മത മൈത്രിയുടെയും സഹോദര്യത്തിന്റെയും മാതൃകയായി എരുമേലി പേട്ടതുള്ളൽ.
എരുമേലി∙: എരുമേലിയിൽ ഭഗവത് സാന്നിധ്യമായ കൃഷ്ണപ്പരുന്തിനെയും പകൽനക്ഷത്രത്തെയും സാക്ഷിയാക്കി അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളുടെ പേട്ട തുള്ളൽ ശരണസ്തുതികളുടെ മാറ്റൊലിയിൽ ഭക്തിസാന്ദ്രമായി. ഒപ്പം കാലങ്ങളായുള്ള മതമൈത്രിയുടെ സ്നേഹം തുളുമ്പുന്ന ആചാരപ്പെരുമയുടെ കാഴ്ചയുമായി.
ഭഗവാന്റെ തിടമ്പേറ്റി മുസ്ലിം പള്ളിയെ വലം ചുറ്റിയ ഗജവീരനെ മുല്ലപ്പൂക്കൾ വാരി വിതറി ജമാഅത്ത് ഭാരവാഹികൾ ആദരവോടെ സ്വീകരിച്ചത് നാട് അഭിമാനത്തോടെ കണ്ടുനിന്നു. പേട്ടതുള്ളൽ സംഘം മസ്ജിദിൽ നിന്നിറങ്ങുമ്പോൾ ഉച്ച നമസ്കാരത്തിന്റെ ബാങ്കൊലികൾ മിനാരത്തിൽ നിന്നുയർന്നുകൊണ്ടിരുന്നു. ആയിരങ്ങളാണ് ഭക്തിയുടെയും വിശ്വാസത്തിന്റെയും മത സാഹോദര്യത്തിന്റെയും ഇഴയടുപ്പം നിറഞ്ഞ ഈ കാഴ്ചകൾ കാണാൻ പേട്ടക്കവലയിൽ തിങ്ങി നിറഞ്ഞത്.
ശനിയാഴ്ച രാവിലെ 11 ഓടെ ആണ് പേട്ടതുള്ളൽ ആരംഭിക്കാനുള്ള ചടങ്ങുകൾ തുടങ്ങിയത്. പേട്ടപ്പണം കെട്ടി പ്രായശ്ചിത്ത പൂജകൾക്ക് ശേഷം അമ്പലപ്പുഴ സംഘം ശരണം വിളികളുമായി നിൽക്കുമ്പോൾ ഉച്ചക്ക് 12 ന് കൊച്ചമ്പലത്തിനു മുകളിൽ കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നെത്തി. ആകാശത്തേക്ക് കൈകൾ ഉയർത്തി കൂപ്പിയ ആയിരങ്ങളുടെ ശരണാരവത്തോടെ പേട്ടതുള്ളൽ ആരംഭിക്കുകയായിരുന്നു. മൂന്ന് ഗജവീരൻമാരാണ് അമ്പലപ്പുഴ സംഘത്തിനൊപ്പം എഴുന്നള്ളത്തിന് ഉണ്ടായിരുന്നത്. തൃക്കടവൂർ ശിവരാജുവാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നെത്തിച്ച ഭഗവാന്റെ സ്വർണ തിടമ്പേറ്റിയത്. കൊച്ചമ്പലത്തിൽ നിന്ന് ആരംഭിച്ച് പേട്ടതുള്ളൽ നൈനാർ പള്ളിയിൽ പ്രവേശിച്ചതോടെ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ജമാഅത്ത് പ്രസിഡന്റ് നാസർ പനച്ചി, സെക്രട്ടറി മിഥുലാജ് പുത്തൻവീട് എന്നിവരുടെ നേതൃത്വത്തിൽ ജമാഅത്ത് ഭാരവാഹികൾ അമ്പലപ്പുഴ സംഘത്തെ ചന്ദന ലേപനം ചാർത്തിയും പുഷ്പവൃഷ്ടി നടത്തിയും ഹരിത ഷാളുകൾ അണിയിച്ചും മാലയിട്ടും സ്വീകരിച്ചു.
