KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മലയാളിയുടെ സത്യസന്ധതയിൽ അത്ഭുതപ്പെട്ട് തെലുങ്കാന സ്വദേശി.. ഓട്ടോയിൽ നഷ്ട്ടപെട്ട പണമടങ്ങിയ ബാഗ് കണ്ടെടുത്ത് തിരികെയേൽപ്പിച്ച ഷിജു കേരളത്തിന് അഭിമാനമായി ..

എരുമേലി : പേട്ടതുള്ളൽ തിരക്കിനിടയിൽ, വൈകുന്നേരം മഴയത്ത്, ഏതോ ഒരു ഓട്ടോയിൽ കയറിയപ്പോൾ പണം അടങ്ങിയ ബാഗ് വച്ചുമറന്നു എന്ന് മാത്രമാണ് തെലുങ്കാനയിൽ നിന്നും എത്തിയ തീർത്ഥാടകനായ സിദ്ധാർഥ് പറയുവാനുള്ളത്. ഓട്ടോയുടെ നമ്പറോ , ഡ്രൈവറുടെ പേരോ, മുഖമോ ഓർമ്മയിലില്ല .. പോയ പണം തിരികെ കിട്ടുമെന്ന് ഒരു പ്രതീക്ഷയും ഇല്ലായിരുന്നുവെങ്കിലും , പോലീസിൽ പരാതി നൽകുവാനായി സ്റ്റേഷനിൽ എത്തി, പരാതി എഴുതിക്കൊണ്ടിരുന്ന സമയത്ത്, സിദ്ധാർഥിനെ അമ്പരപ്പിച്ചുകൊണ്ട് , ഒരാൾ സ്റ്റേഷനിലേക്ക് കടന്നുവന്നു, കൈയിൽ സിദ്ധാർഥിന്റെ കാണാതെ പോയ ബാഗുമായി.. തന്റെ ഓട്ടോയിൽ കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് പോലീസിൽ ഏൽപ്പിക്കുവാൻ എത്തിയതാണ് . എല്ലാ മലയാളികൾക്കും അഭിമാനിക്കുവാൻ സാധിക്കുന്ന വിധത്തിൽ, ആ നന്മ പ്രവൃത്തി ചെയ്തയാളാണ് എരുമേലി ഇരുമ്പൂന്നിക്കര സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ ചിറയിൽ ഷിജു.

സ്വന്തം നാട്ടിൽ ഹൈദരാബാദിലെ നഗരത്തിരക്കിലായിരുന്നു തന്റെ പണമടങ്ങിയ ബാഗ് നഷ്‌ടപ്പെട്ടിരുന്നതെങ്കിൽ തിരിച്ചു കിട്ടിയാൽ ഭാഗ്യമെന്നേ പറയാൻ പറ്റൂ. എന്നാൽ എരുമേലിയിൽ പേട്ടതുള്ളൽ മൂലം വലിയ തിരക്കുണ്ടായിട്ടും നഷ്ടപ്പെട്ട ബാഗ് ഒന്നര മണിക്കൂറിനുള്ളിൽ തിരിച്ചെത്തിയത് ഈ നാടിന്റെ നന്മയാണെന്ന് പറയുന്നു ഹൈദരാബാദ് സ്വദേശിയും ശബരിമല തീർത്ഥാടകനുമായ സിദ്ധാർഥ്.

കഴിഞ്ഞ പേട്ടതുള്ളൽ ദിനത്തിൽ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം . എരുമേലി ഇരുമ്പൂന്നിക്കര സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ ചിറയിൽ ഷിജുവിന്റെ ഓട്ടോയിൽ ആണ് സിദ്ധാർഥ് ബാഗ് മറന്നുവെച്ചത്. കാനനപാത വഴി ശബരിമലയ്ക്ക് നടന്നു പോകാൻ കോയിക്കക്കാവിൽ എത്തിയതായിരുന്നു സിദ്ധാർഥ് ഉൾപ്പടെ ഹൈദരാബാദ് സ്വദേശികളായ അഞ്ച് തീർത്ഥാടകർ. കാനനപാതയിൽ പ്രവേശിക്കാനുള്ള അനുമതി സമയം കഴിഞ്ഞതിനാൽ ഇവർ എരുമേലിയിൽ നിന്നും ബസ് മാർഗം പമ്പയ്ക്ക് പോകാനായി തിരികെ നടന്നുവരുമ്പോൾ മഴ പെയ്തതോടെ യാത്ര പ്രയാസകരമായി. ഈ സമയം അതുവഴി വന്ന ഷിജുവിന്റെ ഓട്ടോറിക്ഷയിലാണ് സംഘം എരുമേലി കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് എത്തിയത്. പേട്ടതുള്ളൽ തിരക്കും ഗതാഗത നിയന്ത്രണവും മൂലം കെഎസ്ആർടിസി സ്റ്റാൻഡിൽ എത്താൻ ഏറെ സമയം വേണ്ടിവന്നു. സിദ്ധാർഥ് തന്റെ പണവും രേഖകളും അടങ്ങിയ ബാഗ് ആപ്പ ഓട്ടോയുടെ പുറകിൽ സാധനങ്ങൾ വെക്കുന്ന ഭാഗത്താണ് വെച്ചത്. സ്റ്റാൻഡിൽ ഓട്ടോയിൽ നിന്നിറങ്ങിയ സംഘം ബാഗ് എടുക്കാൻ മറന്നാണ് പമ്പയിലേക്ക് പോകാനുള്ള ബസ് തേടി പോയത്. മടങ്ങി പോയ ഷിജു അര മണിക്കൂർ കഴിഞ്ഞ് വീട്ടിലേക്ക് പച്ചക്കറി വാങ്ങി ഓട്ടോയുടെ പുറകിൽ വെച്ചപ്പോൾ ആണ് ബാഗ് കണ്ടത്. എന്താണ് ചെയ്യേണ്ടതെന്ന് ആലോചിച്ച ഷിജു പോലീസിൽ ഏല്പിക്കാമെന്ന തീരുമാനത്തിൽ വീട്ടിലേക്ക് പോകാതെ നേരെ സ്റ്റേഷനിൽ എത്തുമ്പോൾ ബാഗ് നഷ്ടപ്പെട്ട വിവരം സ്റ്റേഷനിൽ എത്തി ക്രൈം എസ് ഐ അബ്ദുൽ അസീസിനോട് അറിയിക്കുകയായിരുന്നു സിദ്ധാർഥ്. ബാഗുമായി ഷിജു ഓട്ടോയിൽ നിന്നിറങ്ങുന്നത് കണ്ട സിദ്ധാർഥ് സന്തോഷത്തോടെ ഷിജുവിനെ ചേർത്ത് പിടിച്ചു നന്ദി പറഞ്ഞു. സാധനങ്ങൾ എല്ലാം ബാഗിൽ ഭദ്രമായുണ്ടായിരുന്നു. പരാതി എഴുതും മുമ്പെ കേസ് തീർന്ന സന്തോഷത്തിലായി പോലിസ്.

error: Content is protected !!