ദേശീയ അന്തർസർവകലാശാല 3 X 3 ബാസ്കറ്റ്ബോൾ മത്സരം 27 മുതൽ കാഞ്ഞിരപ്പള്ളി എസ്‌ഡി കോളജിൽ
കാഞ്ഞിരപ്പള്ളി : എംജി യൂണിവേഴ്‌സിറ്റി ആതിഥ്യം വഹിക്കുന്ന ഓൾ ഇന്ത്യ അന്തർസർവകലാശാല പുരുഷ – വനിതാ 3x 3 ബാസ്‌കറ്റ് ബോൾ മത്സരം ഡിസംബർ 27 മുതൽ 31 വരെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ നടക്കും. എംജി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ സി.ടി. അരവിന്ദ് കുമാർ അധ്യക്ഷത വഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും.
31ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രി വി.എൻ. വാസവൻ സമ്മാനങ്ങൾ വിതരണം ചെയ്യും. ദേശീയ ഇന്റർ യുണിവേഴ്‌സിറ്റി മത്സരങ്ങളിൽ ആദ്യമായാണ് 3 x 3 ബാസ്കറ്റ്ബോൾ മത്സരം ഉൾപ്പെടുത്തിയത്. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ജർമനിയിൽ നടക്കാനിരിക്കുന്ന വേൾഡ് യൂണിവേഴ്‌സിറ്റി മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന ടീമിനെ തെരഞ്ഞെടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമായി അറുപതിലധികം ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. രാജ്യത്തെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റി ബാസ്‌കറ്റ്‌ബോൾ ടീമുകൾ മത്സരത്തിന് എത്തിച്ചേരും.
ആന്റോ ആന്റണി എംപി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അജിത ര തീഷ്, പാറത്തോട് പഞ്ചായത്തു പ്രസിഡൻ്റ് കെ.കെ. ശശികുമാർ, മാനേജർ ഫാ. വർഗീ സ് പരിന്തിരിക്കൽ, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, ബ്ലോക്ക് പഞ്ചായത്തംഗം ടി.ജെ. മോഹനൻ, പഞ്ചായത്തംഗം ഷാലിമ്മ ജയിംസ്, വിരമിച്ച ജീവനക്കാരുടെ പ്രതിനിധി പ്രഫ സി.എ. തോമസ്, മർച്ചൻ്റ് അസോ സിയേഷൻ പ്രതിനിധി ബിജി കമാൽ, പിടി എ വൈസ് പ്രസിഡന്റ് എലിസബത്ത് അലക്‌സ്, യൂണിയൻ ചെയർമാൻ ഫെബിൻ ജോസ് ആന്റണി എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
എംജി യൂണിവേഴ്‌സിറ്റി സിൻഡിക്കറ്റംഗം ഡോ. ബിജു തോമസ്, യുണിവേഴ്‌സിറ്റി കായിക വകുപ്പ് ഡയറക്ടറും മത്സര ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഡോ. ബിനു ജോർജ് വർഗീസ്, ജനറൽ കൺവീനറും സെന്റ് ഡൊമിനിക്സ് കോളജ് പ്രിൻസിപ്പലുമായ ഡോ. സീമോൻ തോമസ്, കോളജ് ബർസാർ ഡോ. മനോജ് ജോസഫ്, പബ്ലിസിറ്റി കൺവീനർ ബിനോ പി. ജോസ്, ചാമ്പ്യൻഷി പ്പ് കൺവീനർ പ്രവീൺ തര്യൻ എന്നിവർ നേതൃത്വം നൽകും.