നിയന്ത്രണംവിട്ട തീർത്ഥാടക മിനി ബസ് ഇടിച്ച് ശബരിമല തീര്‍ഥാടകന് ദാരുണാന്ത്യം.
പമ്പാവാലി: ഇറക്കത്തില്‍ നിയന്ത്രണംവിട്ട മിനി ബസ് ഇടിച്ച് റോഡരികില്‍ നിന്ന തീര്‍ഥാടകന്‍ തൽക്ഷണം മരിച്ചു. തമിഴ്നാട് സ്വദേശി ശിവദാസ് (65) ആണ് മരിച്ചത്. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
നിയന്ത്രണം വിട്ട് ഇറക്കത്തിലൂടെ പാഞ്ഞു വരുന്ന മിനി ബസ് കണ്ട് ആളുകൾ നിലവിളിയോടെ ഓടി മാറിയത് കൊണ്ട് വൻ അപകടം ഒഴിവായി. നിർത്തിയിട്ടിരുന്ന ഒരു മിനി ബസിലും ഇന്നോവ കാറിലും ഇടിച്ച ശേഷം മിനി ബസിന്റെ മുന്‍ഭാഗം താഴ്ചയിലേക്ക് കുത്തിനിൽക്കുകയായിരുന്നു.
ഞായറാഴ്ച വൈകുന്നേരം 4.10 ന് ശബരിമല പാതയിലെ തുലാപ്പള്ളി ആലപ്പാട്ട് കവലയിൽ ആണ് അപകടം. പരിക്കേറ്റ പത്ത് പേരെ എരുമേലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച മിനി ബസ് ആണ് അപകടത്തിൽ പെട്ടത്. ഇതര സംസ്ഥാന വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള സമാന്തര പാത വഴി എത്തിയതാണ് അപകടത്തിലേക്ക് എത്തിയത്. ഈ പാതയിൽ പോലിസ് ഡ്യൂട്ടി ഉണ്ടായിരുന്നില്ലന്ന് നാട്ടുകാർ പറഞ്ഞു. ചായ കുടിച്ച ശേഷം നിർത്തിയിട്ടിരുന്ന ബസിന്റെ അടുത്ത് നിൽക്കുമ്പോഴാണ് തീർത്ഥാടകന്റെ നേരെ മിനി ബസ് പാഞ്ഞെത്തി ശരീരത്തിലൂടെ കയറി ഇറങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു. മിനി ബസ് പാഞ്ഞു വരുന്നത് കണ്ട് ഈ തീർത്ഥാടകനോട് ഓടി മാറാൻ നാട്ടുകാർ വിളിച്ചു പറഞ്ഞിരുന്നെങ്കിലും പെട്ടന്ന് ഓടി മാറാൻ തീർത്ഥാടകന് കഴിഞ്ഞില്ല. അപ്പോഴേക്കും ബസ് എത്തിക്കഴിഞ്ഞിരുന്നു.
ഇന്നലെ അപകടമുണ്ടായ ആലപ്പാട്ട് കവലയിൽ രണ്ട് ദിവസം മുമ്പ് ഒരു ബസ് ഇറക്കത്തിലൂടെ നിയന്ത്രണം തെറ്റി താഴെ പ്രധാന റോഡിലേക്ക് പാഞ്ഞെത്തിയിരുന്നു. അന്നും ആളുകൾ ഓടി മാറിയാണ് രക്ഷപെട്ടത്. ഡ്രൈവർ ബസ് വെട്ടിത്തിരിച്ച് റോഡിൽ നിർത്തി ആണ് അന്ന് അപകടം ഒഴിവാക്കിയത്.
