തീർത്ഥാടക തിരക്കിൽ കുരുങ്ങി പമ്പാവാലി കാനനപാത

കണമല : ഇതുവരെയില്ലാത്ത വിധം വൻ തിരക്കിൽ തിങ്കളാഴ്ച കാളകെട്ടി, അഴുത കാനനപാത. തിങ്കളാഴ്ച മാത്രം ഒരു ലക്ഷത്തിൽ അധികം പേർ ഇതുവഴി കടന്നുപോയെന്ന് വന സംരക്ഷണ സമിതി ചെയർമാനും എരുമേലി പഞ്ചായത്ത്‌ അംഗവുമായ എം എസ് സതീശ് പറഞ്ഞു. ചൊവ്വാഴ്ച കൂടി മാത്രമേ കാനനപാതയിൽ യാത്ര അനുവദിക്കുകയുള്ളു. അന്ന് പാത പൂർണമായും അടയ്ക്കുമെന്നും ഇനി അടുത്ത സീസണിൽ ആണ് തുറക്കുകയെന്നും വനം വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഇന്നലെ വൻ തിരക്കാണ് പാതയിൽ അനുഭവപ്പെട്ടത്. ഇടമുറിയാതെ പാത നിറഞ്ഞ നിലയിൽ ആണ് ഇന്നലെ മുഴുവൻ സമയവും തീർത്ഥാടകർ കടന്നുപോയത്. തിങ്ങിക്കൂടിയുള്ള വൻ തിരക്കിൽ തീർത്ഥാടകർ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. പാതയിൽ മഴ പെയ്തത് മൂലമുള്ള ചെളിയിൽ തീർത്ഥാടക സഞ്ചാരം വൻ തിരക്കിലേക്ക് മാറിയതോടെ ചെളിയിൽ പുതഞ്ഞ നിലയിൽ വഴുക്കലായി അപകട സാധ്യത ശക്തമായിരുന്നു. തിക്കിലും തിരക്കിലും തീർത്ഥാടകരിൽ ചിലർ പാതയിലെ ചെളിയിൽ വീഴുകയും ചെയ്തു.

ഇതാദ്യമായാണ് ഇത്രയധികം തിരക്ക് പാതയിൽ അനുഭവപ്പെടുന്നതെന്ന് വനപാലകർ പറഞ്ഞു. അതേസമയം വന സംരക്ഷണ സമിതി പുറത്തു വിട്ട ഇന്നലത്തെ തീർത്ഥാടക തിരക്കിന്റെ കണക്കിനോട് വനം വകുപ്പ് യോജിക്കുന്നില്ല. തിരക്ക് മൂലം മുഴുവൻ തീർത്ഥാടകരുടെ എണ്ണം കൃത്യമായി കണക്കാക്കാൻ സാധിച്ചിട്ടില്ല ല്ലന്നും ഒരു ലക്ഷം പേർ ഇന്നലെ കടന്നുപോയെന്നത് കൃത്യമായ കണക്കല്ലന്നുമാണ് വനം വകുപ്പ് പറയുന്നത്. എന്നാൽ കണക്ക് കുറച്ചു കാട്ടി കാനനപാതയിലെ തീർത്ഥാടനയാത്രയുടെ പ്രാധാന്യം കുറയ്ക്കാനുള്ള ശ്രമം ആണ് വനം വകുപ്പ് നടത്തുന്നതെന്ന് വന സംരക്ഷണ സമിതി പ്രവർത്തകർ ആരോപിക്കുന്നു.

error: Content is protected !!