കാഞ്ഞിരപ്പള്ളി രൂപതാദിന വിളക്ക് ചെല്ലാർകോവിലിൽ

കാത്തിരപ്പള്ളി: അണക്കര ഫൊറോന ആതിഥ്യമരുളുന്ന രൂപതാദിനത്തിനൊരുക്കമായി ഫൊറോനയിലെ ഇടവകകളിലൂടെ പ്രയാണം ആരംഭിക്കുന്ന രൂപതാദിന വിളക്ക് അണക്കര സെന്റ് തോമസ് ഫൊറോന ഇടവകയിലെ പ്രാർത്ഥന ദിനങ്ങൾ പൂർത്തിയാക്കി ചെല്ലാർകോവിൽ മാർ സ്ലീവ ഇടവകയില്‍ എത്തിച്ചേര്‍ന്നു.

മെയ് 12 ന് അണക്കരയിലാണ് രൂപതാ ദിനാഘോഷം നടത്തപ്പെടുന്നത്. 2024 മെയ് മാസം എരുമേലി ഫൊറോനയില്‍ നടത്തപ്പെട്ട രൂപതാദിനത്തോടനുബന്ധിച്ച് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലില്‍ നിന്നും അണക്കര ഫൊറോന ഏറ്റുവാങ്ങിയ രൂപതാദിന വിളക്കാണ് ചെല്ലാര്‍ കോവിലിലെത്തിച്ചേര്‍ന്നത്.

അണക്കര ഇടവകയില്‍ നിന്നും ഫൊറോന വികാരി ഫാ. ജേക്കബ് പീടികയില്‍, കൈക്കാരന്‍മാരായ സണ്ണി പുതുപറമ്പില്‍ , സേവ്യര്‍ വിതയത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ ചെല്ലാര്‍ കോവില്‍ ഇടവയില്‍ എത്തിച്ചേര്‍ന്ന രൂപതാ ദിനവിളക്ക് ചെല്ലാര്‍ കോവില്‍ മാര്‍ സ്ലീവ പള്ളി വികാരി ഫാ. ജയിംസ് ഇലഞ്ഞിപ്പുറം, കൈക്കാരന്‍മാരായ ജോണ്‍ ജേക്കബ് ചാത്തന്‍പാറ, ജോഷി പാറശ്ശേരില്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. സന്യാസിനികള്‍ ഉള്‍പ്പെടെയുള്ള വിശ്വാസി സമൂഹം സന്നിഹിതരായിരുന്നു.

1977 -ല്‍ സ്ഥാപിതമായ കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണ്ണ ജൂബിലിക്കൊരുക്കമായ കര്‍മ്മപദ്ധതികള്‍, മിശിഹാ വര്‍ഷം-2025 ജൂബിലിയാചരണം എന്നിവയോടനുബന്ധിച്ചാണ് ഈ വര്‍ഷത്തെ രൂപതാദിനാചരണം ക്രമീകരിച്ചിരിക്കുന്നത്.

2024 മെയ് 12 ന് അണക്കരയില്‍ നടത്തപ്പെടുന്ന രൂപതാദിനത്തിനൊരുമായി വൈദിക-സന്യസ്ത യോഗങ്ങള്‍, ഇടവക പ്രതിനിധികളുടെ മേഖലാടിസ്ഥാനത്തിലുള്ള യോഗങ്ങള്‍ എന്നിവ നടത്തപ്പെടും. അണക്കര ഫൊറോന വികാരി ഫാ. ജേക്കബ് പീടികയുടെ നേതൃത്വത്തില്‍ വൈദികരും സന്യസ്തരുമുള്‍പ്പെടെയുള്ള വിശ്വാസി സമൂഹം ക്രമീകരണങ്ങള്‍ക്ക് നേതൃത്വം വഹിക്കും.

error: Content is protected !!