കടന്നൽ ഭീതിയിൽ മലയോര മേഖല
എരുമേലി ∙ കടന്നൽക്കുത്തേറ്റ് പുഞ്ചവയൽ പാക്കാനത്ത് അമ്മയും മകളും മരിച്ചതിന്റെ ഭീതിയിൽ മലയോര മേഖല. മുൻപും സമാന വിധത്തിൽ കടന്നൽക്കുത്തേറ്റ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടവർ ഒട്ടേറെപ്പേരുണ്ട്. കഴിഞ്ഞ വർഷം രണ്ടു വ്യത്യസ്തമായ സംഭവങ്ങളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് 2 പേരുടെ ജീവൻ രക്ഷിച്ചത്. ഇടകടത്തി കള്ളുഷാപ്പിലെ ചെത്തുതൊഴിലാളി മുണ്ടക്കയം സ്വദേശി ബിജു ഇടകടത്തി ആരോഗ്യ ഉപകേന്ദ്രത്തിനു സമീപത്തെ പനയിൽ കയറിയപ്പോൾ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായി. തേനീച്ചകളിൽ നിന്ന് രക്ഷ തേടി ബിജു പനയിൽ നിന്നു വെപ്രാളത്തിൽ ഇറങ്ങി ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ തേനീച്ചക്കൂട്ടം ബിജുവിന്റെ പിന്നാലെ ഏറെ ദൂരം പിന്തുടർന്നു. സമീപത്തെ ജലാശയത്തിൽ മുങ്ങിക്കിടന്നു രക്ഷപ്പെടാൻ ശ്രമിച്ചിട്ടും തേനീച്ചക്കൂട്ടം ചുറ്റും വട്ടമിട്ടു പറന്നു. അവിടെ നിന്ന് തൊട്ടടുത്തുള്ള ഇടകടത്തി ആരോഗ്യ ഉപകേന്ദ്രത്തിൽ ബിജു അവശ നിലയിലെത്തി. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സ്വന്തം കാറിൽ മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ എത്തിച്ചാണ് ബിജുവിന്റെ ജീവൻ രക്ഷിച്ചത്.
സമാന വിധത്തിൽ കടന്നലുകളുടെ ആക്രമണത്തിൽ പൂവത്തുങ്കൽ എസ്റ്റേറ്റിലെ തൊഴിലാളിയായ മേത്തനത്ത് ജോയിക്കുട്ടിക്ക് (52) ഗുരുതര നിലയിൽ പരുക്കേറ്റിരുന്നു. മുഖത്തും തലയിലുമായി 20 കുത്തുകളാണ് ഏറ്റത്. ജോയിക്കുട്ടി റബർ ടാപ്പിങ് ചെയ്യുന്നതിനിടെയാണ് കടന്നൽ കൂട്ടമായി ആക്രമിച്ചത്. കടന്നലുകളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി എരുമേലി – പേരൂർത്തോട് റോഡിലേക്ക് ഓടിക്കയറി. എന്നാൽ കടന്നൽക്കൂട്ടം ജോയിക്കുട്ടിയെ വിടാതെ പിന്തുടർന്നു. ഇതുകണ്ട് അവിടെനിന്ന നാട്ടുകാർ ഓടി രക്ഷപ്പെട്ടു. കടന്നലുകൾ പിന്നാലെ കൂടി വീണ്ടും കുത്തിയതോടെ ജോയിക്കുട്ടി പ്രാണരക്ഷാർഥം എസ്റ്റേറ്റിലേക്ക് തന്നെ ഓടി. റോഡിലൂടെ കടന്നുപോയ വാഹനയാത്രക്കാർ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വിവരം അറിയിക്കുകയും ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്ര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ആംബുലൻസിൽ എസ്റ്റേറ്റിലെത്തി ജോയിക്കുട്ടിയെ എരുമേലി ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിക്കുകയുമായിരുന്നു. ഇപ്പോൾ 2 പേരുടെ മരണം നടന്ന പാക്കാനത്ത് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ സംസ്കാര ചടങ്ങിന് എത്തിയവരിൽ 9 പേർക്കു കടന്നൽക്കുത്തേറ്റിരുന്നു.