പൊടിമറ്റത്ത് പുതിയതായി നിർമ്മിച്ച കുരിശടിയുടെ വെഞ്ചിരിപ്പുകര്‍മ്മം നിര്‍വ്വഹിച്ചു.

പൊടിമറ്റം: വിശുദ്ധ ജീവിതങ്ങളെ മാതൃകകളാക്കി ജീവിത വിശുദ്ധി കൈവരിക്കുവാന്‍ സഭാമക്കള്‍ക്കാകണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ പൊടിമറ്റം-ആനക്കല്ല് റോഡിനോടു ചേര്‍ന്ന് സിഎംസി പ്രൊവിന്‍ഷ്യാള്‍ ഹൗസിനു സമീപം പണിപൂര്‍ത്തിയായ കുരിശടിയുടെ വെഞ്ചിരിപ്പുകര്‍മ്മം നിര്‍വ്വഹിച്ചും തിരുനാള്‍ സന്ദേശം നല്‍കിയും സംസാരിക്കുകയായിരുന്നു മാര്‍ അറയ്ക്കല്‍.

ക്രിസ്തുവിനുവേണ്ടി സാക്ഷ്യംവഹിച്ച് ജീവിതം സമര്‍പ്പിച്ച അനേകം വിശുദ്ധരുടെ കാലടികളെ പിന്തുടരുന്നതാണ് സഭയുടെ ചൈതന്യവും വളര്‍ച്ചയും നിലനില്പിന്റെ മുഖ്യകാരണവും. പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥതയിലൂടെ നമ്മുടെ കുടുംബങ്ങളില്‍ ഏറെ അനുഗ്രഹങ്ങള്‍ വര്‍ഷിക്കപ്പെടുന്നു. ഭൗതിക ചടങ്ങുകളിലൊതുങ്ങാതെ ആത്മീയ ഉണര്‍വ്വിലും ജീവിത വിശുദ്ധിയിലും മുന്നേറുവാനും ദൈവിക ദാനമായ ജീവിതത്തെ ക്രമപ്പെടുത്തുവാനും തിരുനാളാഘോഷങ്ങള്‍ക്കാകണമെന്നും മാര്‍ മാത്യു അറയ്ക്കല്‍ സൂചിപ്പിച്ചു.

ഫാ. വര്‍ഗീസ് പാറയ്ക്കല്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് കെ.കെ.റോഡിലൂടെ പുതിയ കുരിശടിയിലേയ്ക്കുള്ള ഭക്തിസാന്ദ്രവും പ്രൗഡവുമായ തിരുനാള്‍ പ്രദക്ഷിണത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കുചേര്‍ന്നു. ലദീഞ്ഞ് ശുശ്രൂഷകള്‍ക്ക് ഫാ.സജി പൂവത്തുംകാട് നേതൃത്വം നല്‍കി.

ഞായറാഴ്ച (12.01.2025) കൂട്ടായ്മകളില്‍ നിന്നുള്ള കഴുന്നുപ്രദക്ഷിണവും തുടര്‍ന്ന് 4.30ന് ഫാ. മാത്യു പുത്തന്‍പറമ്പിലിന്റെ കാര്‍മ്മികത്വത്തില്‍ തിരുനാള്‍ കുര്‍ബാനയെതുടര്‍ന്ന് സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ ചേരുന്ന ഇടവക ദിനാഘോഷവും മിശിഹാവര്‍ഷം 2025 ജൂബിലി വര്‍ഷാചരണം ഇടവകതല ഉദ്ഘാടനവും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നിര്‍വ്വഹിക്കും.

error: Content is protected !!