റോഡിൽ മെറ്റൽ നിരന്നത് മൂലം നാട്ടുകാർക്ക് ദുരിതയാത്ര.. അപകടങ്ങൾ പതിവ് .. നാട്ടുകാർ പ്രതിഷേധത്തിൽ..

പൊൻകുന്നം: താന്നിമൂട്-ആനക്കയം- തമ്പലക്കാട് റോഡിന്റെ അറ്റകുറ്റപ്പണിക്കായി നിരത്തിയ മെറ്റൽ റോഡിൽ പരന്നത് മൂലം അപകടങ്ങൾ പതിവാകുന്നു. ദേശീയപാതയിൽ താന്നിമൂട് വളവിൽ നിന്ന് ഈ റോഡിലേയ്ക്ക് പ്രവേശിക്കുന്ന 50മീറ്ററോളം ഭാഗത്തെ കുഴികളിൽ ടാറിംഗിനായി ഇട്ട മെറ്റലുകളാണ് റോഡിൽ നിരന്നിരിക്കുന്നത്. രണ്ടാഴ്ച മുൻപാണ് റോഡിന്റെ അറ്റകുറ്റപണികൾ ആരംഭിച്ചത്. അന്നാണ് ഇവിടുത്തെ കുഴികളിലും മെറ്റൽ ഇട്ടത്.

റോഡിന്റെ മറ്റ് ഭാഗത്തെ അറ്റകുറ്റപ്പണികൾ പൂർത്തിയായെങ്കിലും ഈ ഭാഗം മാത്രം കരാറുകാർ ചെയ്തിരുന്നില്ല.ഭാരവാഹനങ്ങൾ ഉൾപ്പെടെ കടന്ന് പോയതോടെ കുഴിയിലെ മെറ്റൽ റോഡിലേയ്ക്ക് നിരന്ന് തുടങ്ങുകയായിരുന്നു.
ഇരു ചക്രവാഹനങ്ങൾക്കാണ് ഇത് കൂടുതൽ അപകടഭീഷണിയാകുന്നത്. നിരവധി പേരാണ് ഇവിടെ അപകടത്തിൽ പെടുന്നത്. മെറ്റലിൽ കയറി ഇരു ചക്രവാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതാണ് അപകട കാരണം. കഴിഞ്ഞ ദിവസം പ്രദേശവാസിയായ യുവാവ് ഇത്തരത്തിൽ അപകടത്തിൽ പെട്ട് കൈയ്ക്കും കാലിനുൾപ്പെടെ സാരമായി പരിക്കേറ്റിരുന്നു.

ചിറക്കടവ് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ ഉൾപ്പെട്ട ഈ റോഡ് വളരെ നാളുകളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുകയായിരുന്നു. ഏറെ നാളത്തെ പ്രതിഷേധങ്ങൾക്ക് ശേഷമാണ് ഇവിടെ അറ്റകുറ്റപ്പണികൾ പോലും നടന്നത്. റോഡിന്റെ മറ്റു ഭാഗങ്ങളിലെ അറ്റകുറ്റപ്പണികൾ തീർന്നിട്ടും ഈ ഭാഗത്തെ മാത്രം കുഴികൾ അടക്കാതെ നാട്ടുകാർക്ക് ദുരിത യാത്ര ഉണ്ടാക്കുന്നതിൽ പ്രതിഷേധം ശക്തമാവുകയാണ്.

error: Content is protected !!