കണമല ഇറക്കത്തിൽ തീർത്ഥാടക ബസ് മറിഞ്ഞു അപകടം : തെലുങ്കാന സ്വദേശി ഡ്രൈവർ മരിച്ചു.
കണമല : ശബരിമല പാതയിലെ അതീവ അപകട മേഖലയായ കണമല ഇറക്കത്തിലെ അട്ടി വളവിൽ അയ്യപ്പഭക്തരുമായി വന്ന ബസ് മറിഞ്ഞ് അപകടം. ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവർ തെലുങ്കാന സ്വദേശി രാജു മരിച്ചു. തീർത്ഥാടകർ കാര്യമായ പരിക്കുകളില്ലാതെ രക്ഷപെട്ടു. ഒരു തീർത്ഥാടകന് കാലിൽ ഒടിവുണ്ട്. ബസ് ക്രാഷ് ബാരിയറിൽ തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി. പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇന്നലെ രാവിലെ അഞ്ച് മണിക്ക് ആയിരുന്നു അപകടം. തെലുങ്കാന സ്വദേശികളും ശബരിമല തീർത്ഥാടകരുമായ 29 പേരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവറുടെ മൃതദേഹം പാമ്പാടി ഗവൺമെൻറ് ആശുപത്രിയിൽ. ക്രയിൻ യുണിറ്റ് ഉപയോഗിച്ച് ബസ് ഉയർത്തി മാറ്റി.
അമിത വേഗം വിനയായി.
കണമല ഇറക്കത്തിൽ ബസ് മറിഞ്ഞ് ഡ്രൈവർ മരിക്കാനിടയായത് അമിത വേഗത മൂലമെന്ന് ബസിലെ തീർത്ഥാടകർ പോലീസിനോട് പറഞ്ഞു. ബസിന്റെ പ്രധാന ഡ്രൈവർ ആണ് അപകടത്തിൽ മരിച്ചത്. അപകട സമയത്ത് ബസ് ഡ്രൈവ് ചെയ്തത് രണ്ടാമത്തെ ഡ്രൈവർ ആയിരുന്നു. കണമല ഇറക്കം ആരംഭിക്കുന്ന മാക്കൽ കവലയിലെ ചെക്ക് പോസ്റ്റിൽ ഈ ബസ് തടഞ്ഞു നിർത്തി ഡ്രൈവർ രാജുവിന് ചുക്കുകാപ്പി നൽകിയിരുന്നെന്ന് പോലിസ് പറയുന്നു. കാപ്പി കുടിച്ച ശേഷം രണ്ടാമത്തെ ഡ്രൈവർ ആണ് ബസ് ഡ്രൈവ് ചെയ്തത്. ഈ സമയം രാജു ഉറങ്ങാനുള്ള ശ്രമത്തിലായിരുന്നു. സമയം വൈകിയത് മൂലം ശബരിമലയിൽ എത്താൻ താമസിക്കുമെന്ന് പറഞ്ഞ് രണ്ടാമത്തെ ഡ്രൈവർ വേഗത കൂട്ടി ഇറക്കത്തിൽ ഡ്രൈവ് ചെയ്‌തെന്നും ഇത് തീർത്ഥാടകർ എതിർത്തിട്ടും ഡ്രൈവർ വഴങ്ങിയില്ലന്നും പറയുന്നു. അട്ടി വളവിൽ എത്തിയപ്പോൾ ബസിന്റെ എയർ ബ്രേക്ക് സംവിധാനം പ്രവർത്തനരഹിതമായി വളവിൽ തിരിയാനാകാതെ നിയന്ത്രണം തെറ്റി ക്രാഷ് ബാരിയറിൽ ഇടിച്ചു മറുവശത്തുള്ള മരങ്ങളിൽ തങ്ങി നിന്നെന്ന് ബസ് പരിശോധിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ടാമത്തെ ഡ്രൈവർക്കെതിരെ കേസെടുത്തെന്ന് എരുമേലി പോലിസ് അറിയിച്ചു. അപകടത്തിന് ശേഷം ബസിൽ നിന്ന് പുറത്തിറങ്ങിയ അയ്യപ്പ ഭക്തർ ഈ ഡ്രൈവറെ കയ്യേറ്റം ചെയ്തിരുന്നു.
നിയന്ത്രണം കർക്കശമാക്കും.
