ശങ്കക്ക് പരിഹാരം : എയ്ഞ്ചൽവാലിയിൽ 35 ലക്ഷംരൂപ ചെലവിട്ട് നിർമ്മിച്ച ടേക്ക് എ ബ്രേക്ക് തുറന്നു

എരുമേലി : എയ്ഞ്ചൽ വാലിയിൽ പമ്പാ നദിയിൽ കുളിക്കാൻ എത്തുന്ന തീർത്ഥാടകർക്ക് പ്രാഥമിക കൃത്യങ്ങൾക്ക് ഇനി ബുദ്ധിമുട്ട് നേരിടില്ല. 35 ലക്ഷംരൂപ ചെലവിട്ട് നിർമാണം പൂർത്തിയായ ടേക്ക് എ ബ്രേക്ക് പൊതു ശൗചാലയം കഴിഞ്ഞ ദിവസം തുറന്നു. കെട്ടിടത്തിന്റെ പ്രവർത്തന നടത്തിപ്പ് പഞ്ചായത്ത്‌ ഓഫീസിൽ നടത്തുന്ന ലേലത്തിൽ കൈമാറി നൽകും.

വൈകുന്നേരം നടന്ന യോഗത്തിൽ പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യ ൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവഹിച്ചു. വിശ്രമമുറികളും നാല് ശുചി മുറികളും ലഘു ഭക്ഷണ ശാലയും ഉൾപ്പടെ ആണ് കെട്ടിടത്തിലുള്ളത്.

കുളിക്കടവിന് അടുത്ത് പൊതു ശൗചാലയം വേണമെന്നത് ശബരിമല സീസണിൽ ഉയരുന്ന നിരന്തര ആവശ്യമായിരുന്നു. ഓരോ സീസണിലും നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് ഇവിടെ കുളിക്കാൻ എത്തുന്നത്. എന്നാൽ പ്രാഥമിക കൃത്യങ്ങൾക്ക് സൗകര്യങ്ങൾ ഇല്ലാത്തത് ദുരിതമായിരുന്നു. സ്ത്രീകൾ ഉൾപ്പടെ അയ്യപ്പഭക്തർ പലരും നാട്ടുകാരുടെ വീടുകളെ ആണ് ആശ്രയിച്ചിരുന്നത്.

ഇതിന് പരിഹാരം നടപ്പിലാക്കിയ പഞ്ചായത്ത്‌ കമ്മറ്റിയെ എം.എൽ.എ യോഗത്തിൽ അഭിനന്ദിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി. ഐ അജി, വാർഡ് അംഗം മാത്യു ജോസഫ്, പഞ്ചായത്ത്‌ അംഗങ്ങളായ തങ്കമ്മ ജോർജ്കുട്ടി, ജിജിമോൾ സജി, മറിയാമ്മ മാത്തുക്കുട്ടി, ജെസ്‌ന നജീബ്, സനിലാ രാജൻ, എം. എസ് സതീശ് തുടങ്ങിയവർ പങ്കെടുത്തു.

കെട്ടിടത്തിൽ കുഴൽ കിണർ, റൂഫിങ് നിർമാണം എന്നിവയ്ക്ക് എട്ട് ലക്ഷം രൂപയുടെ പദ്ധതി ഇതിന്റെ തുടർ പദ്ധതിയായി തയ്യാറാക്കിയിട്ടുണ്ടന്ന് വാർഡ് അംഗം മാത്യു ജോസഫ് അറിയിച്ചു. കുഴൽ കിണർ ആകുന്നത് വരെ പമ്പാ നദിയിൽ നിന്നും വെള്ളം പമ്പ് ചെയ്തെടുക്കാനാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്.

error: Content is protected !!