സ്വകാര്യ ഫിനാൻസ് സ്ഥാപനം വീട് ജപ്തി ചെയ്തു : പെരുവഴിയിൽ നിർധന കുടുംബം, സഹായവുമായി എരുമേലി പഞ്ചായത്ത്‌.

എരുമേലി : ആകെയുള്ള മൂന്ന് സെന്റ് സ്ഥലവും കിടപ്പാടവും വീട്ടുപകരണങ്ങളും സ്വകാര്യ ബാങ്ക് ജപ്തി ചെയ്തതോടെ പെരുവഴിയിൽ ഭിന്നശേഷിക്കാരിയായ മകൾ ഉൾപ്പടെ നിർധന പട്ടികജാതി കുടുംബം. ജനപ്രതിനിധികൾ ഇടപെട്ട് ജപ്തിക്ക് സാവകാശം തേടിയെങ്കിലും ബാങ്ക് അധികൃതർ വഴങ്ങിയില്ല. കോടതി ഉത്തരവുള്ളത് മുൻനിർത്തി പോലിസ് മേൽനോട്ടത്തിൽ ജപ്തി ചെയ്യുകയായിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരം എരുമേലി പഞ്ചായത്തിലെ കനകപ്പലം വാർഡിൽ അടുക്കള കോളനി ഭാഗത്ത്‌ കുളക്കുറ്റിയിൽ രാജേഷ് – സുജ ദമ്പതികളുടെ വീടും സ്ഥലവുമാണ് സ്വകാര്യ ഫിനാൻസ് സ്ഥാപനം ജപ്തി ചെയ്ത് പിടിച്ചെടുത്തത്. മക്കളായ പ്ലസ്ടു വിദ്യാർത്ഥി അമൽ, സഹോദരങ്ങളും വിദ്യാർത്ഥിനികളുമായ അനുജ, അഞ്ജന എന്നിവരുമായി മാതാപിതാക്കൾ കണ്ണീരോടെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ നിസഹായരായി നാട്ടുകാരുമുണ്ടായിരുന്നു. വിവരം അറിഞ്ഞ് പഞ്ചായത്ത്‌ പ്രസിഡന്റ് മറിയാമ്മ സണ്ണി, വൈസ് പ്രസിഡന്റ് വി ഐ അജി, വാർഡ് അംഗം സുനിൽ ചെറിയാൻ എന്നിവർ ബാങ്ക് ജീവനക്കാരും ബാങ്കിന്റെ അഭിഭാഷകനും പോലിസ് ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയെങ്കിലും ബാങ്ക് അധികൃതർ ഒത്തുതീർപ്പിന് തയ്യാറായില്ല. വായ്പ കുടിശിക അടച്ചു തീർക്കാൻ ജനപ്രതിനിധികൾ ഇടപെട്ട് ഒരു മാസത്തെ സാവകാശം തേടിയെങ്കിലും ബാങ്ക് അധികൃതർ വഴങ്ങിയില്ല.

2019 ലാണ് രാജേഷ് വീടും സ്ഥലവും ഈട് വെച്ച് രണ്ടര ലക്ഷം രൂപ വായ്പ എടുത്തത്. ബ്ലോക്ക്‌ പഞ്ചായത്തിൽ നിന്നും വീട് നിർമാണത്തിന് ലഭിച്ച ധനസഹായം തികയാതെ വന്നതോടെ ആണ് വീട് പണിക്ക് വേണ്ടി വായ്പ എടുത്തതെന്ന് രാജേഷ് പറഞ്ഞു. വായ്പ തുക കഴിഞ്ഞ വർഷം അടച്ചു തീർത്തെങ്കിലും പലിശ ഉൾപ്പടെ അഞ്ച് ലക്ഷം കൂടി അടയ്ക്കാൻ ഉണ്ടെന്ന് ബാങ്ക് അറിയിച്ചിരുന്നു.

കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസ് അദാലത്ത് മുഖേനെ രാജേഷ് സാവകാശം തേടി എങ്കിലും അദാലത്ത് ഹിയറിങ്ങിൽ ബാങ്ക് പ്രതിനിധികൾ ഹാജരായില്ല. തുടർന്നാണ് കോടതി മുഖേനെ ബാങ്ക് അധികൃതർ ജപ്തി നടപടികൾക്ക് ഉത്തരവ് നേടിയത്. പട്ടിക ജാതി വികസന വകുപ്പിൽ നിന്നും പ്ലസ്ടു വിദ്യാർത്ഥി അമലിന് വീട്ടിൽ പഠനമുറി നിർമിച്ചു ലഭിച്ചിരുന്നു. ഇതടക്കം ആണ് ഇന്നലെ ബാങ്ക് ജപ്തി ചെയ്തത്. കൂലിപ്പണിക്കാരനായ രാജേഷിന്റെ തുച്ഛമായ വരുമാനം മാത്രം ആണ് ഭിന്നശേഷിക്കാരിയായ മകൾ ഉൾപ്പടെ ഉള്ള കുടുംബത്തിന്റെ ഏക ഉപജീവന മാർഗം. ഏതാനും ദിവസത്തേക്ക് താമസ സൗകര്യം നൽകാൻ അയൽവാസികൾ തയ്യാറായിട്ടുണ്ടെങ്കിലും തുടർന്നുള്ള ജീവിതം എങ്ങനെ എന്നറിയാതെ കണ്ണീർ തൂകുകയാണ് രാജേഷും കുടുംബവും.

ബാങ്ക് അധികൃതരുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ എരുമേലി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ശ്രമം ആരംഭിച്ചു . ഒപ്പം സുമനസുകളായ ചിലർ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് എരുമേലി പഞ്ചായത്ത്‌ പ്രസിഡന്റ് മറിയാമ്മ സണ്ണി പറഞ്ഞു. വായ്പ അടച്ചു തീർത്ത് വീടും സ്ഥലവും തിരിച്ചു എടുക്കാൻ വേണ്ടിയാണ് ശ്രമിക്കുന്നത്. ഇതിന് വേണ്ടി ചർച്ച നടത്താൻ ബാങ്ക് അധികൃതരോട് സമയം ചോദിച്ചിട്ടുണ്ടെന്നും ചർച്ച നടന്നാൽ തുക പരമാവധി കുറച്ചു കിട്ടാൻ ആവശ്യപ്പെടുമെന്നും പ്രസിഡന്റ് പറഞ്ഞു. ചർച്ച വിജയമായില്ലങ്കിൽ കുടുംബത്തിന് താമസ സൗകര്യം ഏർപ്പാടാക്കാൻ ഇടപെടൽ നടത്താനാണ് തീരുമാനം.

error: Content is protected !!