നിലത്തിരുന്ന് ജോലി ചെയ്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർമാർ പ്രതിഷേധിച്ചു
പൊൻകുന്നം : വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർമാരെ (വിഇഒ) ബ്ലോക്ക് ഓഫിസിൽ നിന്ന് മാറ്റി പഞ്ചായത്ത് സെക്രട്ടറിയുടെ കീഴിലാക്കാനുള്ള നീക്കത്തിനെതിരെയും കേന്ദ്ര ആവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന, ഗ്രാമീൺ ഭവന നിർമാണ പദ്ധതി എന്നിവയെ അട്ടിമറിക്കാനുള്ള നീക്കത്തിന് എതിരെയും വിഇഒമാർ പഞ്ചായത്ത് ഓഫിസിൽ കറുപ്പ് വസ്ത്രം ധരിച്ച് വായ മൂടിക്കെട്ടി പ്രതിഷേധ സമരം നടത്തി. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ ചിറക്കടവ് പഞ്ചായത്തിലെ വിഇഒ ആൻസി ജോസഫ് കസേരയിൽ ഇരിക്കാതെ നിലത്തിരുന്നു ജോലി ചെയ്തത്.
വിഇഒമാരുടെ ജോലിഭാരത്തെക്കുറിച്ച് പഠിച്ച് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു സമയബന്ധിതമായി അന്വേഷണ കമ്മിഷനെ വയ്ക്കുക, ഹാജർ രേഖപ്പെടുത്തുന്നതിനു പഞ്ചിങ് സംവിധാനം ഏർപ്പെടുത്തുക, വിഇഒമാരുടെ മേലുള്ള അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കി പദ്ധതി നിർവഹണം സുഗമമാക്കുക, ഫീൽഡ്തല പരിശോധയ്ക്കു വാഹന സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് പ്രതിഷേധിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ കീഴിൽ ശമ്പളം മാറുകയും ഹാജർ ബുക്ക് സ്വന്തമായി സൂക്ഷിക്കുകയും ചെയ്തിരുന്ന വിഇഒമാർ ഇനി മുതൽ ജോലി ചെയ്യുന്ന പഞ്ചായത്തുകളിൽ ഹാജർ രേഖപ്പെടുത്തണമെന്നും പഞ്ചായത്ത് ഓഫിസിൽ ഹാജരായി ജോലി നിർവഹിക്കണമെന്നും ഉത്തരവായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച കരിദിനാചരണം നടത്തിയത്. ഹാജർ രേഖപ്പെടുത്തേണ്ടത് പഞ്ചായത്ത് ഓഫിസിലാണെങ്കിലും ശമ്പളം മാറി നൽകുന്നത് ബ്ലോക്ക് സെക്രട്ടറിമാർ തന്നെയാകും. പഴയ രീതി തന്നെ തുടരണമെന്നാണ് വിഇഒ മാരുടെ ആവശ്യം.