കനത്ത മഴ : ഓട അടഞ്ഞ് കടകളിൽ വെള്ളം കയറി ; വ്യാപാരികൾ മുന്നിട്ടിറങ്ങി ഓട വൃത്തിയാക്കി

പൊൻകുന്നം ∙ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി കനത്ത മഴ പെയ്തതിനെ തുടർന്നു പൊൻകുന്നം – പാലാ റോഡിൽ അട്ടിക്കൽ ഭാഗത്തെ ഓട അടഞ്ഞു കടകളിലേക്കു വെള്ളം കയറി. മണ്ണും കല്ലും നിറഞ്ഞ് ഓട അടഞ്ഞതിനാൽ റോഡിലൂടെ ഒഴുകിയ വെള്ളം കടകളിലേക്കു കയറുകയായിരുന്നു. അധിക‍ൃതരോടു പരാതിപ്പെട്ടിട്ടും പ്രയോജനമുണ്ടാകാത്തതിനാൽ മുൻപ് വ്യാപാരികൾ കൂലിക്ക് തൊഴിലാളികളെ നിർത്തി ഓടയിലെ മണ്ണ് നീക്കിയിരുന്നു.

സംസ്ഥാനപാതയായി നവീകരിച്ചപ്പോൾ നിർമിച്ച ഓട യഥാസമയം വൃത്തിയാക്കാത്തതിനാൽ മണ്ണ് നിറഞ്ഞ് വെള്ളം ഒഴുകിപ്പോകാൻ കഴിയാത്ത നിലയിലാണ്. ചെറിയ മഴയിൽ പോലും വെള്ളം റോഡിലൂടെ നിരന്നൊഴുകും. ചൊവ്വാഴ്ച വൈകിട്ട് പെയ്ത ശക്തമായി മഴയിൽ റോഡിലാകെ വെള്ളം നിറഞ്ഞ് ഒഴുകിപ്പോകാൻ മാർഗമില്ലാതെ കടകളിലേക്കു കയറി. ഇന്നലെ പകൽ വ്യാപാരികൾ പരിസരത്തെ ഓടയിലെ മണ്ണ് നീക്കം ചെയ്യിച്ചു. എന്നാൽ മറ്റിടങ്ങളിലും മണ്ണ് നിറഞ്ഞു കിടക്കുന്നതിനാൽ ഓടയിലൂടെ വെള്ളമൊഴുക്ക് സുഗമമാകില്ലെന്നു നാട്ടുകാർ പറയുന്നു. ശാശ്വത പരിഹാരം കാണാൻ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.

error: Content is protected !!