KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ശബരിമല കാനനപാതയിൽ വൻ തിരക്ക് : രാത്രി വനത്തിൽ കുടുങ്ങിക്കിടന്ന നാല് പേരെ രക്ഷപെടുത്തി

കണമല : മകരജ്യോതി ദർശനത്തിന് 6 ദിവസം ബാക്കിനിൽക്കെ സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും ശരണവഴികളിലും തീർഥാടകർ നിറഞ്ഞു. എല്ലാ വഴികളും തിങ്ങിനിറഞ്ഞാണു തീർഥാടകർ നീങ്ങുന്നത്. 90,000 തീർഥാടകർ ഒരു ദിവസം ദർശനം നടത്തുന്നുണ്ട്
പരമ്പരാഗത കാനനപാതയിലൂടെയുള്ള തീർഥാടക പ്രവാഹം സർവകാല റെക്കോർഡിലേക്ക്. ചൊവ്വാഴ്ച വൻ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് കൂടിയതോടെ സത്രം പുൽമേടു വഴി ഉള്ള തീർത്ഥാടക സഞ്ചാര സമയത്തിൽ മാറ്റം വരുത്തിയെന്ന് വനം വകുപ്പ് അറിയിച്ചു.

രാവിലെ ഏഴ് മുതൽ ഉച്ചക്ക് 12 മണി വരെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇതിനിടെ രാത്രിയിൽ കാനനപാതയിൽ ഉരക്കുഴിയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ കുടുങ്ങിക്കിടന്ന തമിഴ്നാട് സ്വദേശികളായ നാല് അയ്യപ്പഭക്തരെ സുരക്ഷിതമായി സന്നിധാനം ആശുപത്രിയിൽ എത്തിച്ചു. ചെന്നൈ സ്വദേശികളായ ലീലാവതി, ആന്റണി, പെരിയസ്വാമി മധുരൈ സ്വദേശി ലിംഗം എന്നിവരാണ് ശാരീരിക ബുദ്ധിമുട്ടുകൾ കാരണം രാത്രിയിൽ കാനനപാതയിൽ കുടുങ്ങിയത്. രാത്രി 11 മണിയോടെ സ്ട്രറ്റ്ചർ സർവീസ് ടീം ഇവരെ സുരക്ഷിതമായി സന്നിധാനം ആശുപത്രിയിൽ എത്തിച്ച് ചികിൽസ ലഭ്യമാക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ അറിയിപ്പിനെത്തുടർന്നാണ് എട്ട് മണിക്ക് സന്നിധാനത്തു നിന്ന് ഫയർ ആൻ്റ് റെസ്ക്യൂ, ദേശീയ ദുരന്ത നിവാരണ സേന, ദേവസ്വം ബോർഡ് ജീവനക്കാർ അടങ്ങിയ സ്ട്രച്ചർ സർവ്വീസ് ടീം രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ടത്.

തമിഴ്നാട്ടിൽ നിന്നും എത്തിയ സംഘത്തോടൊപ്പം ഉണ്ടായിരുന്ന നാല് പേരും ശാരീരിക അവശതകളെ തുടർന്ന് വനത്തിനുള്ളിൽ കുടുങ്ങുകയായിരുന്നു. പാണ്ടിത്താവളത്തെ വനം വകുപ്പിന്റെ എയ്ഡ് പോസ്റ്റിൽ എത്തി മറ്റ് സംഘാംഗങ്ങൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് നാലു പേരെയും കണ്ടെത്തിയത്.

തീർത്ഥാടനം സജീവമായിരുന്ന വർഷങ്ങളെ അപേക്ഷിച്ച് അതിൻ്റെ ഇരട്ടി തീർത്ഥാടകർ ഇപ്പോൾ തന്നെ കാനന പാതയിലൂടെ കടന്നുപോയി എന്നാണ് കണക്കാക്കുന്നത്. ദിവസം 20,000 മുതൽ 25,000 പേർ വരെ കടന്നുപോകുന്നു. ഓരോ ദിവസവും തീർഥാടകരുടെ എണ്ണം ഉയരുകയാണ്. കോയിക്കക്കാവിലെ സമയ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചെങ്കിലും അഴുതക്കടവിൽ സമയ നിയന്ത്രണം തുടരുകയാണ്. ഇതുമൂലം വലിയ ഭക്തജനത്തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ആയിരത്തിലധികം പേർ ഇപ്പോൾ അഴുതക്കടവിലും കാളകെട്ടി ക്ഷേത്രത്തിനും വിരിവയ്ക്കുന്നുണ്ട്.

വരും വർഷങ്ങളിൽ കാനനപാതയിൽ വിരിവയ്ക്കുന്നതിനും തീർഥാടകർക്ക് പ്രാഥമിക സൗകര്യങ്ങൾ സജ്ജമാക്കുന്നതിനും കൂടുതൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഒരുക്കലും പ്രതീക്ഷിക്കാത്ത വിധമാണ് പരമ്പരാഗത കാനന പാതയിലൂടെയുള്ള തീർത്ഥാടകരുടെ പ്രവാഹം. വനം വകുപ്പിന്റെ നേതൃത്വത്തിൽ കാനന പാതയിൽ നടന്നു പോകുന്ന തീർഥാടകർക്ക് പരമാവധി സൗകര്യം ഒരുക്കാൻ ശ്രമിക്കുന്നതായി എരുമേലി റേഞ്ച് ഓഫീസർ ഹരിലാൽ അറിയിച്ചു.

ശനിയാഴ്ച നടക്കുന്ന എരുമേലി പേട്ടതുള്ളലിനുള്ള അമ്പലപ്പുഴ സംഘം രണ്ടാം ദിവസത്തെ യാത്ര ഇന്നു രാവിലെ 7ന് തകഴി ക്ഷേത്രത്തിൽനിന്ന് ആരംഭിച്ചു. എടത്വ, നെടുമ്പ്രം, പൊടിയാടി, തിരുവല്ല, കുന്നന്താനം വഴി കവിയൂർ ക്ഷേത്രത്തിൽ എത്തി തങ്ങും. പേട്ട തുള്ളലിൽ പങ്കെടുക്കാനുള്ള ആലങ്ങാട് സംഘത്തിന്റെ 6-ാം ദിവസത്തെ രഥയാത്ര കൂത്താട്ടുകളം മഹാദേവ ക്ഷേത്രത്തിൽനിന്ന് രാവിലെ ആരംഭിച്ചു. താമരക്കാട്, അമനകര, കുറിച്ചിത്താനം വഴി വൈകിട്ട് രാമപുരം ശ്രീരാമ ക്ഷേത്രത്തിൽ എത്തി തങ്ങും.

error: Content is protected !!