്രവർത്തനവും പ്രതിസന്ധിയിലായി. കാർഡിയോളജിസ്റ്റുകൾ ഇല്ലാത്തതിനാൽ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവയടക്കം മുടങ്ങി. അടിയന്തിര ചികിത്സ തേടിയെത്തുന്ന ഹൃദ്രോഗികളെ പോലും ഇന്നലെ മുതൽ കോട്ടയം മെഡിക്കൽ കോളജിലേക്കു റഫർ ചെയ്യേണ്ട സ്ഥിതിയാണ്. ആരോഗ്യ ഇൻഷുറൻസ് ഉള്ളവർ പോലും വൻതുക മുടക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.

2022 ജനുവരി 10നാണു ജനറൽ ആശുപത്രിയിൽ കാത്ത് ലാബ് തുടങ്ങിയത്. ഓരോ വർഷവും 500ലധികം ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയും, 600ലധികം ആൻജിയോഗ്രാം പരിശോധനയും ഉൾപ്പെടെയുള്ള ഹൃദയ ചികിത്സകളാണ് ഇവിടെ നടന്നു വന്നത്. മണ്ഡലകാലത്ത് അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർ ഉൾപ്പെടെ ചികിത്സ തേടി എത്തുന്ന ആതുരാലയമാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി. കിഴക്കൻ മലയോര മേഖലയിലെ ആയിരക്കണക്കിന് ആളുകളാണ് ഇവിടെ ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ഇവിടെ ചികിത്സ തേടിയെത്തുന്നത്. ഇതിൽ 80 ശതമാനം ആളുകൾക്കും ആരോഗ്യ ഇൻഷുറൻസ് കാർഡ് പ്രകാരം ശസ്ത്രക്രിയ ഉൾപ്പെടെ സൗജന്യ നിരക്കിലുള്ള ചികിത്സയാണ് ലഭിക്കുന്നത്. അതിനാൽ ജനറൽ ആശുപത്രിയിൽ കാർഡിയോളജിസ്റ്റ് തസ്തിക സൃഷ്ടിച്ച് ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യം ശക്തമായി.

സ്ഥലം മാറ്റിയ നടപടിയിൽ ചിറക്കടവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. കാർഡിയോളിജിസ്റ്റ് തസ്ഥിക അനുവദിച്ച് കൂടുതൽ ഡോക്ടമ്മാരെ നിയമിച്ച് ഹൃദയ സംബന്ധമായ ചികിത്സ തേടി ശബരിമാല തീർഥാടന കാലത്ത് എത്തുന്ന അയ്യപ്പ ഭക്തമ്മാർക്കും,മലയോര മേഖലയിലെ ആയിരക്കണക്കിന് ആളുകൾക്കും ആശ്രയമായ കാത്ത് ലാബിൻ്റെ പ്രവർത്തനം അടിയന്തരമായി പുനസ്ഥാപിച്ചില്ലെങ്കിൽ പ്രതിഷേധ സമര പരിപാടികൾ ആശുപത്രിക്ക് മുൻപിൽ നടത്തെണ്ടി വരുമെന്ന് ചിറക്കടവ്മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സേവൃർ മൂലകുന്ന് അറിയിച്ചു.

error: Content is protected !!