വാവരുടെ പ്രതിനിധി ആസാദ് താഴത്തുവീട്ടിൽ അമ്പലപ്പുഴ സമൂഹ പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ളയുടെ കൈപിടിച്ച് ആനയിച്ചു. പള്ളിയിൽ പ്രദക്ഷിണം വച്ച് നേർച്ച അർപ്പിച്ച ശേഷം പേട്ടസംഘം പേട്ടക്കവലയിൽ നിന്ന് പുറപ്പെട്ടു. പേട്ടക്കവലയിൽ സബ് കളക്ടർ ഡി രഞ്ജിത്ത്, ഡെപ്യൂട്ടി കളക്ടർ ഉഷാ ബിന്ദുമോൾ, തഹസീൽദാർ എം കെ ജോസുകുട്ടി എന്നിവർ ജില്ലാ ഭരണകൂടത്തെ പ്രതിനിധീകരിച്ച് സ്വീകരണം നൽകി. തുടർന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, വിവിധ ഹൈന്ദവ സംഘടന ഭാരവാഹികൾ തുടങ്ങിയവർ സംഘത്തിനൊപ്പം ചേർന്നു. പാണ്ടിമേളവും പഞ്ചാരിമേളവും നാഗസ്വരവുമൊക്കെയായി പച്ചിലത്തപ്പുകൾ ഇളക്കി രൗദ്ര ഭാവത്തോടെ തുള്ളിയ സംഘം തിങ്ങി നിറഞ്ഞ ഭക്തർക്കിടയിലൂടെ താളത്തിൽ പെട്ടു നീങ്ങി. പേട്ടക്കവല മുതൽ വലിയമ്പലം വരെ ഇരുവശവും വിവിധ സംഘടനകൾ പേട്ട സംഘത്തിനു സ്വീകരണം ഒരുക്കിയിരുന്നു. പഞ്ചായത്ത് ഓഫിസ് പടിക്കൽ പ്രസിഡന്റ് മറിയാമ്മ സണ്ണിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ഉച്ചക്ക് ശേഷം മൂന്നുമണിയോടെ ആലങ്ങാട്ടു സംഘത്തിന്റെ പേട്ടയ്ക്ക് തുടക്കമായി. കൊച്ചമ്പലത്തിൽ നിന്ന് ചാർത്തി പൂജിച്ച് നൽകിയ ഗോളകയുമായി യോഗ പെരിയോൻ എം.കെ. വിജയകുമാറിന്റെ നേതൃത്വത്തിലാണ് പേട്ടകെട്ട് ആരംഭിച്ചത്. ഗജവീരന്മാർ, ചെണ്ട, ഉടുക്ക്, ചിന്ത, നാഗസ്വരം, കാവടി, കൊടി, കോമരങ്ങൾ, വാദ്യഘോഷങ്ങൾ, കൊട്ടകാവടികൾ എന്നിവ പേട്ടയ്ക്കു കൊഴുപ്പേകി. ശുഭ്ര വസ്ത്രങ്ങൾ അണിഞ്ഞ് തോളിൽ ഉത്തരീയങ്ങളുമായി ഭസ്മം പൂശിയെത്തിയ സംഘം ശാന്തഭാവമണിഞ്ഞാണ് ലാസ്യ നർത്തനമായി പേട്ടതുള്ളൽ നിർവഹിച്ചത്. അമ്പലപ്പുഴ സംഘത്തിനൊപ്പം വാവരു സ്വാമി വലിയമ്പലത്തിലേക്കു പോയ വിശ്വാസത്തിൽ ആലങ്ങാട്ട് സംഘം നൈനാർ പള്ളിയിൽ കയറാതെ പുറത്തു നിന്ന് അഭിവാദ്യങ്ങൾ അർപ്പിച്ച് പേട്ടക്കവലയിൽ നിന്നും നേരെ വലിയമ്പലത്തിലേക്കു പേട്ട തുള്ളി പോകുകയായിരുന്നു.
ജമാഅത്ത് ഭാരവാഹികൾ പൂക്കൾ വിതറി പ്രത്യാഭിവാദ്യമർപ്പിച്ചു. അഴകേറെ നിറഞ്ഞ ആലങ്ങാട് സംഘത്തിന് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ലഭിച്ചു. 6.30ന് ആണ് ആലങ്ങാട് സംഘത്തിന്റെ പേട്ട ധർമ ക്ഷേത്രത്തിൻ്റെ ഗോപുരത്തിൽ എത്തിയത്. ദേവസ്വം ബോർഡ് ഭാരവാഹികൾ പ്രസിഡന്റ് പി എസ് പ്രശാന്ത്, ഡെപ്യൂട്ടി കമ്മീഷണർ എൻ ശ്രീധര ശർമ എന്നിവരുടെ നേതൃത്വത്തിൽ ആലങ്ങാട്ട് പേട്ടയെ ആചാരപൂർവം സ്വീകരിച്ചു. തുടർന്ന് ക്ഷേത്ര പ്രദക്ഷിണത്തിനു ശേഷം അയ്യപ്പസാന്നിധ്യമുള്ള ഗോളക ധർമശാസ്താവിനു ചാർത്തി ദീപാരാധനയോടെ പേട്ട ഉത്സവത്തിനു പരിസമാപ്തിയായി.