കണമല ഇറക്കത്തിൽ രാത്രിയിലും പുലർച്ചെയും വലിയ വാഹനങ്ങൾ കടത്തി വിടില്ലന്ന് പോലിസ് അറിയിച്ചു. കണമല ഇറക്കത്തിന്റെ തുടക്കമായ മാക്കൽ കവലയിൽ വെച്ച്വാഹനങ്ങൾ തടഞ്ഞു നിർത്തി കോൺവേ അടിസ്ഥാനത്തിൽ കടത്തി വിടും. ഇവിടെ ചൂട് കാപ്പി ഡ്രൈവർമാർക്ക് നൽകുന്നതിനൊപ്പം അപകട സാധ്യത മുന്നറിയിപ്പും ജാഗ്രത നിർദേശവും നൽകുമെന്ന് പോലിസ് അറിയിച്ചു. ഇന്നലെ രാത്രി മുതൽ പുലർച്ചെ വരെ അഞ്ഞൂറിൽ പരം പേർക്ക് പോലിസ് വക കാപ്പി വിതരണം നടന്നിരുന്നു. യാത്രയിൽ ഉറക്കം ഒഴിവാക്കി സുരക്ഷിത ഡ്രൈവിംഗ് നടത്താനുള്ള ഉന്മേഷം ലഭിക്കാനാണ് ഡ്രൈവർമാർക്ക് കാപ്പി നൽകുന്നത്. എന്നിട്ടും അപകടം സംഭവിച്ചതിന്റെ നടുക്കത്തിലാണ് പോലിസ്.
ഷാജിയുടെ മരങ്ങൾ താങ്ങി.
ഇന്നലെ ബസ് മറിഞ്ഞത് വൻ അപകടമാകാതിരുന്നത് ഷാജിയുടെ പറമ്പിലെ മരങ്ങൾ മൂലം. ക്രാഷ് ബാരിയറിൽ ഇടിച്ചു അപ്പുറം കടന്ന ബസ് മരങ്ങളിൽ ഇടിച്ചാണ് കൊക്കയിലേക്ക് മറിയാതെ നിന്നത്.
വർഷങ്ങൾക്ക് മുമ്പ് ശബരിമല സീസണുകളിൽ അട്ടിവളവിൽ വാഹനങ്ങൾ മറിഞ്ഞിരുന്നത് കയ്യൂന്നുപാറ ഷാജിയുടെ പറമ്പിലേക്കായിരുന്നു. റോഡിൽ നിന്നും ഏറെ താഴ്ചയുള്ള ഈ പറമ്പിൽ ഒട്ടേറെ വാഹനങ്ങളാണ് മറിഞ്ഞത്. അപകടങ്ങൾ മൂലം ഷാജിയുടെ കൃഷികളും നിലച്ചതാണ്. ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചതോടെ ആണ് അപകടങ്ങളുടെ എണ്ണം കുറഞ്ഞത്. ഇതോടെ ഷാജിയുടെ പറമ്പിലെ മരങ്ങൾ വളർന്നു തുടങ്ങി. ഇങ്ങനെ ഉയരം വെച്ച് വളർന്ന മരങ്ങൾ ആണ് ഇന്നലെ ബസിനെ താങ്ങിയത്.
ക്രാഷ് ബാരിയർ ദുർബലം.
കണമല ഇറക്കത്തിലെ ക്രാഷ് ബാരിയറുകൾ ശേഷി കുറഞ്ഞത് ആണെന്ന് നാട്ടുകാർ. മിക്കതിനും കോൺക്രീറ്റ് ചെയ്തതിന്റെ ഉറപ്പ് ഇല്ല. ഗുണനിലവാരം കുറഞ്ഞ നിലയിൽ ആണ് ഇവ സ്ഥാപിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. അതേസമയം ആദ്യം സ്ഥാപിച്ചിരുന്ന ബാരിയറുകൾക്ക് രണ്ടും മൂന്നും ലെയറുകൾ ഉണ്ടായിരുന്നു. സുശക്തമായ നിലയിൽ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചാണ് ആദ്യം സ്ഥാപിച്ചത്. ഒട്ടേറെ അപകടങ്ങൾ മൂലം ഇവയിൽ പലതും കേടുപാടുകൾ ആയതോടെ ആണ് പുതിയത് സ്ഥാപിച്ചത്. ഇതാണ് ദുർബലമാണെന്ന് പരാതി ഉയർന്നിരിക്കുന്നത്.