പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ തിരുനാളും, കുരിശടി വെഞ്ചിരിപ്പും
പൊടിമറ്റം: പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും സംയുക്ത തിരുനാൾ ജനുവരി 10, 11,12 തീയതികളില്‍ നടത്തപ്പെടുന്നു. തിരുനാളിനോടനുബന്ധിച്ച് പൊടിമറ്റം-ആനക്കല്ല് റോഡിനു സമീപം പണിതീര്‍ത്തിരിക്കുന്ന പുതിയ കുരിശടിയുടെ വെഞ്ചിരിപ്പും ഇടവക ദിനാഘോഷവും നടക്കും.
10-ാം തീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 4.30ന് വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം തിരുനാള്‍ കൊടിയേറ്റും. തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് പൊടിമറ്റം മേരിമാതാ മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ കാര്‍മ്മികത്വം വഹിക്കും.
11-ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഇടവകയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ കഴുന്നുപ്രദിക്ഷണം. 4.15ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഗ്രേസ്മൗണ്ട് ഗ്രേസ് മാതാ പള്ളി വികാരി ഫാ. വര്‍ഗീസ് പാറയ്ക്കല്‍ മുഖ്യകാര്‍മ്മികനാകും. 6.15ന് കെ.കെ.റോഡിലൂടെയും തുടര്‍ന്ന് പൊടിമറ്റം-ആനക്കല്ല് റോഡിലൂടെയുമായി ഭക്തിസാന്ദ്രമായ വിശ്വാസപ്രഖ്യാപന പ്രദക്ഷിണം. പുതിയ കുരിശടിയുടെ വെഞ്ചിരിപ്പ് കാഞ്ഞിരപ്പള്ളി രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ നിർവഹിക്കുന്നതും തിരുനാള്‍ സന്ദേശം നൽകുന്നതുമാണ്. പൊടിമറ്റം സെന്റ് ജോസഫ് പള്ളിവികാരി ഫാ. സജി പൂവത്തുംകാട് ലദീഞ്ഞ് അര്‍പ്പിക്കും.
12-ാം തീയതി ഞായര്‍ ഉച്ചകഴിഞ്ഞ് 2.15ന് വിവിധ കൂട്ടായ്മകളുടെ കഴുന്നു പ്രദക്ഷിണം ആരംഭിച്ച് 3.45ന് സെന്റ് മേരീസ് പള്ളിയിലെത്തും. 4.30ന് പുഞ്ചവയല്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിവികാരി ഫാ. മാത്യു പുത്തന്‍പറമ്പില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന അര്‍പ്പിക്കും. പ്രദിക്ഷണത്തിനു ശേഷം നടക്കുന്ന ഇടവക ദിനാഘോഷത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് കലാസന്ധ്യയും നടത്തപ്പെടും.
വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, അസി.വികാരി ഫാ. സില്‍വാനോസ് വടക്കേമംഗലം, കൈക്കാരന്മാരായ റെജി കിഴക്കേത്തലയ്ക്കല്‍, സാജു പടന്നമാക്കല്‍, രാജു വെട്ടിക്കല്‍, കണ്‍വിനര്‍ സെബാസ്റ്റ്യന്‍ കൊല്ലക്കൊമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കും.