മലനാട് കിടപ്പു രോഗികൾക്ക് കിറ്റുകൾ നൽകുന്നു
കാഞ്ഞിരപ്പള്ളി : മലനാട് ഡവലപ്മെൻറ് സൊസൈറ്റി ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കിടപ്പു രോഗികൾക്ക്
ഇത്തവണയും കിറ്റുകൾ എത്തിച്ചു നൽകും. കിറ്റുകൾ തയ്യാറാക്കുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാൾ
ഫാദർ ഫാദർ ബോബി അലക്സ് മണ്ണംപ്ലാക്കൽ നിർവ്വഹിച്ചു. വേദനിക്കുന്നവരുടെയും വിഷമിക്കുന്നവരുടെയും കണ്ണീരൊപ്പാനുള്ള പരിശ്രമമാണ് മലനാട് നടത്തുന്നതെന്നും ഇത് തിരിച്ചറിഞ്ഞാണ് മലനാടിനെ ആളുകൾ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കരുതൽ പദ്ധതിയുടെ ഭാഗമായി കിടപ്പു രോഗികൾക്ക് മലനാട് മാസം തോറും സാമ്പത്തിക സഹായം നൽകി വരുന്നുണ്ട്. ഇത് കൂടാതെയാണ്
ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഇത്തവണയും അവശ്യവസ്തുക്കളും ഭക്ഷ്യവസ്തുക്കളും അടങ്ങിയ കിറ്റുകൾ ഇവർക്ക് വീടുകളിൽ എത്തിച്ചു നൽകുന്നത്. മലനാട് കുടുംബാംഗങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെ ഉദാഹരണമാണ് കരുതൽ പദ്ധതിയെന്ന് ഡയറക്ടർ ഫാദർ തോമസ് മറ്റമുണ്ടയിൽ പറഞ്ഞു. കിടപ്പു രോഗികളായ നിർധനരായ ആളുകൾക്ക് ആശ്വാസമേകാനാണ് മലനാട് ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെഡ്ഷീറ്റുകൾ, തോർത്തുകൾ,സോപ്പുകൾ കൈലികൾ എന്നിവയ്ക്ക് പുറമെ ബ്രഡ്, പാൽപ്പൊടി, കാപ്പിപ്പൊടി ,തെയിലപ്പൊടി ,ഉണക്കു കപ്പ അടക്കമുള്ള ഭക്ഷ്യവസ്തുക്കളാണ് കിടപ്പു രോഗികൾക്ക് ആശ്വാസവും സ്വന്തനവുമേകി മലനാട് കുടുംബത്തിൽ നിന്നും എത്തിച്ച് നൽകുന്നത്. അസിസ്റ്റൻറ് ഡയറക്ടർ ഫാദർ ആൽബിൻ പുൽത്തകിടിയേലും യോഗത്തിൽ സംസാരിച്ചു.