‘ഓറഞ്ച് ദ വേൾഡ് ക്യാംപയിൻ 2K24’ ന്റെ ജില്ലാ തല ഉദ്ഘാടനം കുട്ടിക്കാനം മരിയൻ കോളേജിൽ വച്ച് നടത്തി.
കുട്ടിക്കാനം : ഇടുക്കി ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെയും ഡിസ്ട്രിക്ട് ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ ഇടുക്കിയുടെയും നേതൃത്വത്തിൽ കുട്ടിക്കാനം മരിയൻ കോളേജിൽ ‘ഓറഞ്ച് ദ വേൾഡ് ക്യാംപയിൻ 2K24’ സംഘടിപ്പിച്ചു.
“സുരക്ഷ, എല്ലായിടത്തും എപ്പോഴും” എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ക്യാംപയിന്റെ ഉദ്ഘാടനം ഇടുക്കി ജില്ലാ കലക്ടർ വി. വിഘ്നേശ്വരി നിർവഹിച്ചു. നമ്മുടെ ആസ്വാദനം മറ്റുള്ളവരുടെ ആസ്വാദന സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമായി മാറരുത്. ചെറിയ ചെറിയ കാര്യങ്ങളിൽ തന്നെ പ്രൊട്ടക്ഷൻ ആരംഭിക്കണം. ചൂഷണം എന്നതു ശാരീരികം മാത്രമല്ല, മാനസികമായ ആഘാതമേൽപ്പിക്കലും ചൂഷണമാണ് എന്ന് ജില്ലാ കലക്ടർ വി. വിഘ്നേശ്വരി ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാലതി പി. സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഗീതാകുമാരി എസ് മുഖ്യപ്രഭാഷണം നടത്തി. ജെൻഡർ സ്പെഷ്യലിസ്റ്റ് പ്രിൻസ് ബെന്നി ക്ലാസ് നയിച്ചു.
ക്യാമ്പയിനു മുന്നോടിയായി നടന്ന ബോധവത്കരണ റാലി പീരുമേട് ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് വിശാൽ ജോൺസൺ ഫ്ലാഗ് ഓഫ് ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. അജിമോൻ ജോർജ്ജ്, പീരുമേട് ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് വിശാൽ ജോൺസൺ എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ ഓഫ് സോഷ്യൽ വർക്ക് അസിസ്റ്റൻ്റ് പ്രൊഫസർ അനു എബ്രഹാം സ്വാഗതവും ഡിസ്ട്രിക്ട് ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ ഇടുക്കി ജില്ലാ കോ – ഓർഡിനേറ്റർ സുബിത പരമേശ്വരൻ നന്ദിയും പറഞ്ഞു. മരിയൻ കോളേജിലെ ജൻഡർ ഇക്വിറ്റി സെൽ, നാഷണൽ സർവീസ് സ്‌കീം , എൻ സി സി, യു എൻ എ ഐ, സസ്‌റ്റൈനബിലിറ്റി ക്ലബ് എന്നിവയുടെ നേതൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്.